ധാരാവി പദ്ധതി 10 ലക്ഷത്തിലധികം ചേരി നിവാസികളുടെ അന്തസ്സ് വീണ്ടെടുക്കലാണ് -ഗൗതം അദാനി
September 5, 2024മുംബൈ: ധാരാവി പുനർവികസന പദ്ധതിയിലൂടെ നഗര നവീകരണം മാത്രമല്ലെന്നും രാജ്യത്തെ 10 ലക്ഷത്തിലധികം വരുന്ന ചേരി നിവാസികളുടെ അന്തസ്സ് വീണ്ടെടുക്കലാണെന്ന് ആദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി. അധ്യാപകദിനത്തിൽ മുംബൈ ജയ്ഹിന്ദ് കോളജ് വിദ്യാർഥികളെ അഭിസംബോധന ചെയ്യവേയാണ് ധാരാവി പുനർവികസന പദ്ധതിയെ കുറിച്ച് അദാനി സംസാരിച്ചത്.
സുസ്ഥിര ജീവിതത്തിന്‍റെ സമാനതകളില്ലാത്ത സാഹചര്യം സൃഷ്ടിക്കുന്നതിനായി അടുത്ത 10 വർഷത്തിനിടെ ലോകത്തിലെ ഏറ്റവും വലിയ ചേരിയെ ഞങ്ങൾ മാറ്റുകയാണ്. തന്നെ സംബന്ധിച്ചിടത്തോളം ധാരാവി നഗര നവീകരണം മാത്രമല്ല, നമ്മുടെ രാജ്യത്തെ 10 ലക്ഷത്തിലധികം വരുന്ന താമസക്കാരുടെ അന്തസ്സ് വീണ്ടെടുക്കൽ കൂടിയാണെന്നും അദാനി പറഞ്ഞു.
വലിയ സ്വപ്നം കാണാനും ലക്ഷ്യബോധത്തോടെ പ്രവർത്തിക്കാനും വിദ്യാർഥികൾ തയാറാകാനുള്ള സാധ്യതകളാണ് ഈ പദ്ധതിയിലൂടെ ചൂണ്ടിക്കാട്ടുന്നതെന്നും അദാനി വ്യക്തമാക്കി.
2.8 ചതുരശ്ര കിലോമീറ്ററിൽ പരന്നു കിടക്കുന്ന, ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയിൽ 23,000 കോടി രൂപ ചെലവിട്ടുള്ള നവീകരണ പ്രവർത്തനങ്ങളുടെ ചുമതല അദാനി ഗ്രൂപ്പിനാണ് മഹാരാഷ്ട്ര സർക്കാർ നൽകിയിട്ടുള്ളത്. അദാനി പ്രൊപ്പർട്ടീസ് ആണ് 5,069 കോടിക്ക് അദാനി പദ്ധതി സ്വന്തമാക്കിയത്.
ധാരാവി പദ്ധതിയുടെ ആദ്യഘട്ടം ഏഴ് വർഷത്തിനുള്ളിൽ പൂർത്തിയാകും. 17 വർഷത്തിനുള്ളിലാണ് പദ്ധതി പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്. ധാരാവിയിൽ പത്ത് ലക്ഷത്തിലധികം ജനങ്ങൾ പാർക്കുന്നുണ്ട്.
നഗരത്തെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളോടെ പുനഃസ്ഥാപിക്കാനാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി, ചേരി നിവാസികളും വാണിജ്യ സ്ഥാപനങ്ങളുള്ളവരുമടക്കം 68,000 പേരെ പുനരധിവസിപ്പിക്കണം.