ജീവനക്കാരുടെ ക്ഷാമബത്ത കൂടും

ജീവനക്കാരുടെ ക്ഷാമബത്ത കൂടും

February 5, 2024 0 By BizNews

2024 ജനുവരി മുതൽ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയിൽ നാലു ശതമാനം വർധനയുണ്ടാകും. ക്ഷാമബത്ത കണക്കാക്കുന്നതിനാധാരമായ ഉപഭോക്തൃ വില സൂചികയിൽ 2023 ഡിസംബറിൽ കഴിഞ്ഞ ജൂണിനേക്കാൾ 10.5 പോയന്റ് വർധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്.

രാജ്യത്തെ 28 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വ്യവസായ പ്രാധാന്യമുള്ള 88 നഗരങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 317 വിപണികളിലെ 463 ഇനം സാധനങ്ങളുടെയും സേവനങ്ങളുടെയും വില മാസംതോറും താരതമ്യം ചെയ്താണ് ക്ഷാമബത്ത കണക്കാക്കുന്നതിനാധാരമായ ഉപഭോക്‌തൃ വില സൂചിക തയാറാക്കുന്നത്. ഡിസംബറിലെ ഉപഭോക്‌തൃ വില സൂചികയെ ആസ്പദമാക്കിയുള്ള പണപ്പെരുപ്പം 5.69 ശതമാനമായി ഉയർന്നപ്പോൾ മൊത്തവിലയെ ആസ്പദമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറിൽ 0.73 ശതമാനമായിരുന്നു.

നാലു മാസമായി ഉപഭോക്‌തൃ വില സൂചികയെ ആസ്പദമാക്കിയുള്ള പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ സഹന പരിധിയായ ആറു ശതമാനത്തിൽ താഴെയാണ്. അതേസമയം, നടപ്പുസാമ്പത്തിക വർഷം രണ്ടാംപാദത്തിൽ രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 7.6 ശതമാനമായി ഉയർന്നതായി നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് നവംബർ 30ന് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

2022-2023 സാമ്പത്തിക വർഷം രണ്ടാംപാദത്തിൽ ജി.ഡി.പി 6.2 ശതമാനമായിരുന്നു.

ഇതോടെ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത 50 ശതമാനമായി ഉയരും. സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത മൂന്നു ശതമാനം വർധിച്ച് 28 ശതമാനമാവും (എന്നാൽ 2021 ജനുവരി മുതൽ 18 ശതമാനം നിലവിൽ കുടിശ്ശികയാണ്).

സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത ആറ് ശതമാനം കൂടും. കഴിഞ്ഞ ശമ്പള പരിഷ്‍കരണത്തിൽ ക്ഷാമബത്ത ഭാഗികമായി മാത്രം അടിസ്ഥാന ശമ്പളത്തോടൊപ്പം ലയിപ്പിച്ചതിനാലാണിത് (33 ശതമാനം നിലവിൽ കുടിശ്ശികയാണ്). ഇതോടെ സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത 115 ശതമാനമാകും. സാധാരണഗതിയിൽ ഫെബ്രുവരി-മാർച്ച് മാസത്തോടെ കേന്ദ്രം ക്ഷാമബത്ത അനുവദിച്ച് ഉത്തരവാകും.

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ കുടിശ്ശികയായിരുന്ന അഞ്ച് ഗഡു ക്ഷാമബത്തയിലെ ആദ്യ ഗഡുവെങ്കിലും കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജീവനക്കാർ.