‘ഗ്ലോബൽ, പ്രൊഫഷണൽ’: രാജ്യാന്തര വിപണിയിൽ സാന്നിധ്യമറിയിച്ച് കേരളത്തിന്റെ സ്വന്തം ഭക്ഷ്യോത്പന്ന ബ്രാൻഡുകൾ
September 28, 2024 0 By BizNewsആഭ്യന്തര വിപണിക്കപ്പുറം രാജ്യാന്തര വിപണികളും കീഴടക്കുകയെന്നതാവണം ഇന്ത്യൻ ബ്രാൻഡുകളുടെ ലക്ഷ്യമെന്ന പക്ഷക്കാരനാണ് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. നീതി ആയോഗ് മുൻ സിഇഒ അമിതാഭ് കാന്തിന്റെ വാക്കുകൾ കടമെടുത്താൽ 130 കോടി ജനങ്ങളുടെ ആഭ്യന്തര വിപണി മാത്രമല്ല, വരും നാളുകളിൽ ആഫ്രിക്കയിലും ഏഷ്യയിലും ലാറ്റിൻ അമേരിക്കയിലും മറ്റുമായി ദരിദ്ര വിഭാഗത്തിൽ നിന്ന് മധ്യവർത്തി വിഭാഗത്തിലേക്ക് വളരുന്ന 400-500 കോടി ജനങ്ങൾ ഉൾപ്പെടുന്ന ആഗോള വിപണിക്കായുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുക എന്നതാവണം ഇന്ത്യൻ സംരംഭകരുടെ ലക്‌ഷ്യം. ഇത്തരത്തിൽ നോക്കുമ്പോൾ, ആഭ്യന്തര വിപണിയിൽ തുടങ്ങി രാജ്യാന്തര തലത്തിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കുന്ന, കേരളത്തിൽ നിന്നുള്ള വിവിധ ഭക്ഷ്യോത്പന്ന ബ്രാൻഡുകളുടെ മുന്നേറ്റം ശ്രദ്ധേയമാണ്. അതിനവരെ സഹായിക്കുന്ന ഒരു പ്രധാന ഘടകമാകട്ടെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വേരുറപ്പിക്കുന്ന മലയാളി പ്രവാസി സമൂഹവും.
വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങളുടെയും ഭക്ഷണ സംസ്കാരങ്ങളുടെയും നാടാണ് കേരളം. ലോകത്തെ ഏറ്റവും വലുതും വേഗത്തിൽ വളരുന്നതുമായ ഇന്ത്യൻ ഭക്ഷ്യോത്പന്ന വിപണിയിലെ നൂതന ഉത്പന്നങ്ങളും വിതരണ മാതൃകകളും മറ്റും ലോഞ്ച് ചെയ്യപ്പെടുന്ന വിപണി കൂടിയാണ് കേരളം. ആഗോള തലത്തിൽ സുഗന്ധ വ്യഞ്ജനങ്ങളിൽ നിന്നുള്ള ഒലിയോറെസീനുകളുടെ ഏറ്റവും വലിയ ഉത്പാദകർ കേരളത്തിൽ നിന്നാണ്. സമുദ്രോത്പന്നങ്ങളുടെയും മസാലവിഭവങ്ങളുടെയും രാജ്യത്തെ മുൻനിര ബ്രാൻഡുകളിൽ പലതും കേരളത്തിൽ നിന്ന് തന്നെ. ജനസംഖ്യയിൽ മിഡിൽ ക്ലാസിന്റെ എണ്ണം കുതിച്ചുയരുന്നതും ഇന്ത്യൻ ഉപഭോക്താക്കളുടെ പർച്ചേസിംഗ് പവർ വർധിക്കുന്നതുമെല്ലാം രാജ്യത്തെ സംസ്കരിച്ച ഭക്ഷ്യ വിഭവ (പ്രോസസ്ഡ് ഫുഡ്) വിപണിയുടെ വളർച്ചയ്ക്ക് വലിയ കരുത്താവുകയാണ്. ഇത് കേരളത്തിന് മുന്നിൽ അവസരങ്ങളുടെ പുതിയ ലോകം തുറക്കുന്നു. വൈവിധ്യമാർന്ന ഒട്ടേറെ ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾക്കുള്ള സാധ്യത സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചക്കും തൊഴിലവസരങ്ങളുടെ കുതിപ്പിനും വഴിതെളിക്കുന്നുണ്ട്. വൻകിട ഉത്പാദകരും എംഎസ്എംഇ സെക്ടറും സർക്കാർ തലത്തിലും സ്വകാര്യ മേഖലയിലുമുള്ള വ്യവസായ പാർക്കുകളുമൊക്കെ ഇത്തരത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.
