സംസ്ഥാനത്ത് റബർ ഉൽപാദനം കുറഞ്ഞു; കുരുമുളക് വിലയിടിവ് രൂക്ഷം
February 12, 2024ഏഷ്യൻ മാർക്കറ്റുകളിൽ റബർ മികവ് കാഴ്ച്ചവെച്ചു. ലൂണാർ പുതുവത്സരാഘോഷങ്ങളിലേയ്ക്ക് തിരിയും മുന്നേ റബർ സംഭരിക്കാൻ ചൈനീസ് വ്യവസായികൾ കാഴ്ച്ചവെച്ച മത്സരം വിപണി ചൂടുപിടിക്കാൻ അവസരം ഒരുക്കി. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ റബർ ഇറക്കുമതി നടത്തുന്ന രാജ്യമെന്ന നിലയ്ക്ക് അവരുടെ സാന്നിധ്യം മുഖ്യ കയറ്റുമതി കേന്ദ്രമായ ബാങ്കോക്കിനെ സജീവമാക്കി.
തായ് മാർക്കറ്റിൽ നാലാം ഗ്രേഡിന് തുല്യമായ ഷീറ്റ് വില 18,400 രൂപ വരെ ഉയർന്ന ശേഷം വാരാന്ത്യം 17,642 രൂപയിലാണ്. റെഡി മാർക്കറ്റിൽ റബറിന് അനുഭവപ്പെട്ട ഡിമാൻറ് അവധി വ്യാപാരത്തിലും റബറിന് കരുത്തായി. ജപ്പാൻ, സിംഗപ്പുർ, ചൈനീസ് വിപണികളിൽ റബർ മാർച്ച് അവധികൾ ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലവാരം ദർശിച്ചു.
കേരളത്തിൽ വരണ്ട കാലാവസ്ഥയും ഉയർന്ന പകൽ താപനിലയും മൂലം പല ഭാഗങ്ങളിലും കർഷകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് പാൽ ഉൽപാദനം ഉയർന്നില്ല. മരങ്ങളിൽ നിന്നുള്ള യീൽഡ് ചുരുങ്ങിയതോടെ ചെറുകിട കർഷകർ ടാപ്പിങ് ദിനങ്ങൾ വെട്ടി കുറച്ചു. ടയർ നിർമ്മാതാക്കൾ നാലാം ഗ്രേഡ് റബർ 16,400 നും അഞ്ചാം ഗ്രേഡ് 16,000 രൂപയ്ക്കും ശേഖരിച്ചു. ലാറ്റക്സ് 11,400 രൂപയിൽ വിപണനം നടന്നു.
കുരുമുളക് വില വീണ്ടും ഇടിഞ്ഞു. കാർഷിക മേഖലയിൽ വിളവെടുപ്പ് ഊർജിതമായത് കണ്ട് ഉത്തരേന്ത്യകാർ നിരക്ക് താഴ്ത്തി ചരക്ക് ശേഖരിച്ചു. ഉയർന്ന കാർഷിക ചിലവുകൾ മൂലം ചെറുകിട കർഷകർ വാങ്ങലുകാരുടെ സമ്മർദ്ദത്തിന് വഴങ്ങി മുളക് കൈമാറാൻ നിർബന്ധിതരായി. ഇതിനിടയിൽ കർണാടകത്തിലെ സ്റ്റോക്കിസ്റ്റുകളും വിൽപ്പനയിലേയ്ക്ക് തിരിഞ്ഞത് വിലയെ ബാധിച്ചു. വാരാവസാനം അൺ ഗാർബിൾഡ് കുരുമുളക് 54,400 രൂപയിലും ഗാർബിൾഡ് 56,400 രൂപയിലുമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 7200 ഡോളർ. ആഭ്യന്തര മുളക് വില കുറഞ്ഞങ്കിലും വിദേശ രാജ്യങ്ങളിൽ നിന്നും ആവശ്യകാരില്ല.
ആഗോള തലത്തിൽ കൊക്കോ ക്ഷാമം രൂക്ഷമായതോടെ ഉൽപ്പന്ന വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിൽ. ടണ്ണിന് 5800 ഡോളറായി കൊക്കോ വില ഉയർന്നു. ജനുവരി ആദ്യം ലണ്ടനിൽ വില 4000 ഡോളർ മാത്രമായിരുന്നു. വിലക്കയറ്റത്തിനിടയിൽ രാജ്യാന്തര സ്റ്റോക്കിസ്റ്റുകൾ അടുത്ത വാരം സ്വീകരിക്കുന്ന നിലപാട് നിർണായമാവും. ഹൈറേഞ്ച് മേഖലയിൽ നിന്നും ചോക്കേളേറ്റ് വ്യവസായികൾ ഉണക്ക കൊക്കോ കിലോ 360 രൂപയ്ക്കും പച്ച കൊക്കോ 150 രൂപയ്ക്കും ശേഖരിച്ചു. ഉയർന്ന വില കണ്ട് മദ്ധ്യകേരളത്തിലെ കർഷകർ ചരക്ക് വിൽപ്പനയ്ക്ക് ഉത്സാഹിച്ചു.
നാളികേരോൽപ്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല. പ്രദേശിക തലത്തിൽ വെളിച്ചെണ്ണ വിൽപ്പന കുറഞ്ഞത് മുന്നേറ്റത്തിന് തടസമായി. കൊച്ചിയിൽ എണ്ണ 13,900 രൂപയിലും കോഴിക്കോട് 16,250 രൂപയിലുമാണ്.
ഏലം വിളവെടുപ്പ് അവസാനിക്കുന്ന ത് മുൻ നിർത്തി ഇടപാടുകാർ ലേലത്തിൽ ചരക്കിനായി ഉത്സാഹിച്ചു. വാരാവസാനം ശരാശരി ഇനങ്ങൾ 1533 രൂപയിലും മികച്ചയിനങ്ങൾ 2203 രൂപയിലുമാണ്. കയറ്റുമതി സമൂഹവും ആഭ്യന്തര വ്യാപാരികളും ഏലക്ക ശേഖരിച്ചു.