കേരളത്തിൽ വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നു
February 3, 2024 0 By BizNewsതിരുവനന്തപുരം: വേനല്‍ച്ചൂട് കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും കുത്തനെ ഉയരുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് 5,300-5,500 മെഗാവാട്ട് ആവശ്യമായി വരും. വൈദ്യുതി കണക്ഷനുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതും വരും ദിവസങ്ങളില്‍ വലിയ വെല്ലുവിളിയാകും.
കേരളത്തിന് ലഭിക്കുന്ന വൈദ്യുതിയുടെ കേന്ദ്രവിഹിതം 1600 മെഗാവാട്ടാണ്. ഇതിന് പുറമെ വിവിധ കരാറുകളിലൂടെ 1200 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ജലവൈദ്യുതി ഉല്‍പ്പാദനത്തിലൂടെ 1600 മെഗാവാട്ടാണ് കേരളം ഉത്പാദിപ്പിക്കുന്നത്. മൊത്തം 4,400 മെഗാവാട്ട് വൈദ്യുതി മാത്രമാണ് കേരളത്തിനുള്ളത്.
ഉപഭോഗ നിരക്ക് വര്‍ധിക്കുന്നതോടെ മറ്റ് കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങേണ്ടി വരും. ഇത് വൈദ്യുതി ചാര്‍ജുകള്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കും.
ചൂട് കടുത്തതോടെ എയര്‍ കണ്ടീഷണറുകളുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗം മൊത്തത്തിലുള്ള വൈദ്യുതി ഉപഭോഗത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.
രാത്രി മുഴുവന്‍ എയര്‍കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് അമിതമായ വൈദ്യുതി ഉപഭോഗത്തിലേക്ക് നയിക്കുന്നു.
രാജ്യത്ത് ഒരു വര്‍ഷം ശരാശരി 50 ലക്ഷം എസികള്‍ വിറ്റഴിക്കുമ്പോള്‍ 3.5 ലക്ഷം എസികളും വില്‍ക്കുന്നത് കേരളത്തിലാണ്. സംസ്ഥാനത്ത് എയര്‍കണ്ടീഷണറുകളുടെ വാര്‍ഷിക ബിസിനസ് ഏകദേശം 1,000-1,200 കോടി രൂപയാണ്”