ആകാശംതൊട്ട് ബിറ്റ്കോയിൻ; മൂല്യം 94,000 ഡോളറിനു മുകളിൽ
November 20, 2024സിംഗപ്പൂർ: ഡോണൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ കമ്പനി ക്രിപ്റ്റോ ട്രേഡിങ് സ്ഥാപനമായ ‘ബാക്ക്റ്റ്’ ഏറ്റെടുക്കാൻ ചർച്ചകൾ നടത്തുന്നുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ബിറ്റ്കോയിൻ മൂല്യം 94,000 ഡോളറിന് മുകളിൽ റെക്കോഡ് ഉയരത്തിലെത്തി. മറ്റു ക്രിപ്റ്റോ കറൻസികളുടെ മൂല്യവും കുത്തനെ ഉയർന്നിട്ടുണ്ട്.
വരാനിരിക്കുന്ന ട്രംപ് ഭരണകൂടം ക്രിപ്റ്റോ കറൻസി സൗഹൃദ ഭരണമായിരിക്കുമെന്നത് ബിറ്റ്കോയിൻ വ്യാപാര രംഗത്തുള്ളവരുടെ പ്രതീക്ഷകൾ വർധിപ്പിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലുതും അറിയപ്പെടുന്നതുമായ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ ഈ വർഷം ഇരട്ടിയിലധികം മൂല്യ വർധനയാണുണ്ടാക്കിയത്.
നവംബർ അഞ്ചിലെ യു.എസ് തെരഞ്ഞെടുപ്പിനുശേഷം ക്രിപ്റ്റോ കറൻസിയുടെ മൂല്യം കുതിച്ചുയർന്നു. നിയുക്ത പ്രസിഡന്റ് ട്രംപിന്റെ ഡിജിറ്റൽ ആസ്തികൾക്കുള്ള പിന്തുണ കുറഞ്ഞ നിയന്ത്രണ സംവിധാനത്തിലേക്ക് നയിക്കുമെന്നും മാസങ്ങൾക്കുള്ളിൽ ക്രിപ്റ്റോ കറൻസിക്ക് പ്രാധാന്യം കൈവരുമെന്നും ഈ മേഖലയിലുള്ളവർ പ്രതീക്ഷിക്കുന്നു. വർധിച്ചുവരുന്ന ആവേശം ആഗോള ക്രിപ്റ്റോ കറൻസി വിപണി മൂല്യം 3 ട്രില്യൺ ഡോളറിന് മുകളിലുള്ള റെക്കോഡ് ഉയരത്തിലേക്ക് എത്തിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട ഡേറ്റ ചൂണ്ടിക്കാട്ടുന്നു.