സെൻസെക്സിൽ 700 പോയിന്റ് മുന്നേറ്റം; നിഫ്റ്റിക്ക് ചരിത്രനേട്ടം, കുതിച്ചു കയറി വിപണികൾ
September 19, 2024മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. യു.എസ് ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകൾ വെട്ടിക്കുറച്ചതോടെയാണ് വിപണികളിൽ ചരിത്ര നേട്ടമുണ്ടായത്. ബോംബെ സൂചിക സെൻസെക്സ് 758.7 പോയിന്റ് നേട്ടത്തോടെ 83,706.93ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ദേശീയ സൂചിക നിഫ്റ്റി 215.40 പോയിന്റ് നേട്ടത്തോടെ 25.592 പോയിന്റിലും വ്യാപാരം നടത്തുന്നു.
തുടക്കത്തിലെ വ്യാപാരത്തിൽ നിഫ്റ്റിയിലെ സെക്ടറുകളെല്ലാം നേട്ടത്തിലാണ്. ഐ.ടി, ബാങ്ക്, ഫിനാൻഷ്യൽ സർവീസസ് എന്നീ സെക്ടറുകളാണ് പ്രധാനമായുംനേട്ടത്തിലുള്ളത്. ഫെഡറൽ റിസർവ് വായ്പ പലിശ നിരക്കുകൾ വെട്ടികുറച്ചതോടെ എൻ.ടി.പി.സി, ഗ്രാസിം, ടൈറ്റാൻ, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.ഒ.എൻ.ജി.സി, ബി.പി.സി.എൽ, എച്ച്.സി.എൽ ടെക്, ബജാജ് ഫിൻസെർവ്, ഡോ.റെഡ്ഡീസ് തുടങ്ങിയ കമ്പനികളിൽ കനത്ത നഷ്ടം രേഖപ്പെടുത്തി.
അതേസമയം, യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് അര ശതമാനം കുറച്ചു. നിലവിൽ 5.35 ആയ പലിശനിരക്ക് ഇനി 4.75 ശതമാനത്തിനും അഞ്ച് ശതമാനത്തിനും ഇടയിലായിരിക്കും. നാല് വർഷത്തിനു ശേഷമാണ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കുന്നത്. ജോ ബൈഡൻ അധികാരമേറ്റ ശേഷം പലിശനിരക്ക് കുറക്കുന്നത് ആദ്യമാണ്. ഇതോടെ കുറഞ്ഞ പലിശയ്ക്ക് ബാങ്കുകളില്‍നിന്ന് വായ്പ ലഭിക്കും. സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാനുള്ള തീരുമാനമെന്ന് വിശേഷിപ്പിച്ചാണു നടപടി.
പണപ്പെരുപ്പം നിയന്ത്രണപരിധിയായ രണ്ട് ശതമാനത്തിലേക്ക് കുറയുന്നതു പരിഗണിച്ചാണു തീരുമാനമെന്നു ഫെഡ് ചെയർമാൻ ജെറോം പവൽ അറിയിച്ചു. എന്നാൽ ഗവര്‍ണര്‍ മിഷേല്‍ ബോമാന്‍ തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി. കാല്‍ ശതമാനം നിരക്ക് മാത്രം വെട്ടിക്കുറച്ചാല്‍ മതിയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 11-1 എന്ന നിലയിലാണ് ഫെഡ് തീരുമാനം പാസായത്.