കറിപൗഡർ മുതൽ റെഡി ടു ഈറ്റ് വരെ
സുഗന്ധ വിളകളുടെ നാടായതുകൊണ്ട് തന്നെ മികച്ച കറി പൗഡർ ബ്രാൻഡുകൾ പലതും സംസ്ഥാനത്തുനിന്നുണ്ടായി. ഈസ്റ്റേൺ, ഡബിൾ ഹോഴ്സ്, മേളം, കിച്ചൺ ട്രെഷേഴ്സ്, സാറാസ്, നിറപറ തുടങ്ങി ഒട്ടേറെ ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിധ്യം കുറിച്ചു. ഗൾഫ് നാടുകളിലെ വിപണികളിലും ഈ ബ്രാൻഡുകൾ ചുവടുറപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. കറിപ്പൊടികളിൽ തുടങ്ങിയ പല ബ്രാൻഡുകളും പിന്നീട് ധാന്യപ്പൊടികൾ, അച്ചാറുകൾ തുടങ്ങിയ വിഭവങ്ങളിലൂടെ ഉത്പന്ന വൈവിധ്യവത്കരണം നടത്തി. അജ്മി പോലുള്ള പുതുതലമുറ ബ്രാൻഡുകൾ കടന്നുവന്നു. ഈസ്റ്റേണും ഡബിൾഹോഴ്‌സും മറ്റും ഗൾഫ് നാടുകളിലെ മുൻനിര ബ്രാൻഡുകളായി. മുൻനിര കമ്പനികളിൽ ചിലതിനെ നാഷണൽ, ഇന്റർനാഷണൽ ബ്രാൻഡുകൾ ഏറ്റെടുത്തു. ആഗോള തലത്തിൽ മുൻനിര നിക്ഷേപകർ ഈസ്റ്റേൺ പോലുള്ള കമ്പനികളിൽ നിക്ഷേപകരായി.
ആഭ്യന്തര രാജ്യാന്തര വിപണികളിൽ കേരള ബ്രാൻഡുകൾ മുന്നേറിയപ്പോൾ ഭക്ഷ്യോത്പന്ന മേഖല പലമാറ്റങ്ങൾക്കും വിധേയമായി. റെഡി ടു ഈറ്റ് വിഭവങ്ങൾ ഈ രംഗത്ത് പുതിയ ട്രെൻഡായി മാറി. പുതിയ ഒട്ടേറെ ഉത്പന്നങ്ങൾ വന്നു. ആഗോളതലത്തിൽ മലയാളി കുടിയേറ്റം ശക്തമായതോടെ മലയാളികൾ വ്യാപകമായി ചെന്നെത്തിയ രാജ്യങ്ങൾ മലയാളി ബ്രാൻഡുകൾക്ക് പൊട്ടൻഷ്യൽ വിപണികളായി മാറി. യുഎസ്, യൂറോപ്യൻ വിപണികളിലേക്കും കേരളം ബ്രാൻഡുകൾ ചെന്നെത്തി. പ്രവാസി മലയാളികളിൽ പലരും സംരംഭക രംഗത്തു ശ്രദ്ധയൂന്നി ഗ്രോസറി റീട്ടെയിൽ രംഗത്തേക്ക് കടന്നുവന്നു. യുകെയിലും യുഎസിലും ഓസ്‌ട്രേലിയയിലുമൊക്കെ മലയാളി സ്റ്റോക്കിസ്റ്റുകളും ഹോൾസെയിലർമാരുമുണ്ടായി. ഇതും കേരളത്തിൽ നിന്നുള്ള ഭക്ഷ്യോത്പന്ന ബ്രാൻഡുകൾക്ക് കൂടുതൽ അവസരങ്ങൾ തുറന്നു.
