ഓഹരി വിപണി: ഇന്ന് പ്രത്യേക വ്യാപാരം
May 18, 2024മുംബൈ: അപ്രതീക്ഷിത തടസ്സങ്ങളുണ്ടായാല്‍ തത്സമയം പരിഹരിച്ച് വ്യാപാരം തുടരാന്‍ സഹായിക്കുന്ന ബദൽ സംവിധാനം (ഡിസാസ്റ്റര്‍ റിക്കവറി സൈറ്റ്) പരീക്ഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഓഹരി വിപണിയിൽ ശനിയാഴ്ച പ്രത്യേക വ്യാപാരം നടത്തും. മാര്‍ച്ച് രണ്ടിനും ഇത്തരത്തിൽ പ്രത്യേക വ്യാപാരം സംഘടിപ്പിച്ചിരുന്നു. രാവിലെ 9.15 മുതൽ പത്തുവരെ പ്രാഥമിക സൈറ്റിലും 11.30 മുതല്‍ 12.30 വരെ ഡി.ആർ സൈറ്റിലുമാണ് വ്യാപാരം നടക്കുക.
ഇത് ഇടപാടുകാരെ ബാധിക്കുന്നതല്ല. അവർക്ക് ഈ സമയപരിധിയിൽ സാധാരണ പോലെ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യാം. പരമാവധി വില വ്യതിയാനം അഞ്ച് ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ രണ്ട് ശതമാനം പരിധിയിലുള്ള ഓഹരികൾ അങ്ങനെ തുടരും. വെള്ളിയാഴ്ച വാങ്ങിയ ഓഹരികൾ ശനിയാഴ്ച വിൽക്കാൻ കഴിയില്ല. ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് ശ്രേണിയില്‍ രാവിലെ 9.15 മുതല്‍ 10 വരെ പ്രൈമറി സൈറ്റില്‍ പ്രാരംഭ സെഷനും 11.45 മുതല്‍ 12.40 വരെ ഡി.ആര്‍ സൈറ്റില്‍ രണ്ടാം സെഷനും നടക്കും.