മൊത്തവില അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം എട്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

മൊത്തവില അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം എട്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

July 14, 2023 0 By BizNews

ന്യൂഡൽഹി: മൊത്തവിലയിലെ പണശോഷണം തുടർച്ചയായ മൂന്നാം മാസമായ ജൂണിലും തുടർന്നു. മൊത്ത വില സൂചിക എട്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ – 4.12 ശതമാനത്തിലേക്ക് ചുരുങ്ങി. വെള്ളിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം ഭക്ഷ്യ ഉൽപന്നങ്ങൾ, ഇന്ധനം, അടിസ്ഥാന ലോഹങ്ങൾ എന്നിവയുടെ വില കുറഞ്ഞത് മൂലമാണിത്. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മേയ് മാസത്തിൽ -3.48 ശതമാനമാണ്. 2022 ജൂണിൽ ഇത് 16.23 ശതമാനമായിരുന്നു. ഏറ്റവും കുറഞ്ഞ മൊത്തവില സൂചിക 2015 ഒക്ടോബറിലാണ് രേഖപ്പെടുത്തിയത് – 4.76 ശതമാനം. മേയിലെ 4.3 ശതമാനത്തിൽ നിന്ന് ജൂണിൽ 4.8 ശതമാനമായി ഉയർന്ന ചില്ലറ പണപ്പെരുപ്പത്തിന് വിപരീതമായാണ് മൊത്തവില സൂചികയിലെ ഇടിവ്.

ധാതു എണ്ണകൾ, ഭക്ഷ്യ ഉൽപന്നങ്ങൾ, അടിസ്ഥാന ലോഹങ്ങൾ, അസംസ്‌കൃത പെട്രോളിയം, പ്രകൃതി വാതകം, തുണിത്തരങ്ങൾ എന്നിവയുടെ വിലയിടിവാണ് 2023 ജൂണിലെ പണപ്പെരുപ്പ നിരക്ക് കുറയാൻ പ്രധാന കാരണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഡേറ്റ അനുസരിച്ച്, ഇന്ധനത്തിന്റെയും ഊർജത്തിന്റെയും സൂചിക ജൂണിൽ 12.63 ശതമാനമായി കുറഞ്ഞു. പ്രാഥമിക ഉൽപ്പന്നങ്ങളുടെത് 2.87 ശതമാനവും നിർമിച്ച ഉൽപ്പന്നങ്ങളുടേത് 2.71 ശതമാനവും കുറഞ്ഞു. ഭക്ഷ്യ സൂചിക 1.24 ശതമാനമായി ചുരുങ്ങി.