കലാകാരനിൽനിന്ന് സുഗന്ധങ്ങളുടെ ലോകം കീഴടക്കുന്ന മലയാളി
April 7, 2024എത്ര വലിയ വാഗ്ദാനങ്ങളും അംഗീകാരങ്ങളും വെച്ചു നീട്ടിയാലും അതെല്ലാം തട്ടിമാറ്റി പാഷന് പിന്നാലെ സഞ്ചരിക്കാനാണ് ചിലർക്ക് ഇഷ്ടം. ഒരുപക്ഷെ, ജീവിതത്തിൽ അത് അത്ര വലിയ വിജയങ്ങൾ സമ്മാനിച്ചില്ലെങ്കിലും മനസിന്റെ സംതൃപ്തിയിൽ അവർ വിജയം കൈവരിച്ചവരായിക്കും. പ്രതിസന്ധികൾ ഏറെ നേരിട്ടിട്ടും മനസിന് ഇഷ്ടമുള്ള വഴി തെരഞ്ഞെടുത്ത് തന്റേതായ സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു പ്രവാസി മലയാളിയുണ്ട് ഇങ്ങ് യു.എ.ഇയിൽ. ഡിസൈനിങ്ങിന്റെ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് സുഗന്ധങ്ങളുടെ ലോകത്ത് എത്തിപ്പെട്ട അപൂർവം ചിലരിൽ ഒരാളാണിദ്ദേഹം. ദുബൈയിൽനിന്ന് ആരംഭിച്ച സുഗന്ധം നിറഞ്ഞ ആ യാത്ര ഇന്ന് യൂറോപ്പ് മുഴുവൻ പരന്നൊഴുകാൻ തയാറെടുക്കുകയാണ്.
പ്ലസ് ടു പഠന ശേഷം മാതാപിതാക്കളും കുടുംബവും കൊമേഴ്സിൽ ഉന്നത പഠനം നടത്താൻ നിർബന്ധിച്ചപ്പോഴും ഡിസൈനിങ്ങിനോടുള്ള അതിയായ ആഗ്രഹത്തിന് പിന്നാലെ പോകാനായിരുന്നു കണ്ണൂർ സ്വദേശിയായ ശംസീർ മുഹമ്മദിന്റെ തീരുമാനം. ഇതിനായി ബികോം പഠനം പാതി വഴിയിൽ ഉപേക്ഷിച്ച് ബംഗളൂരു നഗരത്തിലേക്ക് ചേക്കേറിയ ശംസീർ ശിൽപകലാ പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. വീട്ടുകാരുടെ ആശ്രയമില്ലാതെ സ്വന്തം കാലിൽ നിൽക്കണമെന്ന ആഗ്രഹമായിരുന്നു അതിന് പ്രചോദനം. മനസിന് ഇഷ്ടപ്പെട്ട വഴിയിലൂടെ അധിവേഗം സഞ്ചരിച്ച ഇദ്ദേഹം 2006ൽ തന്നെ ഡിസൈനിങ്ങിൽ സ്വന്തമായി എക്സിബിഷൻ സംഘടിപ്പിക്കാനും തയാറായി.
ദുബൈ ക്രിയേറ്റീവ് പ്ലാസ്റ്റിക്സിന്റെ ആർട്ട് ഡയറക്ടറും ജി.എമ്മും ഈ പ്രദർശനം കാണാനെത്തിയിരുന്നു. ലോകത്തെ പ്രമുഖ കോർപറേറ്റ് സ്ഥാപനങ്ങൾക്കും രാജകുടുംബങ്ങൾക്കും പ്രമോഷനൽ വർക്കുകൾ ചെയ്തു നൽകുന്ന യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോക പ്രശസ്ത കമ്പനിയാണ് ദുബൈ ക്രിയേറ്റീവ് പ്ലാസ്റ്റിക്സ്. ഖത്തറിൽ നടക്കുന്ന രാജകുടുംബത്തിന്റെ വിവാഹ ചടങ്ങിലേക്ക് ക്രിയാത്മകമായി ചിന്തിക്കുന്ന യുവാക്കളെ കണ്ടെത്തുകയായിരുന്നു ഇരുവരുടെയും ബംഗളൂരു സന്ദർശന ഉദ്ദേശ്യം. തികച്ചും അപ്രതീക്ഷിതമായിരുന്നു ശംസീറിന്റെ ആർട്ട് പ്രദർശനത്തിലേക്കുള്ള ഇവരുടെ കടന്നു വരവ്. ശിൽപ കലയും ഡിസൈനിങ്ങും ചേർന്നുള്ള മനോഹരമായ നിർമിതികളുടെ അപൂർവ പ്രദർശനം ശംസീറിനെ ദുബൈ പ്ലാസ്റ്റിക്കിലെത്തിച്ചു.
