ഇന്ത്യയിലെ ആദ്യ 300 CC ഫ്ലെക്സ് ഇന്ധന ബൈക്ക് ‘CB 300F ഫ്ലെക്സ് ഫ്യുവല്‍’ പുറത്തിറക്കി ഹോണ്ട
October 21, 2024 0 By BizNewsCB 300 F-ന്റെ ഫ്ലെക്സ് ഇന്ധന മോഡലായ ഫ്ലെക്സ് ഫ്യുവല്‍ പുറത്തിറക്കി ഹോണ്ട. 85ശതമാനം എഥനോള്‍ ബ്ലെൻഡഡ് ഇന്ധനം (E85) ഉപയോഗിക്കാൻ സാധിക്കുന്ന എൻജിനാണ് ഈ മോഡലിലുള്ളത്.
ഈ വർഷം നടന്ന ഭാരത് മൊബിലിറ്റി എക്സ്പോയില്‍ ഫ്ലെക്സ് ടെക് പ്രദർശിപ്പിച്ചിരുന്നു. ഡിസൈനിന്റെ കാര്യത്തില്‍ നിലവില്‍ വിപണിയിലുള്ള CB 300 F-ന് സമാനമാണ് പുതിയ മോഡല്‍. വിലയിലും മാറ്റമില്ല. 1.70 ലക്ഷം രൂപയ്ക്ക് (എക്സ് ഷോറും, ഡല്‍ഹി) ഫ്ലെക്സ് മോഡല്‍ ലഭിക്കും.
രണ്ടു മോഡലുകളേയും വേർതിരിച്ചറിയാവുന്ന കാര്യമായ വ്യത്യാസങ്ങള്‍ ഒന്നും തന്നെയില്ല. ഒരേ ഡിസൈനും ഫീച്ചറുകളുമാണ് ഇരു മോഡലുകള്‍ക്കും ഉള്ളത്. ലഭിക്കുന്ന നിറങ്ങളിലും ഫ്ലെക്സ് മോഡലിന്റെ ഡിസ്പ്ലെയിലും മാത്രമാണ് ചെറിയ വ്യത്യാസം. ഗ്രേ, റെഡ്, ബ്ലൂ നിറങ്ങളിലാണ് സ്റ്റാൻഡേർഡ് CB 300 F ലഭിക്കുന്നത്.
എന്നാല്‍ ഫ്ലെക്സ് മോഡല്‍ നീല നിറത്തില്‍ ലഭിക്കില്ല. ഇന്ധനത്തില്‍ എഥനോളിന്റെ അളവ് 85 ശതമാനത്തിലും കൂടുതലായാല്‍ റൈഡർക്ക് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം ഡിസ്പ്ലേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന്റെ ബുക്കിങ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഈ മാസം അവസാനം മുതല്‍ പുതിയ മോഡല്‍ ഡീലർഷിപ്പുകളില്‍ നിന്ന് ലഭ്യമാകും.
എന്താണ് ഫ്ളെക്സ് ഫ്യുവല്‍ എൻജിൻ
ഒന്നിലധികം ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവർത്തിക്കുന്നവയാണ് ഫ്ലെക്സ് ഫ്യുവല്‍ വാഹനങ്ങള്‍. പൊതുവെ പെട്രോളിന്റെയും എഥനോളിന്റെയും മിശ്രിതമാണ് ഫ്ലെക്സ് ഫ്യുവലായി ഉപയോഗിക്കാറുള്ളത്.
ഇത്തരം എഥനോള്‍ ബ്ലെൻഡഡ് ഇന്ധനത്തില്‍ 85 ശതമാനം എഥനോളും 15ശതമാനം പെട്രോളുമാണ്. ഇത് E85 എന്ന പേരിലും അറിയപ്പെടുന്നു. കൂടാതെ 100 ശതമാനം ശുദ്ധമായ എഥനോളും (E100) ഉപയോഗിക്കാറുണ്ട്.
പെട്രോളില്‍ പ്രവർത്തിക്കുന്ന എൻജിനുകളെക്കാള്‍ എമിഷൻ കുറവാണെന്നതാണ് ഫ്ളെക്സ് ഫ്യുവല്‍ എൻജിനുകളുടെ പ്രത്യേകത. ഈ എൻജിനിലെ സുപ്രധാന ഘടകമായ എഥനോള്‍ പുറപ്പെടുവിക്കുന്ന കാർബണിന്റെ അളവ് കുറവാണെന്നതാണ് ഇതിന് കാരണം.
സാധാരണ ഇന്റേണല്‍ കംമ്ബസ്റ്റിൻ എൻജിനുകള്‍ തന്നെയാണ് രണ്ട് ഇന്ധനം ഉപയോഗിക്കാൻ സാധിക്കുന്ന രീതിയില്‍ മാറ്റുന്നത്.
ഈ വർഷം തുടക്കത്തില്‍ രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്, സുസുക്കി, യമഹ, ബജാജ് ഓട്ടോ, റോയല്‍ എൻഫീല്‍ഡ് എന്നീ കമ്ബനികളും ഫ്ലെക്സ് ഫ്യുവല്‍ വാഹന മോഡലുകള്‍ പ്രദർശിപ്പിച്ചിരുന്നു.