പണമൊഴുക്ക് ചൈനയിലേക്ക്; ഇന്ത്യക്ക് ക്ഷീണം
October 7, 2024സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ചൈന പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത് ഇന്ത്യൻ ഓഹരി വിപണിക്ക് ക്ഷീണമായി. ഇന്ത്യയിൽനിന്ന് ഉൾപ്പെടെ പിൻവലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ചൈനീസ് ഓഹരി വിപണിയിലേക്ക് കൂട്ടത്തോടെ പണമൊഴുക്കുന്നു. ഒരാഴ്ചക്കിടെ, ചൈനയിലെ ഓഹരി സൂചിക 25 ശതമാനമാണ് ഉയർന്നത്. ഇൗ കാലയളവിൽ ഇന്ത്യൻ വിപണി കൂപ്പുകുത്തുകയും ചെയ്തു.
16 ലക്ഷം കോടി രൂപയാണ് അഞ്ചു ദിവസത്തിനിടെ ഇന്ത്യയിൽ നിക്ഷേപകർക്ക് നഷ്ടം. 25000 കോടി രൂപ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ മാത്രം ഇന്ത്യൻ വിപണിയിൽനിന്ന് പിൻവലിച്ചു. അഞ്ചു ദിവസത്തിനിടെ പിൻവലിച്ചത് 41,720 കോടി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ശക്തമായ വാങ്ങൽ നടത്തിയില്ലായിരുന്നെങ്കിൽ പതനം ഭീകരമായേനെ.
കുറേ കാലമായി കാര്യമായ മുന്നേറ്റമുണ്ടാകാതിരുന്ന ചൈനയിൽ നല്ല അവസരവും ആകർഷകമായ മൂല്യവുമാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കാണുന്നത്. മാസങ്ങളായി കുതിപ്പ് തുടരുന്ന ഇന്ത്യൻ വിപണി അമിത മൂല്യത്തിലുമാണ്. വളർന്നുവരുന്ന സമ്പദ് വ്യവസ്ഥയെന്ന നിലയിൽ ഇന്ത്യൻ വിപണിയെ പൂർണമായി തള്ളാൻ വിദേശ നിക്ഷേപകർക്ക് കഴിയില്ല. ഒറ്റ വിപണിയെ അമിതമായി ആശ്രയിക്കുന്നത് അവരുടെ രീതിയുമല്ല. ഒരു മാസത്തിനകം 50 ശതമാനം ഉയർന്ന ചൈനീസ് വിപണി അമിത മൂല്യത്തിലെത്തിയെന്ന് തോന്നുന്ന ഘട്ടത്തിൽ വിദേശ നിക്ഷേപകർ തിരിച്ചുവരും. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും ഇടിവിന് ആക്കം കൂട്ടി. ഇന്ധന വില വർധന വിപണിക്ക് ശുഭകരമല്ല. ഇറാനും ഇസ്രായേലും നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങിയാൽ വിപണി ഇനിയും താഴേക്ക് പോകും. അതുണ്ടായില്ലെങ്കിൽ അടുത്തയാഴ്ച ശക്തമായ തിരിച്ചുവരവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ദീർഘകാല നിക്ഷേപകർ ഇടിവിനെ നല്ല ഓഹരികൾ കുറഞ്ഞ വിലയിൽ വാങ്ങാനുള്ള അവസരമായി കാണണം. ഹ്രസ്വകാല നിക്ഷേപകർ അനുയോജ്യമായ അവസരങ്ങളിൽ ലാഭമെടുക്കലിനും മടിക്കേണ്ടതില്ല. കാരണം ഉയരങ്ങളിലേക്ക് മാത്രം പോകുന്ന ബുൾ മാർക്കറ്റ് അല്ല ഇപ്പോൾ. നല്ല ഓഹരികൾ തന്നെ കയറിയിറങ്ങി മൊത്തത്തിൽ നിൽക്കുന്നിടത്തു തന്നെ നിൽക്കുകയാണ്. ഓരോ ഉയർച്ചയിലും ലാഭമെടുത്ത് താഴെ കുറഞ്ഞ വിലയിൽ വാങ്ങുന്നത് മോശമല്ലാത്ത തന്ത്രമാണ്.
എല്ലാ ദിവസവും ട്രേഡ് ചെയ്യണമെന്നുമില്ല. ഹ്രസ്വകാല നിക്ഷേപകർ മാർക്കറ്റിന്റെ സ്ഥിതി നിരീക്ഷിച്ച് പുറത്തിരിക്കേണ്ട ഘട്ടങ്ങളിൽ അങ്ങനെ ചെയ്യണം. മ്യൂച്വൽ ഫണ്ടുകൾ രണ്ടുലക്ഷം കോടി പുറത്ത് പണമായി സൂക്ഷിച്ച് നല്ല അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന റിപ്പോർട്ടിൽ റീട്ടെയിൽ നിക്ഷേപകർക്കും പാഠമുണ്ട്.
കമ്പനികൾ ഈ ആഴ്ച മുതൽ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ടുതുടങ്ങും. ഇനി വിപണിക്ക് ദിശ നൽകുക പാദഫലങ്ങളാണ്.