ജോലി രാജിവെക്കാനും പണം നൽകണം; പരിഹാരവുമായി ജപ്പാനിലെ കമ്പനികൾ
September 5, 2024ജോലി രാജിവെക്കുന്നവർക്ക് സുഗമമായി വിടവാങ്ങൽ പ്രക്രിയ നടത്താൻ സഹായിക്കുന്ന കമ്പനികൾ ജപ്പാനിൽ വർധിക്കുന്നു. എക്സിറ്റ് ആൻഡ് അൽബട്രോസ് പോലുള്ള കമ്പനികൾ വൻ നേട്ടമാണ് ഇതിലൂടെ ഉണ്ടാക്കുന്നത്. 11,000 രൂപയോളം വാങ്ങിയാണ് ജോലി രാജിവെക്കുന്ന തൊഴിലാളികൾക്ക് വേണ്ടി കമ്പനിയുമായുള്ള ഇടപാടുകളെല്ലാം ഇത്തരം സ്ഥാപനങ്ങൾ പൂർത്തിയാക്കി നൽകുന്നത്.
തൊഴിലുടമയോട് തൊഴിലാളിയുടെ രാജിക്കാര്യം അറിയിക്കുന്നത് മുതൽ ഇത്തരം കമ്പനികളുടെ പണി തുടങ്ങുന്നു. കമ്പനി തൊഴിലാളിക്ക് നൽകാനുള്ള ആനുകൂല്യങ്ങളിൽ ചർച്ച നടത്തി അവസാന കരാറിലെത്തുന്നതും ഇവരാണ്. തൊഴിലാളി കമ്പനിയിൽ അവസാന ദിവസങ്ങളിൽ എങ്ങനെ പണിയെടുക്കണമെന്നതിൽ ഉൾപ്പടെ ചർച്ചയുണ്ടാകും. ഒടുവിൽ തൊഴിലാളിക്ക് കമ്പനി നൽകിയ യൂണിഫോം ഉൾപ്പടെ തിരിച്ചേൽപ്പിച്ചാണ് ഇത്തരം സ്ഥാപനങ്ങൾ ഒരാളുടെ വിരമിക്കൽ പ്രക്രിയ പൂർത്തിയാക്കുക.
ജപ്പാനിൽ തൊഴിലിൽ നിന്നും മാറാനുള്ള ബുദ്ധിമുട്ട് തന്നെയാണ് പ്രധാനമായും ഇത്തരം കമ്പനികളുടെ വളർച്ചക്ക് പിന്നിൽ. രാജിക്കത്ത് നൽകിയാലും തൊഴിലാളികളെ കമ്പനിയിൽ തുടരാൻ തൊഴിലുടമകൾ നിർബന്ധിക്കുന്നത് ജപ്പാനിൽ സാധാരണമാണ്. ഈ നിർബന്ധിക്കൽ തൊഴിലാളികൾക്ക് കടുത്ത മാനസിക സമ്മർദ്ദത്തിനും ഇടയാക്കുന്നുണ്ട്. ഇതെല്ലാം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തരം സ്ഥാപനങ്ങളുടെ സഹായം തേടുന്നത്.
മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളിലൊന്നായ അൽബട്രോസ് ആൻഡ് എക്സിറ്റ് 2017ലാണ് രൂപീകരിച്ചത്. ഓരോ വർഷവും 10,000ത്തോളം പേരാണ് വിരമിക്കുമ്പോൾ സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുന്നതെന്ന് കമ്പനി തന്നെ വ്യക്തമാക്കുന്നു. ആവശ്യക്കാർ വർധിച്ചതോടെ കമ്പനിയുടെ സേവനം കൂടുതൽ വിപുലമാക്കാനാണ് അവർ ഒരുങ്ങുന്നത്.