അബുദാബിയിലെ എണ്ണഖനനത്തിന് വമ്പന്‍ ഓഫര്‍ സ്വന്തമാക്കി ഇന്ത്യന്‍ കമ്പനി
September 13, 2024 0 By BizNewsഅബുദാബിയിലെ സുപ്രധാനമായ എണ്ണഖനന മേഖലയില്‍ ഖനനം നടത്തുന്നതിന് ഇന്ത്യന്‍ പൊതുമേഖല സംരംഭമായ ഊർജ ഭാരതിന് (യു.ബി.പി.എല്‍) ലഭിക്കുന്നത് 100 ശതമാനം ഇളവുകള്‍.
അടുത്തിടെ അബുദാബി കിരീടാവകാശി ഷേക്ക് ഖാലിദ് നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിലാണ് ഇതു സംബന്ധിച്ച കരാറായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശിയും തമ്മില്‍ ഒപ്പിട്ട നാലു പ്രധാന കരാറുകളില്‍ ഒന്നാണിത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും ഭാരത് പെട്രോളിയത്തിന്റെയും സംയുക്ത സംരംഭമായ ഊർജ ഭാരത് അഞ്ചു വര്‍ഷത്തിലേറെയായി അബുദാബി ഓണ്‍ഷോര്‍-ബ്ലോക്ക് 1ല്‍ എണ്ണഖനന പരീക്ഷണങ്ങള്‍ നടത്തി വരുന്നുണ്ട്.
ഇത് വിജയകരമായതോടെയാണ് ഉല്‍പ്പാദനം ആരംഭിക്കുന്നതിനുള്ള കരാര്‍ ഒപ്പുവെച്ചത്. അബുദാബി സര്‍ക്കാരില്‍ നിന്ന് ഒരു അന്താരാഷ്ട്ര കമ്പനിക്ക് ലഭിക്കുന്ന ആദ്യത്തെ സമ്പൂര്‍ണ്ണ ഉല്‍പ്പാദന ഇളവാണിത്.
യു.എ.ഇയുടെ ഊര്‍ജ്ജ ഉല്‍പാദന മേഖലയില്‍ ഇന്ത്യന്‍ കമ്പനിയുമായുള്ള കരാര്‍ പുതിയ വാണിജ്യ സാധ്യതകള്‍ തുറക്കുമെന്ന് അബുദാബിയിലെ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ ആന്‍ഡ് ഇക്കണോമിക് അഫയേഴ്‌സ് സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് ബു അതാബ അല്‍ സാബി പറഞ്ഞു.
കരാര്‍ പ്രകാരം അബുദാബി റുവൈസ് മേഖല ഉള്‍പ്പെടുന്ന ഓണ്‍ഷോര്‍ ബ്ലോക്ക് 1 ല്‍ 6,162 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് യു.ബി.പി.എല്ലിന് ഖനന അവകാശം ലഭിക്കുന്നത്.
കമ്പനി ഇവിടെ നടത്തിയ ഗവേഷണങ്ങള്‍ വിജയം കണ്ടതോടെ 2019 ല്‍ അബുദാബി സര്‍ക്കാര്‍ ഇളവുകള്‍ ഉറപ്പ് നല്‍കിയിരുന്നു. റുവൈസിലെ 38 ചതുരശ്ര കിലോമീറ്ററില്‍ നടന്ന ഗവേഷണം വന്‍ വിജയമായിരുന്നു.
ഇതുവരെ യു.ബി.പി..എല്‍ ഇവിടെ 164 മില്യണ്‍ ഡോളര്‍ നിക്ഷേപമിറക്കിയിട്ടുണ്ട്. പരമ്പരാഗത എണ്ണ ശേഖരമുള്ള ഈ മേഖലയില്‍ പ്രകൃതി വാതകങ്ങളുടെ ലഭ്യതയും വര്‍ധിച്ച തോതിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ സെക്ടറിന്റെ വികസനം അബുദാബിയില്‍ ഹൈഡ്രോകാര്‍ബണ്‍ മേഖലയുടെ വളർച്ചക്ക് സഹായകമാകുമെന്ന് സുപ്രീം കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് ബു അതാബ അല്‍ സാബി വ്യക്തമാക്കി.
ഉല്‍പ്പാദന ഇളവ് കരാര്‍ യു.ബി.പിഎല്ലിന് ഇക്വിറ്റി ഓയില്‍ അവകാശം നല്‍കുന്നതും ഇന്ത്യയുടെ ഊർജ സുരക്ഷക്ക് സഹായകമാകുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.