അവർ വെച്ചു നീട്ടിയ ബിസിനസ് കാർഡിന്റെ പിൻബലത്തിൽ 21ാം മത്തെ വയസ്സിൽ അദ്ദേഹം ദുബൈ നഗരത്തിലേക്ക് പറന്നിറങ്ങി. അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായിട്ടായിരുന്നു ആദ്യ നിയമനം. ഇവരുടെ കീഴിൽ അനവധി പ്രോഗ്രാമുകൾക്ക് ആർട്ട് ഡയറക്ഷൻ നടത്തിവരവെ അൽ ഖയാലീ ഇവന്റ് ടീം നടത്തിയ ഒരു വിവാഹ ആഘോഷങ്ങൾക്ക് ഡിസൈൻ ചെയ്യാൻ ഇദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. ദുബൈയിലെ പാരിസ് ഗാലറി ഉടമ മുഹമ്മദ് അബ്ദുൽ റഹിം അൽ ഫാഹിമുമായുള്ള ബന്ധത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു. വിവാഹ ചടങ്ങുകൾക്കെത്തിയ അദ്ദേഹം സമ്മാനിച്ച പെർഫ്യൂമിലൂടെയാണ് ഡിസൈനിങ്ങിന്റെ ലോകത്തുനിന്ന് സുഗന്ധങ്ങളുടെ ലോകത്തേക്കുള്ള ശംസീറിന്റെ ചുവുടമാറ്റത്തിന്റെ തുടക്കം.
ലോകത്തെ ഏറ്റവും പ്രശസ്ത കമ്പനികളുടെ പെർഫ്യൂമുകൾ പ്രദർശനത്തിനെത്തിച്ചിരുന്ന ദുബൈയിലെ പ്രമുഖ സ്ഥാപനമാണ് പാരിസ് ഗാലറി. ഇദ്ദേഹവുമായുള്ള അടുപ്പം സുഗന്ധങ്ങളെ കുറിച്ച് പഠിക്കാനുള്ള സുവർണാവസരം കൂടിയായിരുന്നു. അൽ ഫാഹിമിന്റെ ബിസിനസ് പാർട്ണറും പ്രമുഖ പെർഫ്യൂം കമ്പനി സ്ഥാപകനുമായ അലക്സാണ്ടർ ജെയെ പരിചയപ്പെടാനും അദ്ദേഹത്തിനായി പെർഫ്യൂം ബോട്ടിൽ ഡിസൈൻ ചെയ്യാനും അവസരം ലഭിച്ചത് ജീവിതത്തിലെ വഴിത്തിരിവായി.
പെർഫ്യൂമുകളുടെ ലോകം
ഫ്രഞ്ച് ബിസിനസുകാരനായ അലക്സാണ്ടർ ജെയുമായുള്ള അടുപ്പമാണ് പെർഫ്യൂമുകളെ ലോകത്തെ കുറിച്ചുള്ള പുത്തനറിവുകൾ സമ്മാനിച്ചത്. 2011ൽ ഇദ്ദേഹം ശംസീറിനെ പാരിസിലേക്ക് കൊണ്ടു പോയി. അവിടെ നിന്ന് ചൈനയിലേക്കും. പാരിസ് യാത്ര പെർഫ്യൂമിന്റെ വിവിധ വകഭേദങ്ങളെ കുറിച്ച് മനസിലാക്കാൻ സഹായിച്ചു. ചൈനയിൽ വെച്ചാണ് പെർഫ്യൂം ബോട്ടിൽ നിർമാണത്തെ കുറിച്ചും മെഷീൻ പ്രോസസിങ്ങിന്റെ വിവിധ തലങ്ങളെ കുറിച്ചും പഠിക്കാനായത്. തുടർന്ന് 2012ൽ ‘കലക്ടർ’ എന്ന പേരിൽ സ്വന്തമായി ഒരു പെർഫ്യൂം ബ്രാൻഡിന് തുടക്കം കുറിച്ചു.
