പോണ്‍സി ആപ്പുകളെ നിയന്ത്രിക്കാന്‍ റെഗുലേറ്ററി സംവിധാനം

പോണ്‍സി ആപ്പുകളെ നിയന്ത്രിക്കാന്‍ റെഗുലേറ്ററി സംവിധാനം

April 25, 2023 0 By BizNews

ന്യൂഡല്‍ഹി: പോണ്‍സി ആപ്ലിക്കേഷനുകള്‍ക്കെതിരെ നടപടി എടുക്കാന്‍ കേന്ദ്രസര്‍ക്കാറും വിവര സാങ്കേതിക മന്ത്രാലയവും റിസര്‍വ് ബാങ്കും ഒരുമിക്കുന്നു. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഞായറാഴ്ച അറിയിച്ചതാണിത്. കുറഞ്ഞ റിസ്‌ക്കും ഉയര്‍ന്ന വരുമാനവും വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് ആപ്പുകളാണ് പോണ്‍സി ആപ്പുകള്‍.

പോന്‍സി സ്‌ക്കീം സൂത്രധാരന്മാരുടെ പ്രധാന ലക്ഷ്യമാണ് ക്രിപ്റ്റോ. പുതിയ നിക്ഷേപകരില്‍ നിന്ന് ശേഖരിച്ച ഫണ്ടുകള്‍ ഉപയോഗിച്ച് നിലവിലുള്ള നിക്ഷേപകര്‍ക്ക് പണം നല്‍കുന്ന ക്രിപ്റ്റോ നിക്ഷേപ തട്ടിപ്പുകളാണ് ക്രിപ്റ്റോ പോന്‍സി സ്‌കീമുകള്‍.

ഗൂഗിളും ആപ്പിളും ഹോസ്റ്റ് ചെയ്യുന്ന ഇത്തരം ആപ്പുകളെ നീക്കാനുള്ള നടപടി ഉടന്‍ എടുത്തേയ്ക്കും.ഇതിനായി വിവിധ ധനകാര്യ റെഗുലേറ്റര്‍മാരും സംസ്ഥാന, കേന്ദ്ര ഏജന്‍സികളും തമ്മില്‍ തുടര്‍ച്ചയായി വിവരങ്ങള്‍ കൈമാറും. ഫിന്‍ടെക് വ്യവസായം, ക്രിപ്‌റ്റോ സേവന ദാതാക്കള്‍, പരമ്പരാഗത ബാങ്കുകള്‍ ധനകാര്യ കമ്പനികള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു ഒരു ഏകീകൃത റെഗുലേറ്ററി സംവിധാനവും ഏര്‍പ്പെടുത്തും.

അതേസമയം പോണ്‍സി സ്‌ക്കീമുകളെ നിയന്ത്രിക്കുക ശ്രമകരമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ടച്ച്‌സ്‌ക്രീന്‍ മൊബൈല്‍ ഫോണുകളുടെ വ്യാപനം, വിലകുറഞ്ഞ ഇന്റര്‍നെറ്റ് ഡാറ്റ, ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴുള്ള വ്യക്തിഗത വിവരങ്ങള്‍ പങ്കിടല്‍ എന്നീ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ആപ്പുകള്‍ നുഴഞ്ഞുകയറുന്നത്.

മാത്രമല്ല നിയന്ത്രിക്കാനുള്ള നിയമത്തില്‍ പഴുതുകളുമുണ്ട്. ഒരു മന്ത്രാലയത്തിനും റെഗുലേറ്ററിനും ഇക്കാര്യത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്തമില്ല എന്നതാണ് പ്രധാന പോരായ്മ.