ഒറ്റക്ക് വഴി വെട്ടി വന്നവർ
ഭക്ഷ്യോത്പന്ന – സംസ്കരണ രംഗത്ത് കേരളത്തിന് വലിയ കുത്തകയുള്ള ഒരു മേഖലയുണ്ട്. അത് സുഗന്ധ വ്യഞ്ജനങ്ങളിൽ നിന്നുള്ള ഒലിയോറെസീനുകളുടെ കാര്യത്തിലാണ്. ആഗോള തലത്തിൽ ഒലിയോറെസീനുകളുടെ ഏറ്റവും വലിയ ഉത്പാദകർ കേരളത്തിൽ നിന്നാണ്. കോലഞ്ചേരി ആസ്ഥാനമായ സിന്തൈറ്റ് എന്ന ആഗോള ഭീമനാണ് ഈ രംഗത്ത് അൻപത് ശതമാനത്തോളം ആഗോള ഉത്പാദനം. കോലഞ്ചേരിയിൽ നിന്ന് തന്നെ പ്ലാന്റ് ലിപിഡ് പോലുള്ള വമ്പന്മാരുമുണ്ട്. അർജുന, കാൻകോർ പോലുള്ള മുൻനിരക്കാരും ഈ രംഗത്ത് ശക്തമായി നിലകൊള്ളുന്നു.
എടുത്തു പറയേണ്ട മറ്റൊരു മേഖല സമുദ്രോത്പന്ന വ്യവസായമാണ്. ചോയ്‌സ്, ടേസ്റ്റി നിബിൾസ്, ബേബി മറൈൻ, മംഗള, കിങ്‌സ് ഇൻഫ്രാ വെഞ്ചേഴ്‌സ് പോലുള്ള ഗ്രൂപ്പുകൾ ഈ രംഗത്തെ മുൻനിര കയറ്റുമതിക്കാരാണ്. ആലപ്പുഴ അരൂർ ആസ്ഥാനമായ ടേസ്റ്റി നിബിൾസ് ഇന്ത്യയില്‍ നിന്നുള്ള ക്യാന്‍ഡ് ട്യൂണയുടെ പ്രധാന കയറ്റുമതിക്കാരാണ്. ശീതീകരിച്ച് ഉണക്കിയ കൊഞ്ച്, ക്യാന്‍ഡ് മത്തി എന്നിവയും ടേസ്റ്റി നിബിള്‍സ് വിപണിയില്‍ എത്തിക്കുന്നു. മുൻനിര കയറ്റുമതിക്കാരായ ചോയ്‌സ് ഗ്രൂപ്പിന്റെ പ്രധാന കയറ്റുമതി വിപണി അമേരിക്കയാണ്. യുഎസ് മാർക്കറ്റിലെ ഏറ്റവും ജനപ്രീതിയുള്ള റെഡി ടു ഈറ്റ് മിഡ്‌ഡേ മേൽ ബ്രാൻഡുകളിൽ ഒന്നായി നീൽസൺ സർവേ തെരഞ്ഞെടുത്തത് അവരുടെ ടേസ്റ്റി ചോയ്‌സ് ബ്രാൻഡിനെയാണ്.
കോട്ടയം ജില്ലയിൽ നിന്നുള്ള ഡെയ്‌ലി ഡിലൈറ്റ് വിദേശ വിപണികളിലെ മലയാളികൾക്കിടയിൽ ഏറ്റവും പോപ്പുലറായ റെഡി റ്റു ഈറ്റ് വിഭവങ്ങളുടെ ബ്രാൻഡ് ആണ്. യുഎസ്, യൂറോപ്പ്, ഓസ്‌ട്രേലിയൻ വിപണികളിലെ മുൻനിര റീട്ടെയിൽ ചെയിനുകളിലും അവർക്ക് സാന്നിധ്യമുണ്ട്.
