സ്വർണ്ണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു
May 23, 2024കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ്. സ്വർണ്ണവില ഗ്രാമിന് 100 രൂപ കുറഞ്ഞ് 6730 രൂപയായി. പവന് 800 രൂപയുടെ കുറവാണുണ്ടായത്. പവന്റെ വില 53840 രൂപയായാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 90 രൂപ കുറഞ്ഞ് 5600 രൂപയിൽ എത്തി.
24 കാരറ്റിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 2370 ഡോളറു൦ രൂപയുടെ വിനിമയ നിരക്ക് 83.26 ആണ്. വെള്ളി വില 97 രൂപയായി. 32 ഡോളറിന് അടുത്ത് വരെ പോയ വെള്ളി വില ഇപ്പോൾ 30.50 ഡോളറിലാണ് ആണ്.
പ്രതീക്ഷിച്ച പോലെ പണപ്പെരുപ്പം കുറയാത്തതിനാലും, ഏപ്രിൽ മാസത്തെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലും തൽക്കാലത്തേക്ക് പലിശനിരക്ക് കുറക്കില്ലെന്ന സൂചനകൾ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് നൽകിയിരുന്നു. നിരക്ക് വീണ്ടും വർധിപ്പിക്കണമെന്നായിരുന്നു ചില അംഗങ്ങളുടെ അഭിപ്രായം. തിരഞ്ഞെടുപ്പ് വർഷമായതിനാൽ ഡോളർ ദുർബലമാകുന്നതിനോട് യു.എസ് സർക്കാർ താൽപര്യപ്പെടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഇത് സ്വർണ്ണവില കുറയുന്നതിന് ഇടയാക്കി.
ഇംഗ്ലീഷ് പൗണ്ടു യു.എസ് ഡോളർ സൂചികയും ഉയർന്നത് സ്വർണ്ണവില കുറയുന്നതിന് കാരണമായി. നോർവേ,അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിച്ചത് സ്വർണ്ണവില കുറയുന്നതിന് മറ്റൊരു കാരണമായി.