നരേന്ദ്ര മോദിയുടെ മൂന്നാം വരവിൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയാവുമെന്ന് നിർമല സീതാരാമൻ

നരേന്ദ്ര മോദിയുടെ മൂന്നാം വരവിൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയാവുമെന്ന് നിർമല സീതാരാമൻ

February 4, 2024 0 By BizNews

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ മൂന്നാം വരവിൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയാവുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നിർമല സീതാരാമന്റെ പരാമർശം. മൂന്നാം ടേമിൽ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത്‍ യാഥാർഥ്യമാക്കാനുള്ള നടപടികളെല്ലാം സ്വീകരിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

2004 മുതൽ 2014 വരെയുള്ള 10 വർഷം യു.പി.എ സർക്കാർ പാഴാക്കി. കോവിഡ് ഉൾപ്പടെയുള്ള പ്രതിസന്ധികളെ നേരിട്ടുവെങ്കിലും വീണ്ടും ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ ഉയർച്ചയുടെ പാതയിലാണ്. സമ്പദ്‍വ്യവസ്ഥയിലെ സ്വയംപര്യാപ്തതക്ക് വേണ്ടി വലിയ കാമ്പയിനുകളാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടത്തിയതെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

ഒന്നാം നരേന്ദ്ര മോദി സർക്കാർ സമ്പദ്‍വ്യവസ്ഥയെ വളർച്ചയുടെ പാതയിലേക്ക് നയിച്ചു. രണ്ടാം മോദി സർക്കാർ ക്ഷേമ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും എല്ലാവരേയും ഉൾക്കൊള്ളുന്ന സമ്പദ്‍വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുകയും ചെയ്തുവെന്ന് നിർമല പറഞ്ഞു.