ടെലിഗ്രാം സി.ഇ.ഒ ​ഫ്രാൻസിൽ അറസ്റ്റിൽ

ടെലിഗ്രാം സി.ഇ.ഒ ​ഫ്രാൻസിൽ അറസ്റ്റിൽ

August 25, 2024 0 By BizNews

പാരീസ്: ടെലിഗ്രാം സി.ഇ.ഒ പാവേൽ ദുരോവ് അറസ്റ്റിൽ. പാരീസിലെ ബൂർഗെറ്റ് വിമാനത്താവളത്തിൽവെച്ച് ശനിയാഴ്ച വൈകീട്ടാണ് അദ്ദേഹം അറസ്റ്റിലായത്. ഫ്രാൻസിലെ പ്രാദേശിക ടി.വി ചാനലുകളായ ടി.എഫ്1 ടി.വി, ബി.എഫ്.എം ടി.വി എന്നിവയാണ് ​ടെലിഗ്രാം മേധാവിയുടെ അറസ്റ്റ് റിപ്പോർട്ട് ചെയ്തത്.

​പ്രൈവറ്റ് ജെറ്റിൽ ഫ്രാൻസിലെത്തിയ അദ്ദേഹത്തെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ടെലിഗ്രാമിൽ നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തത് ക്രിമിനൽ പ്രവർത്തനങ്ങൾക്ക് കാരണമാകുന്നുവെന്ന പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് സി.ഇ.ഒയുടെ അറസ്റ്റെന്ന് സൂചനകളുണ്ട്.

അതേസമയം, വാർത്തകളോട് പ്രതികരിക്കാൻ ടെലിഗ്രാം തയാറായില്ല. ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയവും പൊലീസും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. അസർബൈജാനിൽ നിന്നാണ് പാവേൽ ദുരോവ് യാത്ര തിരിച്ചത്. നിലവിൽ ദുബൈ കേന്ദ്രീകരിച്ചാണ് ടെലിഗ്രാമിന്റെ പ്രവർത്തനം.

റഷ്യൻ പൗരനായ ദുരോവ് 2014ലാണ് രാജ്യം വിട്ടത്. അന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വി.കെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം നിയമങ്ങൾ പാലിക്കുന്നില്ലെന്ന ആരോപണം റഷ്യ ഉന്നയിച്ചിരുന്നു. തുടർന്നായിരുന്നു ദുരോവിന്റെ രാജ്യം വിടൽ. പിന്നീട് വി.കെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ദുരോവ് അടച്ചുപൂട്ടി.

ഫോബ്സിന്റെ കണക്ക് പ്രകാരം 15.5 ബില്യൺ ഡോളറാണ് ദുരോവിന്റെ ആസ്തി. പല രാജ്യങ്ങളിലെ സർക്കാറുകളിൽ നിന്നും സമ്മർദമുണ്ടാവുന്നുണ്ടെങ്കിലും 900 മില്യൺ സജീവ ഉപയോക്താക്കൾ ലോകത്താകമാനം ഇന്ന് ടെലിഗ്രാമിനുണ്ട്.