ഗോവൻ ടൂറിസത്തിന് ചിറകായി മലയാളിയുടെ ഫ്ലൈ 91
April 8, 2024വികസന പാതയിലുള്ള ഇന്ത്യൻ വ്യോമയാന മേഖലയിലെ ചെറു വിമാനക്കമ്പനികളിൽ പുതുമുഖമാണ് ഫ്ലൈ 91. ഗോവയിലെ മോപ ആസ്ഥാനമാക്കി ചിറകുവിരിച്ച വിമാനക്കമ്പനിയുടെ നായകൻ തൃശൂർ കുന്നംകുളം സ്വദേശിയായ ഗോവൻ മലയാളി മനോജ് ചാക്കോ ആണ്. മാർച്ച് 18ന് മോപയിൽനിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്ക് വിമാനം പറത്തിയായിരുന്നു തുടക്കം. രണ്ടു മണിക്കൂറിൽ താഴെ യാത്രാദൂരമുള്ള നഗരങ്ങൾ തമ്മിൽ കോർത്തിണക്കുകയാണ് ലക്ഷ്യം. അതും റോഡ്, റെയിൽ ഗതാഗതത്തിന് വരുന്ന ചെലവിൽ കവിയാത്ത ടിക്കറ്റ് നിരക്കുമായി. 1991 രൂപ മുതലാണ് നിരക്ക് തുടക്കം.
വിനോദസഞ്ചാര പ്രചാരണത്തിന്റെ ഭാഗമായി ഗോവ ടൂറിസം വകുപ്പ് തങ്ങളുടെ ഔദ്യോഗിക വിമാന ക്കമ്പനിയായി ഫ്ലൈ 91നെ പ്രഖ്യാപിച്ചിരിക്കുകയാണ്. വിമാനം ചിറകുവിരിച്ച് ഒരുമാസം തികയും മുമ്പാണ് ഈ നേട്ടം. ഫ്ലൈ 91 ഗോവൻ ടൂറിസത്തെയും ഗോവ സർക്കാർ ഫ്ലൈ 91 സർവിസുകളെയും പരസ്പരം പിന്തുണക്കാൻ കഴിഞ്ഞ ബുധനാഴ്ച കരാറിൽ ഒപ്പുവെച്ചു. ടൂറിസത്തിന്റെ പ്രോത്സാഹനത്തിന് ഫ്ലൈ 91ന്റെ വൈദഗ്ധ്യവും വിഭവങ്ങളും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഗോവ ടൂറിസം ഡയറക്ടർ സുനീൽ അഞ്ചിപക പറയുന്നു. ഗോവയുടെ തനതു പാരമ്പര്യം ഉയർത്തിക്കാട്ടി ടൂറിസം പ്രോത്സാഹിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഫ്ലൈ 91 എം.ഡിയും സി.ഇ.ഒയുമായ മനോജ് ചാക്കോയും പറഞ്ഞു.
വാണിജ്യ ഓപറേഷന് സോഫ്റ്റ്‌വെയർ കമ്പനിയായ ഐ.ബി.എസ് സോഫ്റ്റ്‌വെയറുമായി കൈകോർത്തതാണ് മറ്റൊരു നേട്ടം. ആസ്ട്രേലിയ, കാനഡ, അമേരിക്ക അടക്കം ലോകത്തെ എയർലൈൻ സ്റ്റാർട്ടപ്പുകളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയായിരുന്നു മനോജ് ചാക്കോ. കഴിഞ്ഞ രണ്ടു വർഷമായി കമ്പനിയുടെ നയവും അതിനൊത്ത ബിസിനസ് പദ്ധതികളും ആവിഷ്കരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ രണ്ടു ചെറു വിമാനങ്ങളാണ് ഫ്ലൈ 91ന് ഉള്ളത്. അടുത്ത അഞ്ചു വർഷത്തിനിടെ 35 ചെറുവിമാനങ്ങളുമായി 50 നഗരങ്ങളെ തമ്മിൽ കോർത്തിണക്കും. ഗോവ, ബംഗളൂരു, ഹൈദരാബാദ്, മഹാരാഷ്ട്രയിലെ സിന്ധുദുർഗ്, ജൽഗാവ്, ലക്ഷദ്വീപിലെ അഗത്തി എന്നിവയാണ് നിലവിലെ പ്രധാന ഡെസ്റ്റിനേഷനുകൾ.