ബസ്മതി ഇതര അരിക്കുള്ള കയറ്റുമതി നിരോധനം നീക്കി കേന്ദ്രസർക്കാർ
September 28, 2024കൊൽക്കത്ത: ബസ്മതി ഇതര വെള്ള അരിക്കുള്ള കയറ്റുമതി നിരോധനം നീക്കി കേന്ദ്രസർക്കാർ. വെള്ളിയാഴ്ചയാണ് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച ഉത്തവിറക്കിയത്. അടിയന്തര പ്രാധാന്യത്തോടെ കേന്ദ്രസർക്കാർ നിരോധനം നീക്കുകയായിരുന്നു.
2023 ജുലൈയിലാണ് അരിക്ക് നിരോധനം ഏർപ്പെടുത്തിയത്. വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം പ്രഖ്യാപിച്ചത്. വിലകുറക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ എടുത്ത തീരുമാനം പിൻവലിക്കുന്നത് തങ്ങൾക്ക് ഗുണകരമാവുമെന്ന് അരി കയറ്റുമതിക്കാർ വ്യക്തമാക്കി.
അരി കയറ്റുമതി നിരോധനം പിൻവലിക്കാനുള്ള ശക്തമായ തീരുമാനമാണ് കേന്ദ്രസർക്കാർ എടുത്തതെന്നും ഇത് വലിയ മാറ്റമുണ്ടാക്കുമെന്നും റൈസ് വില്ല കമ്പനിയുടെ സി.ഇ.ഒ സൂരജ് അഗർവാൾ പറഞ്ഞു. ഇത് കയറ്റുമതിക്കാരുടെ വരുമാനം മാത്രമല്ല കൂട്ടുക. കർഷകരെ ശാക്തീകരിക്കുക കൂടി ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനൊപ്പം പുഴുങ്ങിയ അരിക്കുള്ള കയറ്റുമതി തീരുവയും കേന്ദ്രസർക്കാർ കുറച്ചിട്ടുണ്ട്. 20 ശതമാനത്തിൽ നിന്നും 10 ശതമാനമായാണ് തീരുവ കുറച്ചത്. കയറ്റുമതി നിരോധനം പിൻവലിച്ച കേന്ദ്രസർക്കാർ നടപടിയെ പ്രകീർത്തിച്ച് മറ്റൊരു കമ്പനിയായ ഹാൽദർ ഗ്രൂപ്പും അറിയിച്ചു.