ട്രംപ് അധികാരത്തിലെത്തിയാൽ കാത്തിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; മുന്നറിയിപ്പുമായി നൊബേൽ സമ്മാ​ന ജേതാക്കൾ

ട്രംപ് അധികാരത്തിലെത്തിയാൽ കാത്തിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; മുന്നറിയിപ്പുമായി നൊബേൽ സമ്മാ​ന ജേതാക്കൾ

June 26, 2024 0 By BizNews

വാഷിങ്ടൺ: മുൻ യു.എസ് പ്രസിഡന്റിന്റെ ഡോണാൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾ പ്രതിസന്ധിക്ക് കാരണമാകുമെന്ന് നൊബേൽ സമ്മാന ജേതാക്കൾ. സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ 16 പേരാണ് ട്രംപിന്റെ നയങ്ങൾക്കെതിരെ രംഗത്തെത്തിയത്. ഡെമോക്രാറ്റിക് സ്ഥാനാർഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡന്റെ സാമ്പത്തിക നയങ്ങൾ ട്രംപി​ന്റേതിനേക്കാൾ മികച്ചതാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞർ പറഞ്ഞു. ട്രംപ് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇവരുടെ പ്രതികരണം.

ട്രംപിന്റെ സാമ്പത്തിക നയങ്ങൾ പണപ്പെരുപ്പത്തിന് ഇടയാക്കും. ഇത് യു.എസ് സമ്പദ്‍വ്യവസ്ഥയെ നെഗറ്റീവായി ബാധിക്കും. ചൈനയിൽ നിന്നുള്ള ഇറക്കുമതി ​പൂർണമായും വേണ്ടെന്ന ട്രംപിന്റെ നിലപാട് ഉൾപ്പടെ യു.എസ് സമ്പദ്‍വ്യവസ്ഥയിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് സാമ്പത്തികശാസ്ത്ര നൊബേൽ സമ്മാന ജേതാക്കൾ വ്യക്തമാക്കുന്നത്.

2001ൽ സാമ്പത്തിക നൊബേൽ നേടിയ ജോസഫ് സ്റ്റിഗ്ലിറ്റ്സ് ഉൾപ്പടെയുള്ളവർ കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപും ബൈഡനും തമ്മിൽ കടുത്ത മത്സരം നടക്കുന്നുവെന്നാണ് വിലയിരുത്തൽ. ഇതിനിടയി​ലാണ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾ തിരിച്ചടിയാവുമെന്ന പ്രസ്താവനയുമായി സാമ്പത്തിക ശാസ്ത്രജ്ഞർ രംഗത്തെത്തിയത്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ യു.എസിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞിരുന്നു. എങ്കിലും ഭക്ഷ്യവസ്തുക്കൾ, ഗ്യാസ്, മറ്റ് അവശ്യസാധനങ്ങൾ എന്നിവയുടെ ഉയർന്ന വിലയിൽ ജനങ്ങൾ അസംതൃപ്തരാണെന്ന അഭിപ്രായ സർവേകൾ പുറത്ത് വന്നിരുന്നു. ചൈനീസ് ഉൽപന്നങ്ങൾക്ക് 60 ശതമാനമാണ് യു.എസ് ചുമത്തുന്ന ഇറക്കുമതി തീരുവ. ഈ ഉയർന്ന ഇറക്കുമതി തീരുവയുൾപ്പടെ പണപ്പെരുപ്പം വർധിക്കുന്നതിന കാരണമായതായി വിലയിരുത്തിയിരുന്നു.