ആദ്യ നൂറിൽ ആറ് മലയാളികൾ; ഏറ്റവും സമ്പന്നൻ യൂസുഫലി
August 29, 2024മുംബൈ: രാജ്യത്തെ അതിസമ്പന്നരുടെ ആസ്തി വിവരങ്ങളുമായി പുറത്തുവന്ന ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ആദ്യ നൂറുപേരിൽ ഇടം നേടി ആറ് മലയാളികൾ. 55,000 കോടി രൂപയുടെ ആസ്തിയുള്ള ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി.
യു.എ.ഇ ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ 31,300 കോടിയുടെ സമ്പത്തുമായി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ മലയാളിയായി. ദേശീയ തലത്തിൽ എം.എ. യൂസുഫലി 40-ാം സ്ഥാനത്താണ്. ജ്വല്ലറി മേഖലയിലെ പ്രമുഖനായ ജോയ് ആലുക്കാസ് 42,000 കോടി രൂപയുടെ സമ്പത്തുമായി മലയാളികളിൽ രണ്ടാമതാണ്. ഇൻഫോസിസ് സഹസ്ഥാപകനും സാങ്കേതിക മേഖലയിലെ പ്രമുഖനുമായ ക്രിസ് ഗോപാലകൃഷ്ണനാണ് 38,500 കോടി രൂപയുടെ ആസ്തിയുമായി മൂന്നാമത്.
കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി.എസ്. കല്യാണരാമനും കുടുംബവും 37,500 കോടി രൂപയുടെ സമ്പത്തുമായി നാലാമത്. മുൻവർഷത്തെക്കാൾ വൻ മുന്നേറ്റമുണ്ടാക്കിയ കല്യാണരാമനും കുടുംബവും ദേശീയ പട്ടികയിൽ 65ാം സ്ഥാനത്തെത്തി. വിദ്യാഭ്യാസ സംരംഭകനായ സണ്ണി വർക്കി 31,900 കോടി രൂപ ആസ്തിയുമായി മലയാളികളിൽ അഞ്ചാമതാണ്. യു.എ.ഇ ആസ്ഥാനമായ സ്വകാര്യസ്കൂൾ ഗ്രൂപ് ജെംസ് എജുക്കേഷന്റെ സ്ഥാപകനാണ് അദ്ദേഹം.