ഫ്ലിപ്കാർട്ട് വിട്ട സഹസ്ഥാപകൻ ബിന്നി ബൻസാൽ പുതിയ എ.ഐ സ്റ്റാർട്ടപ്പുമായി വരുന്നു

ഫ്ലിപ്കാർട്ട് വിട്ട സഹസ്ഥാപകൻ ബിന്നി ബൻസാൽ പുതിയ എ.ഐ സ്റ്റാർട്ടപ്പുമായി വരുന്നു

November 8, 2023 0 By BizNews

ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിന് ജീവൻ നൽകിയ വ്യക്തികളിലൊരാളാണ് ബിന്നി ബൻസാൽ. ഡൽഹി ​​ഐ.ഐ.ടിയിലെ സഹപാഠികളായിരുന്ന സചിൻ ബൻസാലും ബിന്നിയും ചേർന്ന്​ 2007ലായിരുന്നു​ ബംഗളൂരു ആസ്ഥാനമാക്കി ഫ്ലിപ്​കാർട്ടിന് തുടക്കമിട്ടത്​. രാജ്യമൊട്ടാകെ ഡെലിവറിയുള്ള ഓൺലൈൻ പുസ്തക വിൽപ്പനയിലായിരുന്നു തുടക്കകാലത്ത് ഫ്ലിപ്കാർട്ട് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പതിയെ വൻ ജനപ്രീതിയാർജിച്ചതോടെ, കൂടുതൽ ഉത്പന്നങ്ങൾ ലിസ്റ്റ് ചെയ്യുകയായിരുന്നു.

ഈ വർഷം ജൂലൈയിൽ ബിന്നിയും 2018-ൽ സചിനും അവരുടെ ഓഹരികൾ പൂർണ്ണമായും വിറ്റഴിച്ച് ഇ കൊമേഴ്‌സ് സ്ഥാപനത്തിൽ നിന്ന് പടിയിറങ്ങിയിരുന്നു. അതിൽ നിന്ന് ലഭിച്ച ഭീമമായ തുക ഇരുവും മറ്റ് മേഖലകളിലും പുതിയ സംരംഭങ്ങളിലും നിക്ഷേപിക്കുകയായിരുന്നു. അതിനിടെ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പുമായി എത്തുകയാണ് ബിന്നി ബൻസാൽ. എ.ഐ-യെ ഒരു സേവനമാക്കി (AI-as-a-service startup) അവതരിപ്പിക്കുകയാണ് അദ്ദേഹം.

ബിന്നിയുടെ പുതിയ കമ്പനി ഏത് തരത്തിലുള്ള പ്രവർത്തനങ്ങളോ ഉൽപ്പന്നങ്ങളോ സേവനങ്ങളോ ആണ് നൽകുകയെന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ്, ഇൻഫോസിസ് ലിമിറ്റഡ് തുടങ്ങിയ ഔട്ട്‌സോഴ്‌സിങ് ദാതാക്കളുടെ ബിസിനസ് മോഡൽ അനുകരിച്ച് സാമ്പത്തിക സേവനങ്ങളിലും ഡാറ്റ സയൻസ്, അനലിറ്റിക്‌സ് മേഖലയിലും സേവനങ്ങൾ നൽകാനാണ് സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നതെന്നാണ് പ്രാഥമിക വിവരം.

കമ്പനി 2024 ന്റെ രണ്ടാം പകുതിയിൽ അതിന്റെ ഉൽപ്പന്നങ്ങളും സേവനങ്ങളും പുറത്തിറക്കാനും വിപണനം ആരംഭിക്കാനും ലക്ഷ്യമിടുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

ബംഗളൂരു കേന്ദ്രമാക്കി സിംഗപ്പൂരിലായിരിക്കുൃ സ്റ്റാർട്ടപ്പിന്റെ ആസ്ഥാനം. സംരംഭത്തിനായി ബൻസാൽ 15 വിദഗ്ധരെ നിയമിച്ചിട്ടുണ്ട്. അതിൽ കൂടുതലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശാസ്ത്രജ്ഞരാണ്. എത്രയും പെട്ടന്ന് തന്നെ കൂടുതൽ പേരെ നിയമിക്കാനും അദ്ദേഹം പദ്ധതിയിടുന്നതായി റിപ്പോർട്ടിൽ പറയുന്നു.