നിഫ്റ്റി റെക്കോഡ് ഉയരത്തിൽ; സെൻസെക്സിനും വൻ നേട്ടം
February 2, 2024മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ വീണ്ടും റെക്കോഡ് നേട്ടത്തിൽ. റിലയൻസ് ഇൻഡസ്ട്രീസ്, ഐ.ടി ഓാഹരികളിലെ ശക്തമായ വാങ്ങൽ താൽപര്യമാണ് സൂചികകളെ മികച്ച നേട്ടത്തിലേക്ക് ഉയർത്തിയത്. ദേശീയ സൂചിക നിഫ്റ്റിയിൽ റെക്കോഡ് ഉയരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 21,126.80 പോയിന്റിലാണ് നിഫ്റ്റിയുടെ വ്യാപാരം. ബോംബെ സൂചിക സെൻസെക്സ് 1400 പോയിന്റ് നേട്ടത്തിലാണ്.
അദാനി പോർട്സ്, ബി.പി.സി.എൽ, ഐ.സി.ഐ.സി.ഐ ബാങ്ക്, കോൾ ഇന്ത്യ, ഹീറോ മോട്ടോ കോർപ്പ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ കമ്പനികൾ. ഐഷർ മോട്ടോഴ്സ്, ലാർസൻ & ടുർബോ, മാരുതി സുസുക്കി, പവർ ഗ്രിഡ് എന്നീ ഓഹരികൾക്കാണ് നഷ്ടമുണ്ടായത്.
നിഫ്റ്റി ബാങ്ക് ഇൻഡക്സ് ഒരു ശതമാനം നേട്ടത്തോടെ 46,680ലാണ് വ്യാപാരം. ഐ.സി.ഐ.സി.ഐ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയാണ് നേട്ടം രേഖപ്പെടുത്തിയത്. കൺസ്യൂമർ ഡ്യൂറബിൾ ഒഴികെ നിഫ്റ്റിയിലെ മറ്റ് ഇൻഡക്സുകളെല്ലാം നേട്ടത്തിലാണ്. ഐ.ടി ഇൻഡക്സ് 1.43 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. പി.എസ്.യു ബാങ്ക് ഇൻഡക്സും നേട്ടത്തിലാണ്.
പേടിഎമ്മിന്റെ ഉടമസ്ഥരായ വൺ 97 കമ്യൂണിക്കേഷൻസിന്റെ ഓഹരി വില 20 ശതമാനം കൂടി ഇടിഞ്ഞു. 487 രൂപയിലാണ് ബി.എസ്.ഇയിൽ ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. പേടിഎം പേയ്മെന്റ് ബാങ്കിന് ആർ.ബി.ഐ വിലക്ക് വന്നതോടെയാണ് ഓഹരിയുടെ വില വൻതോതിൽ ഇടിഞ്ഞത്.