പുതുതലമുറ സംരംഭങ്ങളുടെ അശ്വമേധം
വിവര സാങ്കേതിക മേഖലയുടെ ചിറകിലേറി ഭക്ഷ്യ വിതരണ രംഗത്തും ഇപ്പോൾ ഭക്ഷ്യോത്പന്ന രംഗത്തും വൻകിട ബ്രാൻഡ് ആയി മാറിയ ഫ്രഷ് ടു ഹോം ഈ രംഗത്തെ ശ്രദ്ധേയ ചുവടുവയ്പാണ്. പച്ചമീൻ വിൽക്കാനുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോം എന്നനിലയിൽ തുടങ്ങിയ ഫ്രഷ് ടു ഹോമിൽ ഇന്ന് നിക്ഷേപകരായുള്ളത് ഗൂഗിളും മെറ്റയും ആമസോണും ഉൾപ്പെടുന്ന ആഗോള വമ്പന്മാരാണ്. ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഐഡി ഫ്രഷ്, ക്ലൗഡ് കിച്ചൺ മേഖലയിൽ പ്രവർത്തിക്കുന്ന കിച്ചൺസ്@ എന്നീ കമ്പനികളും നടത്തിയത് സമാനതകളില്ലാത്ത മുന്നേറ്റമാണ്.
കേരള ഭക്ഷ്യോത്പന്ന വിപണിയിൽ ആഗോള ബ്രാൻഡുകളുടെ സാന്നിധ്യവും പ്രൊഫഷണലിസവും നാൾക്കുനാൾ ഉയരുന്നുണ്ട്. കേരള ബ്രാൻഡുകളെ ആഗോള ബ്രാൻഡുകൾ ഏറ്റെടുക്കുന്നതും ഈ മേഖലയുടെ മുന്നേറ്റത്തിന് തെളിവാണ്. നോർവീജിയൻ മൾട്ടിനാഷണൽ ഓർക്ല (Orkla) ഈസ്റ്റേണിന്റെ ഭൂരിപക്ഷം ഷെയറുകൾ ഏറ്റെടുത്തത് 2022 ലാണ്. ടേസ്റ്റി നിബിള്‍സ് ബ്രാൻഡിന്റെ ഉടമകളായ എച്ച്ഐസി-എബിഎഫ് സ്പെഷ്യൽ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിൽ ജാപ്പനീസ് കമ്പനിയായ ഹിഗാഷിമാരു ഇന്‍റര്‍നാഷണല്‍ കോര്‍പറേഷന്‍ പ്രധാന ഓഹരി പങ്കാളിയാണ്.
സമീപ വർഷങ്ങളിൽ രണ്ട് പ്രധാന കേരള ബ്രാൻഡുകളെയാണ് വിപ്രോ ഏറ്റെടുത്തത്; നിറപറയും ബ്രാഹ്മിൺസും. നിറപറയുടെ ധാന്യപ്പൊടികൾ ഉൾപ്പെടുന്ന റെഡി ടു കുക്ക് ഉത്പന്നങ്ങൾ, സ്‌പൈസ് പൗഡർ ഉത്പന്നങ്ങൾ എന്നിവയിലാണ് വിപ്രോയുടെ ഫോക്കസ്. 2003ൽ ചന്ദ്രിക സോപ്പിനെ ഏറ്റെടുത്തതിന് ശേഷം ആദ്യമായി വിപ്രോ സ്വന്തമാക്കിയ കേരളത്തിൽ നിന്നുള്ള പ്രധാന ബ്രാൻഡ് കൂടിയാണ് നിറപറ. പ്രമുഖ പരമ്പരാഗത വെജിറ്റേറിയൻ, സുഗന്ധവ്യഞ്ജന മിശ്രിത, റെഡി ടു കുക്ക് ബ്രാൻഡായ ‘ബ്രാഹ്മിൻസി’ നെ വിപ്രോ ഏറ്റെടുത്തത് 2023 ലാണ്. കേരളത്തിലേതിന് പുറമെ ഗൾഫ്, യുകെ, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വിദേശ വിപണികൾ കൂടി ലക്ഷ്യമിട്ടായിരുന്നു വിപ്രോയുടെ ഈ ഏറ്റെടുക്കലുകൾ.