ബദര്‍ അല്‍ സമ റോയല്‍ ഹോസ്പിറ്റൽ: ബ്രാന്‍ഡ് ഐഡന്റിറ്റിയും ലോഗോ പ്രകാശനവും
June 13, 2024മസ്കത്ത്: ഒമാനിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബദര്‍ അല്‍ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍സിന്റെ ആഡംബര ആശുപത്രി പദ്ധതിയായ ബദര്‍ അല്‍ സമ റോയല്‍ ഹോസ്പിറ്റലിന്റെ (ബി.ആര്.എച്ച്) ബ്രാന്‍ഡ് ഐഡന്റിറ്റിയും ലോഗോയും പ്രകാശനം ചെയ്തു.
ഉന്നതനിലവാരത്തോടെയുള്ള ആരോഗ്യപരിപാലന അന്തരീക്ഷത്തില്‍ ഗുണമേന്മയുള്ള ചികിത്സ പ്രദാനം ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മസ്കത്തിലെ ഡബ്ല്യു ഹോട്ടലില്‍നടന്ന ചടങ്ങിൽ മുഖ്യാതിഥി ആരോഗ്യ മന്ത്രാലയത്തിലെ ആസൂത്രണ, ആരോഗ്യ സ്ഥാപന അണ്ടര്‍ സെക്രട്ടറി അഹ്മദ് സാലിം സെയ്ഫ് അല്‍ മന്ദാരി ലോഗോ പ്രകാശനം ചെയ്തു. മസ്കത്ത് മുനിസിപ്പാലിറ്റി ചെയര്മാന് അഹ്മദ് മുഹമ്മദ് അഹ്മദ് അല്‍ ഹുമൈദി പ്രത്യേക അതിഥിയായി.
ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ജനറല്‍ ഡോ. മുഹന്ന നാസര്‍ അല്‍ മസ്ലഹി, ബദര്‍ അല്‍ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍സ് മാനേജിങ് ഡയറക്ടര്‍മാരായ അബ്ദുല്‍ ലത്വീഫ്, ഡോ.പി.എ. മുഹമ്മദ്, എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരായ ഫിറാസത് ഹസന്, മൊയ്തീന് ബിലാല്‍, പ്രധാന കോര്‍പറേറ്റ്, ഇന്‍ഷ്വറന്‍സ് കമ്പനികളുടെ തലവന്മാര്, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.
കരുതല്‍, പുഞ്ചിരി, പ്രതീക്ഷ എന്നിവയെ പ്രതിനിധാനം ചെയ്യുന്നതാണ് ബി.ആര്.എച്ചിന്റെ ലോഗോ. ചികിത്സാര്‍ഥം വിദേശത്തു പോകുന്നവര്‍ക്ക് ഏറ്റവും നൂതനമായതും മെച്ചപ്പെട്ടതുമായ ചികിത്സ ഒമാനിൽതന്നെ നല്‍കുകയെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് പുതിയ ആശുപത്രിയെന്ന് അബ്ദുല്‍ ലത്വീഫ് ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു. ഗ്യാസ്ട്രോ ഇന്റെസ്റ്റിനല്‍ ഡൈജസ്റ്റീവ് ഹെല്‍ത്ത്, സര്‍ജിക്കല്‍- അഡ്വാന്‍സ്ഡ് എന്‍ഡോസ്കോപി, മിനിമല്‍ ആക്സസ്സ് സര്‍ജറി, യൂറോളജി, യൂറോ- ഓങ്കോളജി- ആന്ത്രോളജി, ഓര്‍ത്തോപീഡിക്സ്, സന്ധി മാറ്റം- നട്ടെല്ല് ശസ്ത്രക്രിയകള്‍, അമ്മയും കുഞ്ഞും, എമര്‍ജന്‍സി- അടിയന്തര പരിചരണം തുടങ്ങിയ ഏഴ് മികവിന്റെ കേന്ദ്രങ്ങള്‍ മുഖേനയാണ് മികച്ച ചികിത്സ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
പ്രീമിയം പദ്ധതി നടപ്പാക്കുന്ന ബദര്‍ അല്‍ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍സിനെ അഹ്മദ് സാലിം സെയ്ഫ് അല്‍ മന്ദാരി അഭിനന്ദിച്ചു. ഗുണമേന്മയുള്ള ആരോഗ്യപരിപാലനം രാജ്യത്തിന്റെ മുക്കുമൂലകളിലെത്തിച്ച് ആരോഗ്യ മന്ത്രാലയത്തെ ബദര്‍ അല്‍ സമാ ഏറെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷമെന്ന റെക്കോര്‍ഡ് സമയത്തിനുള്ളില്‍ പ്രീമിയം ആശുപത്രി പൂര്‍ത്തിയാക്കിയതിന് ഡോ.മുസന്ന നാസര്‍ അല്‍ മസ്ലഹിയും പ്രശംസിച്ചു.
ഉയര്‍ന്ന യോഗ്യതയും പ്രശസ്തരുമായ ഡോക്ടര്‍മാര്‍, തുല്യതയില്ലാത്ത ആഡംബര അന്തരീക്ഷം, ഗുണമേന്മയുള്ള പരിചരണം, സേവനങ്ങളുടെയും സൗകര്യങ്ങളുടെയും ലഭ്യത തുടങ്ങിയ ഘടകങ്ങളാലും ആശുപത്രി വ്യത്യസ്തമാകുമെന്ന് ഫിറാസത് ഹസന് പറഞ്ഞു. മികച്ച നിലവാരത്തിലുള്ള ആരോഗ്യ പരിപാലന സേവനങ്ങള്‍ പൗരന്മാര്ക്ക് നല്കാന് പ്രതിജ്ഞാബദ്ധമാണെന്നും ആരോഗ്യ പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കാനും ബദര്‍ അല്‍ സമ അത്വധ്വാനം ചെയ്തിട്ടുണ്ടെന്നും മൊയ്തീന് ബിലാല്‍ പറഞ്ഞു.
മുന്കാലങ്ങളിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ ഗൃഹാതുരാനുഭവമുണ്ടെന്നും രോഗികളുടെയും അഭ്യുദയകാംക്ഷികളുടെയും പിന്തുണകൊണ്ട് എത്ര ദൂരം പിന്നിട്ടുവെന്നതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും നന്ദി പ്രസംഗത്തില്‍ ഡോ. പി.എ. മുഹമ്മദ് പറഞ്ഞു.