ചെന്നൈ ഇലക്ട്രോണിക്സ് കമ്പനിയും ബഹ്റൈനിൽ നിക്ഷേപം നടത്തും
September 17, 2024മനാമ: ഇന്ത്യൻ കമ്പനിയായ പോളിമാടെക്ക് 16 ദശലക്ഷം യു.എസ് ഡോളർ ബഹ്റൈനിൽ നിക്ഷേപം നടത്താൻ ധാരണയായി. സുസ്ഥിര വികസന മന്ത്രിയും ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് (ബഹ്റൈൻ ഇ.ഡി.ബി) ചീഫ് എക്സിക്യൂട്ടിവുമായ നൂർ ബിൻത് അലി അൽ ഖുലൈഫിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ചെന്നൈ സന്ദർശന വേളയിലാണ് ഇക്കാര്യങ്ങളിൽ ധാരണയായത്.
പോളിമാടെക് സി.ഇ.ഒയും സ്ഥാപകനുമായ ഈശ്വര റാവു നന്ദവുമായി ഇക്കാര്യത്തിൽ ധാരണപത്രം ഒപ്പുവെച്ചു. ഹിദ്ദ് ഇൻഡസ്ട്രിയൽ ഏരിയയിലായിരിക്കും പോളിമാടെക് സെമികണ്ടക്ടർ നിർമാണമാരംഭിക്കുക.
രാജ്യത്ത് സെമികണ്ടക്ടർ നിർമാണഫാക്ടറി സ്ഥാപിക്കാനുള്ള പോളിമാടെക്കിന്റെ തീരുമാനം ഡിജിറ്റൽ പരിവർത്തന യാത്രയിലെ നാഴികക്കല്ലാകുമെന്ന് ഇ.ഡി.ബി ചീഫ് എക്സിക്യൂട്ടിവ് നൂർ ബിൻത് അലി അൽ ഖുലൈഫ് പറഞ്ഞു.
‘അത്രി’ എന്ന ബ്രാൻഡ് നെയിമിലാകും പോളിമാടെക്ക് ഉൽപന്നങ്ങൾ പുറത്തിറങ്ങുക. 5G, 6G നെറ്റ്വർക്കുകൾക്കായുള്ള പ്രധാന ഘടകങ്ങളായിരിക്കും നിർമിക്കുക. സ്മാർട്ട്ഫോണുകൾ മുതൽ ഇലക്ട്രിക് വാഹനങ്ങൾ വരെയുള്ള ആധുനിക ഉപകരണങ്ങൾക്ക് ആവശ്യമായ ഘടകമാണിത്. ചെന്നൈക്കുപുറമെ മുംബൈ, ബംഗളൂരു എന്നീ ഇന്ത്യൻ നഗരങ്ങളിലും സംഘം സന്ദർശനം നടത്തിയിരുന്നു.
ഉൽപാദനം, പുനരുപയോഗ ഊർജം, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി (ഐ.സി.ടി) എന്നീ മേഖലകളിൽ മറ്റു ഇന്ത്യൻ കമ്പനികളും ബഹ്റൈനിൽ നിക്ഷേപം നടത്താൻ ധാരണയായിരുന്നു.
പ്രമുഖ പാക്കേജിങ് സൊല്യൂഷൻ പ്രൊവൈഡറായ കിംകോ ബഹ്റൈൻ ഇന്റർനാഷനൽ ഇൻവെസ്റ്റ്മെന്റ് പാർക്കിൽ (ബി.ഐ.ഐ.പി) ഉൽപാദന ശേഷി വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. പ്ലാസ്റ്റിക് പാക്കേജിങ് രംഗത്ത് കമ്പനി 2013 മുതൽ ബഹ്റൈനിൽ പ്രവർത്തിക്കുന്നുണ്ട്.
ബജാജ് ഇൻഡസ്ട്രീസും ബഹ്റൈനിൽ നിക്ഷേപം നടത്തുന്നുണ്ട്. ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് 11.40 മെഗാവാട്ട് സോളാർ പദ്ധതി വികസിപ്പിക്കുന്നതിന് കമ്പനി ഖലീഫ ബിൻ സൽമാൻ തുറമുഖം ഓപറേറ്ററായ എ.പി.എം ടെർമിനൽസുമായി 10 വർഷത്തെ കരാർ ഒപ്പുവെച്ചിട്ടുണ്ട്. ഒരു ഇന്ത്യൻ ഐ.സി.ടി സ്ഥാപനവും ബഹ്റൈനിൽ നിക്ഷേപം നടത്താൻ മുന്നോട്ടുവന്നിട്ടുണ്ട്.
അതിന്റെ പ്രാദേശിക ആസ്ഥാനം ബഹ്റൈനിൽ സ്ഥാപിക്കാനാണുദ്ദേശിക്കുന്നത്. ഒരു കമ്പനി ഹെൽത്ത് കെയർ മേഖലയിൽ 50 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങുകയാണ്.
2019 മുതൽ ബഹ്റൈനിലെ ഇന്ത്യൻ നിക്ഷേപത്തിൽ 62ശതമാനം വളർച്ചയുണ്ട്. 2019 നും 2023 നും ഇടയിൽ ഇന്ത്യൻ വിദേശനിക്ഷേപം 36.6ശതമാനം വർധിച്ചു. ഓരോ വർഷവും ശരാശരി 102 ദശലക്ഷം ഡോളറിന്റെ വർധനവുണ്ട്. 2023ൽ ഇന്ത്യയിൽ നിന്നുള്ള വിദേശനിക്ഷേപം 1.52 ബില്യൺ ഡോളറിലെത്തി.