ഇന്ത്യയിലെ ലേയ്സിൽ നിന്നും പാംഓയിൽ ഒഴിവാക്കാനുള്ള പരീക്ഷണത്തിന് തുടക്കമിട്ട് പെപ്സികോ ഇന്ത്യ

ഇന്ത്യയിലെ ലേയ്സിൽ നിന്നും പാംഓയിൽ ഒഴിവാക്കാനുള്ള പരീക്ഷണത്തിന് തുടക്കമിട്ട് പെപ്സികോ ഇന്ത്യ

May 9, 2024 0 By BizNews

ലേയ്സ് ചിപ്സിൽ പാം ഓയിലിന് പകര പാമോലിന്റേയും സൺഫ്ലെവർ ഓയിലിന്റേയും മിശ്രിതം ഉപയോഗിക്കാനുള്ള പരീക്ഷണങ്ങൾക്ക് തുടക്കമിട്ട് ​പെപ്സികോ ഇന്ത്യ. ഇക്കണോമിക് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിലെ ഉൽപന്നങ്ങളിൽ വിലകുറഞ്ഞ, ആരോഗ്യത്തിന് ഹാനികരമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കുന്നതിൽ പെപ്സികോക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ നടപടി.

പാം ഓയിലിനെ റീഫൈൻ ചെയ്ത് ഉണ്ടാക്കുന്നതാണ് പാംമോലിൻ ഇതിനൊപ്പം സൺഫ്ലൈവർ ഓയിൽ കൂടി ചേർത്ത് ലേയ്സ് ചിപ്പ്സ് നിർമിക്കാനുള്ള ഒരുക്കത്തിലാണ് പെപ്സികോ. യു.എസിൽ സൺഫ്ലൈവർ ഓയിൽ,കോൺ ഓയിൽ തുടങ്ങിയവ ഉപയോഗിച്ചാണ് ചിപ്സ് നിർമിക്കുന്നതെന്ന് പെപ്സികോ അവരുടെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആരോഗ്യകരമായ എണ്ണകൾ ഉപയോഗിച്ചാണ് യു.എസിൽ ഉൽപന്നങ്ങൾ നിർമിക്കുന്നതെന്നും പെപ്സികോയുടെ കുറിപ്പിൽ പറയുന്നുണ്ട്. യു.എസിൽ കമ്പനി ഉപയോഗിക്കുന്ന ഓയിലുകൾ ചീത്ത കൊളസ്ട്രോൾ കുറക്കാനും നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും സഹായിക്കുമെന്നും പെപ്സികോ അവകാശ​പ്പെടുന്നുണ്ട്.

2025 ആകുമ്പോഴേക്കും ഇന്ത്യയിലെ ഉൽപ്പന്നങ്ങളിൽ ഉപ്പിന്റെ അളവ് കുറക്കാനും പെപ്സികോ ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയിൽ ബിസ്കറ്റ് മുതൽ ഐസ്ക്രീം വരെയുള്ള ഉൽപന്നങ്ങളിൽ പാം ഓയിൽ ഉപയോഗിക്കുന്നുണ്ട്. സൺഫ്ലൈവർ ഓയിൽ, സോയ ഓയിൽ എന്നിവയെക്കാളും വില കുറവാണ് പാം ഓയിലിന്. ഇതാണ് ഭക്ഷ്യോൽപന്നങ്ങൾ നിർമിക്കാൻ പാം ഓയിൽ കൂടുതലായി ഉപയോഗിക്കാൻ നിർമാതാക്കളെ പ്രേരിപ്പിക്കുന്നത്.

പല ബഹുരാഷ്ട്ര കമ്പനികളും ഇന്ത്യയിൽ ഭക്ഷോൽപ്പന്നങ്ങൾ നിർമിക്കുമ്പോൾ വിലകുറഞ്ഞ അസംസ്കൃത വസ്തുക്കളാണ് ഉപയോഗിക്കുന്നതെന്ന വിമർശനമുണ്ട്. നേരത്തെ ഏഷ്യയിലും ആഫ്രിക്കയിലും നിർമിക്കുന്ന ബേബി ഫുഡുകളിൽ അമിതമായി മധുരം ചേർത്തതിന് സെറെലാക്കിനെതിരെ വിമർശനം ഉയർന്നിരുന്നു.