വരുന്നു, ടി+0 സെറ്റിൽമെന്റ്

വരുന്നു, ടി+0 സെറ്റിൽമെന്റ്

March 25, 2024 0 By BizNews

ഇന്ന് വിൽക്കുന്ന ഓഹരിയുടെ പണം ഇന്നുതന്നെ ലഭ്യമാകുന്ന ട്രേഡ് +0 സെറ്റിൽമെന്റ് നടപ്പാക്കാൻ ഒരുങ്ങുകയാണ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). തിരഞ്ഞെടുത്ത 25 ഓഹരികൾക്കും ഏതാനും ഓഹരി ബ്രോക്കർമാർക്കും മാത്രമായി പരീക്ഷണാടിസ്ഥാനത്തിൽ മാർച്ച് 28 മുതൽ ബീറ്റ പതിപ്പ് ലഭ്യമാക്കു​​ം. ആറുമാസം നിരീക്ഷിച്ച ശേഷം വിജയകരമെന്ന് കണ്ടാൽ വിപുലപ്പെടുത്തും.

2002നുമുമ്പ് അന്ന് വിറ്റ ഓഹരിയുടെ സെറ്റിൽമെന്റിന് (ഇടപാട് പൂർത്തിയായി പണം ലഭ്യമാവാൻ) അഞ്ചുദിവസം എടുത്തിരുന്നു. ടി+5 സെറ്റിൽമെന്റ് ആണ് നിലനിന്നിരുന്നത് എന്നതാണ് ഇതിന് കാരണം. 2002ൽ ടി+3 ആയി ചുരുക്കിയതോടെ വിറ്റ ഓഹരിയുടെ പണം മൂന്നാം ദിവസം ലഭ്യമായി. 2003ൽ ടി+2 ആയി ചുരുക്കി. നിലവിൽ ഇന്ത്യയിൽ ഫണ്ടുകളുടെയും സെക്യൂരിറ്റികളുടെയും സെറ്റിൽമെന്റ് ടി+1 രീതിയിലാണ് നടക്കുന്നത്. അതായത് വ്യാപാരം നടന്നതിന്റെ പിറ്റേ ദിവസം ഇടപാട് പൂർത്തിയാകും.

2021ൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ടി+1 സെറ്റിൽമെന്റ് 2023 ജനുവരിയിലാണ് പൂർണതോതിലാക്കിയത്. ഇവിടെനിന്നും മുന്നേറി അന്നുതന്നെ ഇടപാട് പൂർത്തിയാകുന്ന രീതിയിൽ ടി+0 നടപ്പാകുമ്പോൾ വലിയ സൗകര്യമാണ് ഓഹരി നിക്ഷേപകർക്ക് ലഭിക്കുന്നത്. ഇടപാട് വേഗത്തിൽ പൂർത്തിയാകുന്നതോടെ പുതിയ ഇടപാട് നടത്താൻ കഴിയുന്നു. മൊത്തം ട്രേഡ്​ വാള്യം വർധിക്കാൻ ഇത് വഴിയൊരുക്കും.

ഫീസിനത്തിൽ ബ്രോക്കർമാരുടെ വരുമാനവും സർക്കാറിന്റെ നികുതി വരുമാനവും വർധിക്കാൻ ഇത് കാരണമാകും. അതേസമയം, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ പുതിയ പരിഷ്‍കാരത്തോട് എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഒരേ ദിവസത്തെ സെറ്റിൽമെന്റ് വിപണിയിലെ പണലഭ്യതയിലും, വ്യാപാര അളവുകളിലും പ്രശ്നമുണ്ടാക്കുമെന്ന ആശങ്കയാണ് അവർ മുന്നോട്ടുവെക്കുന്നത്. വ്യാപാര ചെലവുകൾ വർധിക്കുമെന്ന ആശങ്കയും അവർക്കുണ്ട്. ഇടപാടുകൾ ഗണ്യമായി വർധിക്കുന്നതോടെ വിപണിയിൽ ചാഞ്ചാട്ടം കൂടുതലാകുമെന്ന വിലയിരുത്തൽ വിദഗ്ധർ പങ്കുവെക്കുന്നു. ചില ബ്രോക്കർമാർ ഇപ്പോൾത്തന്നെ ഓഹരി വിറ്റാൽ 70 ശതമാനം വരെ പണം ക്രെഡിറ്റ് പോലെ നൽകുന്നുണ്ട്. അതുപയോഗിച്ച് അടുത്ത ട്രേഡ് നടത്താം. തൽക്കാലം ഇക്വിറ്റി കാഷ് മാർക്കറ്റിൽ നിലവിലുള്ള ടി+1 സെറ്റിൽമെന്റ് അതുപോലെ പ്രവർത്തിക്കും. ടി+0 സെറ്റിൽമെന്റ് വിൻഡോ രാവിലെ 9.15 മുതൽ ഉച്ചക്ക് 1.30 വരെയാണ് പ്രവർത്തിക്കുക.

വിപണിക്ക് ഉണർവേകി ഫെഡ് യോഗം

കഴിഞ്ഞ ബുധനാഴ്ച നടന്ന അമേരിക്കൽ ഫെഡറൽ റിസർവ് യോഗം ആഗോള ഓഹരി വിപണിക്കൊപ്പം ഇന്ത്യൻ വിപണിക്കും ഉണർവേകി. പ്രതീക്ഷിച്ചപോലെ, പലിശനിരക്കിൽ മാറ്റം വരുത്തിയില്ലെങ്കിലും ഈ വര്‍ഷം മൂന്നുതവണ പലിശ കുറക്കുമെന്ന് ഫെഡ് ചെയർമാൻ ജെറോം പവലിന്റെ പ്രതികരണമാണ് കുതിപ്പിന് കാരണമായത്. പണപ്പെരുപ്പം വരുതിയിലായി പലിശ നിരക്ക് കുറച്ചുകൊണ്ടുവരാൻ സമയമായെന്ന ഫെഡ് സമീപനം വിപണികളെ ആഹ്ലാദത്തിലാക്കി. ഇന്ത്യയിൽ കഴിഞ്ഞയാഴ്ച തകർന്ന സ്മാൾകാപ്, മിഡ്കാപ് സൂചിക തിരിച്ചുകയറിയെങ്കിലും ജാഗ്രത തുടരണമെന്ന വിലയിരുത്തലാണ് വിദഗ്ധർ നൽകുന്നത്. സ്ഥിരമായ ട്രെൻഡ് റിവേഴ്സൽ ആണോ അതോ താൽക്കാലിക പുൾബാക്ക് ആണോ ഈ കയറ്റമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. വലിയ മുന്നേറ്റം ഉണ്ടായില്ലെങ്കിലും ഈ അനിശ്ചിത ഘട്ടത്തിൽ ലാർജ് കാപ് ഓഹരികൾ തന്നെയാണ് സുരക്ഷിതം. ഏതാനും മാസം കാത്ത് അനിശ്ചിതത്വം നീങ്ങി വ്യക്തത വന്നശേഷം നല്ല ലാഭം ലക്ഷ്യമാക്കി സ്മാൾ കാപിൽ നിക്ഷേപിക്കാം.

ഈയാഴ്ച മൂന്ന് വ്യാപാര ദിവസം മാത്രം

ഈയാഴ്ച ഇന്ത്യൻ ഓഹരി വിപണിയിൽ മൂന്ന് പ്രവൃത്തി ദിനം മാത്രമാണ് ഉണ്ടാവുക. തിങ്കളാഴ്ച ഹോളി, മാർച്ച് 29ന് ദുഃഖവെള്ളി പ്രമാണിച്ച് അവധിയാകും.