ലാഭത്തിൽ കുതിച്ച് പൊതുമേഖല ബാങ്കുകൾ
May 15, 2024ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം പൊതുമേഖല ബാങ്കുകളുടെ മൊത്തം ലാഭം 1.4 ലക്ഷം കോടി രൂപ കവിഞ്ഞു. മുൻവർഷത്തേക്കാൾ 35 ശതമാനമാണ് വർധന.
12 പൊതുമേഖല ബാങ്കുകളുടെ കഴിഞ്ഞ വർഷത്തെ ലാഭം 1,41,203 കോടി രൂപയാണ്. ഇതിൽ 40 ശതമാനവും എസ്.ബി.ഐയുടെ ലാഭമാണ്. 61,077 കോടി രൂപയാണ് എസ്.ബി.ഐ നേടിയ ലാഭം. മുൻവർഷത്തേക്കാൾ 22 ശതമാനം കൂടുതലാണിത്. ബാങ്ക് ഓഫ് ബറോഡ 17,788 കോടിയും കാനറ ബാങ്ക് 14,554 കോടിയും പഞ്ചാബ് നാഷനൽ ബാങ്ക് 8,245 കോടിയും യൂനിയൻ ബാങ്ക് 13,649 കോടിയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 2,549 കോടിയും ലാഭം നേടി.
ബാങ്ക് ഓഫ് മഹാരാഷ്ട്ര 4,055 കോടി രൂപയും ഇന്ത്യ ബാങ്ക് 8,063 കോടി രൂപയുമാണ് ലാഭമുണ്ടാക്കിയത്. ഇക്കാലയളവിൽ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന് മാത്രമാണ് ലാഭത്തിൽ കുറവുണ്ടായത്. 595 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബാങ്കിെന്റ ലാഭം. മുൻവർഷത്തേക്കാൾ 55 ശതമാനം കുറവ്. 2018 സാമ്പത്തിക വർഷം പൊതുമേഖല ബാങ്കുകൾ 85,390 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയിരുന്നു.