നിഫ്റ്റിയും സെൻസെക്സും ഉയർന്നു; നിക്ഷേപകർക്ക് രണ്ട് ലക്ഷം കോടിയുടെ നേട്ടം
October 11, 2023ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബോംബെ സൂചിക സെൻസെക്സ് 393 പോയിന്റ് നേട്ടത്തോടെ 66,473ലും ദേശീയ സൂചിക നിഫ്റ്റി 121 പോയിന്റ് നേട്ടത്തോടെ 19,811ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ നേട്ടം ഇന്ത്യയിലും പ്രതിഫലിക്കുകയായിരുന്നു.
ഇതിനൊപ്പം യു.എസിൽ ബോണ്ട് വരുമാനത്തിലുണ്ടായ ഇടിവും ഇന്ത്യൻ ഓഹരി വിപണിയെ സ്വാധീനിച്ചു. ഇനി പലിശനിരക്ക് വർധനയുണ്ടാവില്ലെന്ന സൂചന ഫെഡറൽ റിസർവ് നൽകിയതോടെയാണ് യു.എസിലെ ബോണ്ട് വരുമാനം ഇടിഞ്ഞത് .2007ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ നിന്നാണ് ബോണ്ട് വരുമാനം ഇടിഞ്ഞത്.
സമ്പദ്വ്യവസ്ഥക്ക് കരുത്താകാൻ ചൈന പ്രത്യേക സഹായം പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങളും വിപണിയെ സ്വാധീനിച്ചു. ബജറ്റ് കമ്മി കൂട്ടി കൂടുതൽ തുക അടിസ്ഥാന സൗകര്യ വികസനത്തിനായി നീക്കിവെക്കാനാണ് ചൈനയുടെ പദ്ധതി.
ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 1.9 ലക്ഷം കോടിയാണ് ഒരു ദിവസം കൊണ്ട് കൂടിയത്. 321.6 ലക്ഷം കോടിയിൽ നിന്നും 319.7 ലക്ഷം കോടിയാണ് വിപണിമൂല്യം ഉയർന്നത്.