വ്യാപാരികൾക്ക് ചിരി മധുരക്കാലം; കച്ചവടം പൊടിപൊടിച്ച് ഈത്തപ്പഴ വിപണി
March 17, 2024റിയാദ്: ഈത്തപ്പഴ വിപണിയിൽ വൻ കുതിപ്പ്. റമദാൻ ആദ്യവാരം പിന്നിട്ടപ്പോൾ ഈത്തപ്പഴ വ്യാപാരികളുടെ മുഖത്ത് മധുരം കിനിയുന്ന പുഞ്ചിരിയാണ്. കയറ്റുമതിയിലും ചെറുകിട വിൽപനയിലും ഈ സീസണിൽ റെക്കോഡ് വിൽപനയാണ് നടന്നത്. 119 രാജ്യങ്ങളിലേക്കാണ് ഈത്തപ്പഴം കയറ്റുമതി ചെയ്തത്.
രാജ്യത്തിനകത്തും കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഉയർന്ന വിൽപനയാണ് നടന്നത്. 390 ശതകോടി അമേരിക്കൻ ഡോളറിനാണ് 2023 ലെ ഇതേസമയത്ത് ഈത്തപ്പഴം കയറ്റുമതി ചെയ്തത്. രാജ്യത്തെ ഏറ്റവും വലിയ കയറ്റുമതി നിരക്കാണിത്. മികച്ചയിനം ഈത്തപ്പഴങ്ങൾ തേടി സ്വദേശികളും വിദേശികളും റീട്ടെയിൽ സ്ഥാപനങ്ങളിലെത്തുന്നത് ചെറുകിട രംഗത്തെ ഉയർന്ന വിൽപന രേഖപ്പെടുത്താൻ കാരണമായി.അറബ് ആതിഥേയത്വത്തിൽ ഈത്തപ്പഴം ഒഴിവാക്കാൻ കഴിയാത്ത വിഭവമാണ്.
ഇഫ്താർ മേശകളിൽ ഈത്തപ്പഴം ഒരുക്കിവെക്കുന്ന പതിവ് വിദേശികൾക്കുമുണ്ട്. ഇതിന് വ്യത്യസ്തത ഇനം ഈത്തപ്പഴങ്ങൾ വിപണിയിലുണ്ട്. ഇഷ്ട സ്വാദുകൾ തെരഞ്ഞെടുക്കാൻ സുക്കരി, ഖുലാസ്, റൊട്ടാന, ബർഹി, സഗായ്, മജ്ദൂൽ, മബ്റൂം, അമ്പറ തുടങ്ങി പലതരം പഴങ്ങൾ വിപണിയിൽ ലഭ്യമാണ്. ആവശ്യക്കാരേറെയുള്ള മുന്തിയ ഇനം സുക്കരി ഈന്തപ്പഴം കിലോക്ക് 30 റിയാൽ മുതൽ ലഭ്യമാണ്.
ഒരേ പേരിൽ തന്നെ വിവിധ ഗുണനിലവാരത്തിലും ചെറുതും വലുതുമായ ഈത്തപ്പഴങ്ങളുണ്ട്. എല്ലാറ്റിനും വ്യത്യസ്തത വിലകളാണ്. അൽ ഖസീം സുക്കരി, അജ്വ മദീന തുടങ്ങി ദേശങ്ങളുടെ പേരിൽ ലഭിക്കുന്ന ഈത്തപ്പഴത്തിനും വില നിലവാരത്തിൽ മാറ്റമുണ്ടാകും.അൽ ഖസീമിൽ നിന്നുള്ള സുക്കരി ഈത്തപ്പഴത്തിനും മദീനയിൽ നിന്നുള്ള റൊട്ടാന ഈത്തപ്പഴത്തിനും അൽ-അഹ്സയിൽനിന്നുള്ള ഖുലാസ് ഈത്തപ്പഴത്തിനും ആവശ്യക്കാരേറെയാണ്. ഇത്തരം ഈത്തപ്പഴങ്ങളുടെ ലഭ്യത കുറവും വില കൂടുതലുമാണ് വിപണിയിൽ. കൂടാതെ ഏറെ പോഷകമൂല്യമുള്ള പഴമെന്ന ഗുണവും ഈത്തപ്പഴത്തിനുണ്ട്.