നയംമാറ്റി ഇടതുപക്ഷം, സ്വകാര്യമേഖലക്ക് പച്ചക്കൊടി; പ്രതിസന്ധി തീർക്കാൻ ഇത് മതിയോ ?

നയംമാറ്റി ഇടതുപക്ഷം, സ്വകാര്യമേഖലക്ക് പച്ചക്കൊടി; പ്രതിസന്ധി തീർക്കാൻ ഇത് മതിയോ ?

February 5, 2024 0 By BizNews

ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോഴാണ് വീണ്ടും സംസ്ഥാന ബജറ്റ് വരുന്നത്. സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനിടെയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള പ്രായോഗിക നിർദേശങ്ങൾക്കൊപ്പം തെരഞ്ഞെടുപ്പ് വർഷത്തിൽ ജനങ്ങളെ ആകർഷിക്കുന്നതിന് വേണ്ടിയു​ള്ള പ്രഖ്യാപനങ്ങളും നടത്തുകയെന്ന ബാലൻസിങ്ങാണ് ധനമന്ത്രിക്ക് ബജറ്റിൽ നടത്താനുണ്ടായിരുന്നത്.

ഇതിൽ പൂർണമായും ധനമന്ത്രി വിജയിച്ചോയെന്ന കാര്യം സംശയമാണ്. എങ്കിലും കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ച് നിലവിലുള്ള പ്രതിസന്ധിക്ക് സംസ്ഥാനം മാത്രമല്ല കാരണക്കാ​രെന്ന് പറയാൻ ബജറ്റിലൂടെ ധനമന്ത്രിക്ക് കഴിഞ്ഞിട്ടുണ്ട്.

ബജറ്റിന് മുമ്പ് ഉയർന്നുകേട്ടത് പ്രധാനമായും രണ്ട് ചോദ്യങ്ങളായിരുന്നു. ഇതിൽ ഒന്നാമത്തെ ചോദ്യം ക്ഷേമപെൻഷൻ വർധിപ്പിക്കുമോയെന്നതായിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അധിക വിഭവസമാഹരണം സർക്കാറിന് നടത്തേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. ഇതിനായി സർക്കാർ ഏതൊക്കെ മാർഗങ്ങൾ സ്വീകരിക്കുമെന്നതും ആകാംക്ഷ ഉയർത്തിയിരുന്നു.

എല്ലാവരും പ്രതീക്ഷിച്ചത് പോലെ സർക്കാർ ക്ഷേമപെൻഷൻ ഉയർത്തിയിട്ടില്ല. പക്ഷേ, ക്ഷേമപെൻഷൻ കൃത്യസമയത്ത് നൽകുമെന്നും പറയുന്നു​ണ്ടെങ്കിലും ഇത് എങ്ങനെ സാധ്യമാക്കുമെന്ന കാര്യത്തിൽ ബജറ്റ് മൗനം പാലിക്കുകയാണ്. ക്ഷേമ പെൻഷൻ സമയബന്ധിതമായി നൽകാൻ കഴിഞ്ഞ ബജറ്റിൽ ഏർപ്പെടുത്തിയ ഇന്ധ നസെസ് പൂർണ പരാജയമാണെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. പെൻഷനായി പുതിയ ധനസമാഹരണ മാർഗങ്ങ​ളൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തിൽ പ്രതിമാസം 62 ലക്ഷത്തോളം വരുന്ന പെൻഷൻകാർക്ക് ക്ഷേമപെൻഷൻ എങ്ങനെ കൃത്യസമയത്ത് നൽകുമെന്ന ചോദ്യം ഉയരുകയാണ്.

പൊതുമേഖലക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഇടത് നയത്തിൽ നിന്നുള്ള വ്യതിചലനം കൂടി പ്രഖ്യാപിക്കുന്നതാണ് ബാലഗോപാലിന്റെ ബജറ്റ്. വിദ്യാഭ്യാസം മുതൽ വ്യവസായം വരെ സ്വകാര്യനിക്ഷേപത്തിനായി തുറന്നുകൊടുക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുന്നു. ആശുപത്രികളുടേയും സ്കൂളുകളുടേയും നവീകരണത്തിന് പൊതുജനങ്ങ​ളോട് പണപ്പിരവ് നടത്താനും സർക്കാർ മടിക്കുന്നില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് സ്വകാര്യമേഖലയുടെ കൂടി പിന്തുണയോടെ ചൈനീസ് മോഡൽ നടപ്പാക്കുമെന്നാണ് ധനമന്ത്രി പറയുന്നത്.

സർക്കാർ ജീവനക്കാരെ ഒപ്പം നിർത്താനുള്ള ശ്രമങ്ങൾ ബജറ്റിൽ കാണാൻ സാധിക്കും. പങ്കാളിത്ത പെൻഷന് പകരം ജീവനക്കാർക്ക് കൂടുതൽ ഗുണകരമാവുന്ന പുതിയ പദ്ധതി അവതരിപ്പിക്കുമെന്ന പ്രഖ്യാപനത്തിന് വലിയ സ്വീകാര്യത ലഭിക്കാനിടയുണ്ട്. ഡി.എ കുടിശ്ശികയുടെ ഒരു ഗഡുവെങ്കിലും അനുവദിക്കാനുള്ള തീരുമാനം സർക്കാർ ജീവനക്കാരുടെ സർക്കാറിനോടുള്ള രോഷത്തിന് നേരിയ അയവെങ്കിലും വരുത്തുമെന്നാണ് സൂചന. പുതിയ ചില ചെറു പദ്ധതികൾ ഒഴിച്ചുനിർത്തിയാൽ വൻ പ്രഖ്യാപനങ്ങൾ നടത്താൻ ധനമന്ത്രി മുതിർന്നിട്ടില്ലയെന്നതും ശ്രദ്ധേയമാണ്.

