ബി.എസ്​.എൻ.എൽ 4ജി ആകാൻ ഇനിയും വേണം ഒന്നര വർഷം; കഴിഞ്ഞവർഷം കൊഴിഞ്ഞുപോയത്​ 77 ലക്ഷം ഉപഭോക്താക്കൾ

ബി.എസ്​.എൻ.എൽ 4ജി ആകാൻ ഇനിയും വേണം ഒന്നര വർഷം; കഴിഞ്ഞവർഷം കൊഴിഞ്ഞുപോയത്​ 77 ലക്ഷം ഉപഭോക്താക്കൾ

June 14, 2023 0 By BizNews

തൃശൂർ: കേന്ദ്രസർക്കാർ പുതിയ പുനരുദ്ധാരണ പാക്കേജുകൾ പ്രഖ്യാപിക്കുമ്പോഴും ബി.എസ്​.എൻ.എൽ 4 ജി യാഥാർഥ്യമാകാൻ ഒന്നര വർഷമെടുക്കും. സ്വകാര്യ ടെലികോം കമ്പനികളായ എയർടെല്ലും റിലയൻസ്​ ജിയോയും 5 ജിയുമായി മുന്നോട്ടുപോകുമ്പോഴാണ്​ ബി.എസ്​.എല്ലിന്‍റെ കാര്യത്തിൽ ഈ മെല്ലെപ്പോക്ക്​. കമ്പനിയെ ഗുരുതരാവസ്ഥയിലെത്തിക്കാൻ ഇടവരുത്തുന്നതാണിതെന്ന്​ യൂനിയനുകളുടെയും അസോസിയേഷനുകളുടെയും കൂട്ടായ്മ സംസ്ഥാന ഗവർണർമാർക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ബി.എസ്​.എൻ.എൽ പുനരുദ്ധാരണത്തിന്​ അടിയന്തര ഇടപെടലിന്​ അഭ്യർഥിച്ചാണ്​ നിവേദനം നൽകിയത്​.

അതിവേഗ ഡേറ്റ ലഭിക്കാത്തതിനാൽ 2022ൽ മാത്രം 77 ലക്ഷം ഉപഭോക്താക്കൾ ബി.എസ്​.എൻ.എല്ലിനെ ഉപേക്ഷിച്ചെന്ന്​ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അതിനുശേഷവും കൊഴിഞ്ഞുപോക്ക്​ തുടരുകയാണ്​. ബി.എസ്​.എൻ.എല്ലിൽ 4 ജി നടപ്പാക്കുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാറും കമ്പനി മാനേജ്​മെന്‍റും പറയുന്നുണ്ടെങ്കിലും യാഥാർഥ്യമതല്ലെന്നും ഇതേ മാനേജ്​മെന്‍റാണ്​ 4 ജി നടപ്പാവാൻ ഇനിയും 18 മാസം വേണമെന്ന്​ പറയുന്നതെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രസർക്കാർ സൃഷ്ടിച്ച തടസ്സം മാത്രമാണ്​ ബി.എസ്​.എൻ.എല്ലിന്​ 4ജി ലഭിക്കാത്തതിന്​ പിന്നിൽ. 2019 ഒക്​ടോബറിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിലെ പ്രധാന ഇനം 4 ജി സ്​പെക്​ട്രമായിരുന്നു. 2020 ഏപ്രിലോടെ രാജ്യത്തിന്‍റെ പല ഭാഗത്തുള്ള 49,300 ടവറുകൾ (ബേസ്​ ​ട്രാൻസീവർ സ്​റ്റേഷൻ) കുറഞ്ഞ ചെലവിൽ നവീകരിച്ച്​ 4 ജിയിലേക്ക്​ ഉയർത്താമായിരുന്നു. ഇതിന്​ കേന്ദ്രം അനുമതി നൽകിയില്ല. 2020 മാർച്ചിൽ ബി.എസ്​.എൻ.എൽ ഒരു ലക്ഷം ബി.ടി.എസ്​ വാങ്ങാൻ ടെൻഡർ ക്ഷണിച്ചെങ്കിലും നോക്കിയ, എറിക്സൺ, സാംസങ്​ തുടങ്ങി അന്താരാഷ്ട്ര കമ്പനികളിൽനിന്ന്​ ആഗോള ടെൻഡറിലൂടെ ഉപകരണങ്ങൾ വാങ്ങുന്നത്​ ടെലികോം മന്ത്രാലയം തടഞ്ഞു. ‘ആത്മനിർഭർ ഭാരതി’ൽ ഉൾപ്പെടുത്തി ഇന്ത്യൻ കമ്പനികളിൽനിന്ന്​ വാങ്ങണമെന്നായിരുന്നു നിർദേശം. ഇതാണ്​ ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നതെന്നും​ നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.