പെർമ്യൂം നിർമിക്കാനായി അജ്മാനിൽ ഒരു ചെറു ഫാക്ടറിയും തുടങ്ങി. ഇതിനിടെ യു.എ.ഇ കൂടാതെ അറബ് ലോകത്തെ ഭരണാധികാരികളും രാജകുടുംബാംഗങ്ങളും ഇദ്ദേഹത്തിന്റെ പെർഫ്യൂം ഉപഭോക്താക്കളായി മാറിയിരുന്നു. പക്ഷെ, പെർഫ്യൂമുകളിൽ തന്റേതായ സിഗ്നേച്ചർ പതിപ്പിക്കാനുള്ള ചിന്തകൾ അപ്പോഴും മനസ്സിൽ കൊണ്ടുനടന്നിരുന്നു ഇദ്ദേഹം. അതിനായി യോജിച്ച പേരും അന്വേഷിച്ചുവരികയായിരുന്നു. ഒരിക്കൽ അലക്സാണ്ടർ ജെയുടെ പെൺസുഹൃത്തിനെ പരിചയപ്പെട്ട വേളയിൽ അവർ ശംസീറിനെ ആർട്ടിസ്റ്റോ എന്ന് വിളിച്ചാണ് അഭിസംബോധന ചെയ്തത്.
ആർട്ടിസ്റ്റ് എന്നതിനെ ഫ്രഞ്ച് ഭാഷയിലേക്ക് കൊണ്ടു വന്നപ്പോൾ ആയതാണെങ്കിലും ശംസീറിന്റെ മനസിൽ ആ വാക്ക് തറച്ചുനിന്നു. അങ്ങനെയാണ് തന്റെ സ്വപ്ന ബ്രാന്റിന് ‘ആർട്ടിസ്റ്റോ’ എന്ന പേരിടാൻ തീരുമാനിക്കുന്നത്. ലോക പ്രശസ്തമായ പെർഫ്യൂം ബ്രാന്റ് നിർമിക്കാനുള്ള ആലോചനകൾക്കും ഈ പേര് ബലമേകിയെന്ന് പറയാം. ലോകത്തെ ഏറ്റവും മികച്ച പെർഫ്യൂമുകളുടെ നിർമാതാക്കളുള്ള ഫ്രാൻസിൽനിന്നു തന്നെ പെർഫ്യൂം നിർമിച്ച് ലോകത്തെ പരിചയപ്പെടുത്താനുള്ള തയാറെടുപ്പിലാണീ മലയാളി യുവാവ്. പാരിസിൽ ഇതിനായി ഓഫിസ് സ്ഥാപിക്കുകയും ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ കൈവശപ്പെടുത്തുകയും ചെയ്തു കഴിഞ്ഞു. വൈകാതെ ‘ആർട്ടിസ്റ്റോ’ ലോകം മുഴുവൻ സുഗന്ധം പുരത്തുമെന്ന പ്രതീക്ഷയിലാണിദ്ദേഹം.
വരൂ…പെർഫ്യൂം ബിസിനസ് തുടങ്ങാം
ദുബൈയിൽ മികച്ച വിപണി സാധ്യതയുള്ള സംരംഭങ്ങളിൽ ഒന്നാണ് പെർഫ്യൂം ബിസിനസ്. പുതു തലമുറയിലെ നിരവധി പേർ ഇൻസ്റ്റാഗ്രാമിലും മറ്റുമായി മികച്ച രീതിയിൽ പെർഫ്യൂം ബിസിനസ് ചെയ്യുന്നുമുണ്ട്. എന്നാൽ, പുറം രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യാതെ കുറഞ്ഞ ചെലവിൽ ദുബൈയിൽ തന്നെ മികച്ച പെർഫ്യൂമുകൾ ലഭ്യമാക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. ദുബൈ ലേബലിൽ തന്നെ പെർഫ്യൂമുകൾ നിർമിക്കാനുള്ള ലൈസൻസുള്ള സ്ഥാപനങ്ങളിൽ ഒന്നാണ് ശംസീറിന്റെത്. പെർഫ്യൂം ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇദ്ദേഹവുമായി ബന്ധപ്പെടാം.
Muhammed@artistoperfumes.com +971563569627