കേരളം വിട്ട് വിദ്യാർഥികൾ പഠനത്തിനായി അന്യരാജ്യങ്ങളിലേക്ക് ചേക്കേറുകയും അവിടെ തന്നെ സ്ഥിരതാമസമാക്കുകയും ചെയ്യുന്ന പ്രവണത കൂടി വരികയാണ്. ഇതിന് തടയിടാൻ കേരളത്തിൽ തന്നെ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കാനുള്ള നിർദേശങ്ങളും ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്. വിദേശ സർവകലാശാലക്ക് ഉൾപ്പടെ അനുമതി നൽകുമെന്ന പ്രഖ്യാപനങ്ങൾ ഇതുകൂടി ലക്ഷ്യമിട്ടാണ്.

ഡിജിറ്റൽ സർവകലാശാലയുടെ കൂടുതൽ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നതും ഓക്സ്ഫോഡ് സർവകലാശാലയിൽ ഉൾപ്പടെ ഉന്നതപഠനത്തിന് അവസരമൊരുമെന്നുള്ള പ്രഖ്യാപനങ്ങളിലും വിദ്യാഭ്യാസമേഖലയിലെ ഈ കൊഴിഞ്ഞുപോക്കിന് ചെറുതായെങ്കിലും തടയിടാൻ സാധിക്കുമോയെന്ന് തന്നെയാണ് നോക്കുന്നത്. വിദേശങ്ങളിലേക്കുള്ള മലയാളിയുടെ ചേക്കേറൽ സാധാരണ സംഭവമായി മാറിയതോടെ ഇവിടെ വയോജനങ്ങളുടെ എണ്ണം വർധിക്കാനുള്ള സാധ്യതയും ബജറ്റ് പരിഗണിക്കുന്നുണ്ട്.

ബജറ്റ് നിർദേശിക്കുന്ന അധികവിഭവസമാഹരണം മാത്രം മതിയാകുമോ കേരളം നിലവിൽ അകപ്പെട്ട പ്രതിസന്ധി മറികടക്കാനെന്ന സംശയം ബാക്കിയാവുകയാണ്. കേരളത്തിലെ നികുതി കുടിശ്ശിക പിരിച്ചെടുക്കാൻ ഇക്കുറിയും ആംനെസ്റ്റി സ്കീം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് എത്രത്തോളം വിജയകരമാവുമെന്ന് കണ്ടറിയണം. ജുഡീഷ്യൽ ഫീസുകൾ വർധിപ്പിക്കുകയും മദ്യത്തിന് 10 രൂപയുടെ അധിക നികുതി ചുമത്തിയുമാണ് വിഭവസമാഹരണം നടത്തുന്നത്. മണൽവാരി പണമുണ്ടാക്കാനുള്ള പദ്ധതി ഇത്തവണത്തെ ബജറ്റിൽ വീണ്ടും ഇടംപിടിച്ചിട്ടുണ്ട്. ഇതിന്റെ പ്രായോഗികതയിലും സംശയമുണ്ട്.

 പ്രതിസന്ധികാലത്ത് അത് മറികടക്കാൻ കൃത്യമായൊരു പോംവഴി നിർദേശിക്കാൻ ധനമന്ത്രി കെ.എൻ ബാലഗോപാലിനും സാധിക്കുന്നില്ല. കേന്ദ്രം കനിഞ്ഞില്ലെങ്കിൽ വലിയ പ്രതിസന്ധിയാണ് കാത്തിരിക്കുന്നതെന്ന യാഥാർഥ്യം ധനമന്ത്രി അംഗീകരിക്കുന്നുണ്ട്. ഇത് മറികടക്കാൻ കൂടുതൽ ബാധ്യതകൾ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാൻ തൽകാലത്തേക്ക് ഒരുക്കമല്ലെന്ന സൂചനയാണ് ബജറ്റിൽ ധനമന്ത്രി നൽകുന്നത്. കേന്ദ്രം അവഗണന തുടരുകയാണെങ്കിൽ തങ്ങൾക്ക് പ്ലാൻ ബി ഉണ്ടെന്ന് ധനമന്ത്രി പറയുന്നുണ്ടെങ്കിലും ഇതെന്താണെന്ന് വെളിപ്പെടുത്താനും അദ്ദേഹം തയാറല്ല. പുതിയ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കാതെ പരമാവധി ചെലവുകൾ കുറച്ച് മുന്നോട്ടു പോവുകയെന്ന തന്ത്രമാണ് ബജറ്റിൽ ധനമന്ത്രി പയറ്റുന്നത്. കിഫ്ബിയിൽ വലിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.