ഒമാൻ എണ്ണ വില വീണ്ടും കുറഞ്ഞ് 73.37 ഡോളറിൽ
September 7, 2024മസ്കത്ത്: ഒമാൻ എണ്ണ വില വീണ്ടും കുറഞ്ഞ് ബാരലിന് 73.37 ഡോളറിലെത്തി. വെള്ളിയാഴ്ച 0.4 ഡോളറാണ് കുറഞ്ഞത്. രണ്ടാഴ്ചയിലധികമായി എണ്ണ വില കുറയുകയായിരുന്നു. എന്നാൽ, വ്യാഴാഴ്ച രണ്ട് സെന്റ് വർധിച്ചിരുന്നു. ബുധനാഴ്ച ഒറ്റ ദിവസം 3.24 ഡോളർ കുറഞ്ഞിരുന്നു.
അന്താരാഷ്ട്ര വിപണിയിലും എണ്ണ വില ഇടിയുകയാണ്. കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോയുള്ളത്. അന്താരാഷ്ട്ര മാർക്കറ്റിലും ഒറ്റ ദിവസം 4.4 ശതമാനത്തിനും 4.9 ശതമാനത്തിനും ഇടക്കാണ് വില ഇടിവ്. കഴിഞ്ഞ മാസം 12 മുതലാണ് വില കുറയാൻ തുടങ്ങിയത്. ബാരലിന് 80 ഡോളറിനടുത്തായിരുന്നു ഒമാൻ എണ്ണ വില.
അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണക്ക് ഡിമാൻഡ് കുറഞ്ഞതാണ് എണ്ണ വില കുറയാൻ പ്രധാന കാരണം. ഈ വർഷം ദിവസം രണ്ട് ദശലക്ഷം ബാരൽ എണ്ണ അധികം വേണ്ടി വരുമെന്നായിരുന്നു കണക്ക് കൂട്ടിയിരുന്നത്. എന്നാൽ, ചൈനയിൽ എണ്ണക്ക് പ്രതീക്ഷിച്ച ഡിമാൻഡ് ഉണ്ടാവാത്തത് വിലയെ ബാധിച്ചിരുന്നു.
അമേരിക്കൻ മാർക്കറ്റ് പൊതുവേ വളർച്ച മുരടിപ്പ് കാണിക്കുന്നത് എണ്ണ വിലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. യൂറോപ്യൻ മാർക്കറ്റും വളർച്ച നിരക്ക് മോശമായാണ് കാണിക്കുന്നത്. ഇത് തന്നെയാണ് ഒമാൻ എണ്ണവിലയും കുറയാൻ കാരണം.
എന്നാൽ, എണ്ണ വില കുറയുന്നത് എണ്ണ ഉൽപാദന രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കും. ബാരലിന് 80 ഡോളറിൽ താഴെ വന്നാൽ അതത് രാജ്യങ്ങളുടെ ബജറ്റിനെ പ്രതികൂലമായി ബാധിക്കും. എണ്ണ വില കുറഞ്ഞത് കാരണം ഒപെകും മറ്റ് അംഗരാജ്യങ്ങളും നേരത്തെ എണ്ണ ഉത്പാദനം കുറക്കാൻ തീരുമാനിച്ചിരുന്നു. ഒമാനും ഈ തീരുമാനം പാലിച്ചിരുന്നു.
ദിവസം 1,80,000 ബാരൽ എണ്ണ ഉൽപാദനം കുറക്കാനായിരുന്നു തീരുമാനം. ഇതോടെ എണ്ണ വില വർധിക്കുകയും ചെയ്തിരുന്നു. ഒപെകിന്റെ എണ്ണ ഉൽപാദന വെട്ടി കുറക്കലിന്റെ കാലാവധി ഒക്ടോബർ വരെയായിരുന്നു.