ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള നഗരം ഏത്? പട്ടിക പുറത്ത്
August 29, 2024മുംബൈ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള നഗരങ്ങളുടെ പട്ടിക പുറത്ത്. ഇന്ത്യയിൽ ആകെ 334 ശതകോടീശ്വരൻമാരാണുള്ളത്. ഇത്തവണ 75 ശതകോടീശ്വരൻമാരെകൂടി വളർത്തിയെടുത്താണ് ഇന്ത്യ പട്ടികയിൽ 300 എന്ന മാർജിൻ മറികടന്നത്. ഹുറൂൺ ഇന്ത്യ 2024 റിപ്പോർട്ടനുസരിച്ച് മുംബൈ നഗരത്തിലാണ് ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ളത്.
ഇന്ത്യയുടെ ധനകാര്യ തലസ്ഥാനം എന്നാണ് മുംബൈ അറിയപ്പെടുന്നത്. കണക്കുകൾ പ്രകാരം 92 ശതകോടീശ്വരൻമാരാണ് മുംബൈയിലുള്ളത്. ശതകോടീശ്വരൻമാരുടെ എണ്ണത്തിൽ ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിനെ പിന്തള്ളി ന്യൂയോർക്കിനും(119) ലണ്ടനും(97) പിന്നാലെ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മുംബൈ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മുംബൈയിൽ ഇത്തവണ 26 പുതിയ ശതകോടീശ്വരൻമാരുണ്ടായി.
മുംബൈയിൽ മുകേഷ് അംബാനിയാണ് ഏറ്റവും വലിയ പണക്കാരൻ. ഹുറൂൺ പട്ടിക പ്രകാരം ഇന്ത്യയിലെ ശതകോടീശ്വരൻമാരിൽ അംബാനി രണ്ടാംസ്ഥാനത്താണ്. ഗുജറാത്ത് സ്വദേശിയായ ഗൗതം അദാനിയാണ് സമ്പത്തിന്റെ കാര്യത്തിൽ അംബാനിയെ മറികടന്നത്. ബോളിവുഡ് താരം ഷാറൂഖ് ഖാനും അതിസമ്പന്നരുടെ പട്ടികയിലുണ്ട്.
ന്യൂഡൽഹിയാണ് പട്ടികയിൽ രണ്ടാംസ്ഥാനത്ത്. സമ്പന്ന നഗരങ്ങളിൽ ഹൈദരാബാദാണ് മൂന്നാം സ്ഥാനത്ത്. മെട്രോനഗരമായ ബംഗളൂരുവിനെ നാലാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹൈദരാബാദ് മുന്നേറിയത്. ചെന്നൈ, കൊൽക്കത്ത, അഹ്മദാബാദ്, പുണെ, സൂറത്ത്, ഗുരുഗ്രാം എന്നിവയാണ് ഇന്ത്യയിലെ മറ്റ് സമ്പന്ന നഗരങ്ങൾ.