ഐ.ടി വ്യവസായം: സുപ്രധാന പങ്ക് വഹിക്കാന്‍ കേരളം
February 8, 2024കൊച്ചി: രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഐ.ടി വ്യവസായം 35,000 കോടി ഡോളറിന്റേതാകുമ്പോള് (2.90 ലക്ഷം കോടി രൂപ) സുപ്രധാന പങ്കാളിത്തം കേരളത്തില്നിന്നാകുമെന്ന് പഠന റിപ്പോര്‍ട്ട്.കോണ്‍ഫെഡറേഷന്‍ ഓഫ് ഓര്‍ഗാനിക് ഫുഡ് പ്രൊഡക്ഷന്‍ ആന്റ് മാര്‍ക്കറ്റിങ് ഏജന്‍സീസ്, എം.എസ്.എം.ഇ എക്സ്പോര്‍ട്ട് പ്രൊമോഷന് കൗണ്‍സില്‍ എന്നിവ സംയുക്തമായാണ് കേരള ഇൻവെസ്റ്റ്മെന്റ്, ഗ്രോത്ത് ആന്റ് ഡെവലപ്മെന്റ് എന്ന പഠന റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകള്‍ ഇതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് എം.എസ്.എം.ഇ ഉന്നതാധികാര സമിതി ചെയര്മാന് ഡോ. ഡി.എസ് റാവത്ത് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.2023 വരെ കേരളത്തില്‍ ആകെ 1,70,000 ഐ.ടി ജോലിക്കാരാണുള്ളത്. 2016ല്‍ 90,000 മാത്രമായിരുന്നു. 88 ശതമാനമാണ് വര്‍ധന. ഇത്രയധികം പ്രഫഷനലുകളെ കേരളത്തിലേക്ക് ആകര്ഷിച്ചതില് ഐ.ടി പാര്‍ക്കുകളുടെ പങ്ക് റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്.
ഏതാണ്ട് 21,000 കോടി രൂപയുടെ കയറ്റുമതിയാണ് കേരള ഐ.ടി പാര്‍ക്കുകള്‍ രേഖപ്പെടുത്തിയത്. നിലവില്‍ ഒന്നരലക്ഷം ജീവനക്കാർ ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവടങ്ങളിലായി ജോലിചെയ്യുന്നു.ഐ.ടിക്ക് പുറമെ ചില്ലറ വ്യാപാരം, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഗതാഗതം, സാമ്പത്തിക സേവനങ്ങള്‍ എന്നിവയിലെല്ലാം ഐ.ടി മേഖലയുടെ സംഭാവനകളുണ്ട്. കഴക്കൂട്ടം-കോവളം ദേശീയപാത ബൈപാസ് 66ന്റെ ഇരു വശങ്ങളിലുമുള്ള 764.19 ഏക്കറിൽ സംസ്ഥാനത്തെ ആദ്യ ഐ.ടി ഇടനാഴിയാണ് നിലവില്‍വന്നത്.
നാലാം ഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരം ടെക്നോപാര്‍ക്ക് രാജ്യത്തെതന്നെ ഏറ്റവും വലുതാകും. രാജ്യത്തെ ഏറ്റവും മികച്ച ഐ.ടി ആവാസ വ്യവസ്ഥ കെട്ടിപ്പെടുക്കുന്നതില്‍ ടെക്നോപാര്‍ക്ക് നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു.കേരളത്തിന് ഏറെ അനുയോജ്യമായ വ്യവസായമെന്ന നിലയില്‍ ഐ.ടി പാര്‍ക്കുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് കോഴിക്കോട് സൈബർ പാര്‍ക്കിന്റെ ചുമതലക്കാരൻ കൂടിയായ ഇന്‍ഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു.