ആസ്തിയിൽ ഒരു വർഷം കൊണ്ട് 95 ശതമാനം വളർച്ച; സമ്പന്നരുടെ പട്ടികയിൽ അംബാനിയെ മറികടന്ന് അദാനി

ആസ്തിയിൽ ഒരു വർഷം കൊണ്ട് 95 ശതമാനം വളർച്ച; സമ്പന്നരുടെ പട്ടികയിൽ അംബാനിയെ മറികടന്ന് അദാനി

August 29, 2024 0 By BizNews

ന്യൂഡൽഹി: 2024ലെ ഹുറൂൺ ഇന്ത്യ റിപ്പോർട്ടനുസരിച്ച് സമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി. റിപ്പോർട്ട് പ്രകാരം 11.6 ലക്ഷം കോടി രൂപയാണ് അദാനിയുടെ ആസ്തി. ഒരു വർഷം കൊണ്ട് അദാനിയുടെയും കുടുംബത്തിന്റെയും ആസ്തിയിൽ 95 ശതമാനം വളർച്ചയാണ് ഉണ്ടായത്. അദാനി ഗ്രൂപ്പ് കമ്പനികളുടെ, പ്രത്യേകിച്ച് അദാനി പോർട്സിന്റെ ഓഹരി വിലയിലെ കുതിപ്പാണ് നേട്ടത്തിന് കാരണം.

10.14 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി മുകേഷ് അംബാനിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഏഷ്യയുടെ സമ്പത്ത് നിയന്ത്രിക്കുന്ന യന്ത്രമായി ഇന്ത്യ ഉയർന്നുവരികയാണെന്ന് ഹുറൂൺ ഇന്ത്യ സ്ഥാപകനും ചീഫ് ഗവേഷകനുമായ അനസ് റഹ്മാൻ ജുനൈദ് അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ശതകോടീശ്വരൻമാരുടെ എണ്ണത്തിൽ 29 ശതമാനം വർധനവ് രേഖപ്പെടുത്തിയപ്പോൾ, ചൈനയിൽ 25 ശതമാനം ഇടിഞ്ഞു. 334 ശതകോടീശ്വരൻമാരാണ് ഇന്ത്യയിലുള്ളത്.

എച്ച്‌.സി.എല്‍ മേധാവി ശിവ് നാടാര്‍(3.14 ലക്ഷം കോടി), സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സൈറസ് പൂനവാല(2.89 ലക്ഷം കോടി), ആദിത്യ ബിര്‍ള ഗ്രൂപ്പ് മേധാവി കുമാര്‍ മംഗളം ബിര്‍ല(2.35 ലക്ഷം കോടി) എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. ലോകത്തെ ഏറ്റവും സമ്പന്നനായ മലയാളിയെന്ന സ്ഥാനം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി നിലനിര്‍ത്തി. പ്രവാസി ഇന്ത്യക്കാരിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ അദ്ദേഹം ഇടംപിടിച്ചു. 55,000 കോടി രൂപയാണ് ആസ്തി.

ഹുറൂൺ പട്ടിക പ്രകാരം സെപ്റ്റോ സഹസ്ഥാപകൻ സെപ്റ്റോ സഹസ്ഥാപകൻ കൈവല്യ വോറ(21)യാണ് ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നൻ. സെപ്റ്റോയുടെ മറ്റൊരു സ്ഥാപകനായ ആദിത് പാലിച്ച(22)യാണ് ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ സമ്പന്നൻ.