സെബി മേധാവിക്കെതിരെ പി.എ.സി അന്വേഷണം നടത്തും; മാധബി ബുച്ചിനെ വിളിച്ചു വരുത്തും

സെബി മേധാവിക്കെതിരെ പി.എ.സി അന്വേഷണം നടത്തും; മാധബി ബുച്ചിനെ വിളിച്ചു വരുത്തും

September 6, 2024 0 By BizNews

ന്യൂഡൽഹി: സെബി ചെയർപേഴ്സൺ മാധബി ബുച്ചിനെതിരെ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അന്വേഷണം നടത്തും. ഈ മാസം അവസാനത്തോടെ മാധബി ബുച്ചിനെ വിളിച്ചുവരുത്തുമെന്നാണ് സൂചന. ഇക്കണോമിക്സ് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

നേരത്തെ പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ അജണ്ടയിൽ മാധബി ബുച്ചിനെതിരായ ആരോപണങ്ങളും ഉൾപ്പെടുത്തിയിരുന്നു. സമിതിയിലെ പലരും മാധബിക്കെതിരെ അ​ന്വേഷണം ആവശ്യപ്പെട്ടുവെന്നാണ് വിവരം. കേരളത്തിൽ നിന്നുള്ള എം.പിയായ കെ.സി വേണുഗോപാലാണ് സമിതിയുടെ തലവൻ. എൻ.ഡി.എ, ഇൻഡ്യ സഖ്യ നേതാക്കളും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ഭാഗമാണ്.

ആഗസ്റ്റ് 29ന് നടന്ന യോഗത്തിലാണ് മാധബി ബുച്ചിനെതിരായ ആരോപണങ്ങൾ സമിതിയുടെ മുമ്പാകെ വന്നത്. വിവിധ ധനകാര്യ നിയന്ത്രണ സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്തണമെന്ന ആവശ്യമാണ് പാർലമെന്ററി സമിതിയുടെ മുമ്പാകെ എത്തിയത്. ഇതിനിടെ സെബി മേധാവിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും അതിൽ നടപടി വേണമെന്നും അംഗങ്ങളിൽ ചിലർ ആവശ്യപ്പെട്ടു. തുടർന്ന് സെബി മേധാവി മാധബി ബുച്ചിനെ വിളിച്ചു വരുത്താൻ സമിതി തീരുമാനിക്കുകയായിരുന്നു.

നേരത്തെ സെബി ചെയർപേഴ്സൺ മാധബി ബുച്ചിനെതിരെ ആരോപണവുമായി ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസേർച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലുമായാണ് ഹിൻഡൻബർഗ് രംഗത്തെത്തിയത്. നേരത്തേ തങ്ങൾ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും ഹിൻഡൻബർഗ് ആരോപിച്ചിരുന്നു.

ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് വലിയ നിക്ഷേപമുള്ള കമ്പനിയിലാണ് ബുച്ചും ഭർത്താവും നിക്ഷേപിച്ചത്. ബെർമുഡയിലും മൊറീഷ്യസിലുമായുള്ള ഈ കടലാസ് കമ്പനികളിൽ 2015 കാലത്തായിരുന്നു ഇരുവരുടെയും നിക്ഷേപം. 2017ലാണ് മാധബി ബുച്ച് സെബി മുഴുസമയ അംഗമാകുന്നത്. 2022ൽ അധ്യക്ഷയുമായി. ബുച്ച് സെബിയിൽ ചുമതലയേൽക്കുന്നതിന് ആഴ്ചകൾ മുമ്പ് ഇരുവരുടെയും പേരിലെ നിക്ഷേപങ്ങൾ പൂർണമായി തന്റെ പേരിലാക്കാൻ അവരുടെ ഭർത്താവ് അപേക്ഷിച്ചിരുന്നതായും റിപ്പോർട്ട് ആരോപിച്ചിരുന്നു