400 കിലോമീറ്റര്‍ ഓടുന്ന ഔഡി ഇ-ട്രോണിന്റെ പ്രീ ബുക്കിങ് 10,000 കടന്നു
September 29, 2018ഔഡിയുടെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് കാറായ ഇ-ട്രോണിനുള്ള പ്രീ ബുക്കിങ് 10,000 യൂണിറ്റ് പിന്നിട്ടതായി കമ്പനി അറിയിച്ചു. നിലവില്‍ പ്രൊഡക്ഷന്‍ ആരംഭിച്ച ഇ-ട്രോണ്‍ ഈ വര്‍ഷം അവസാനത്തോടെ യൂറോപ്പിലെ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങും. സെപ്റ്റംബര്‍ 18-ന് സാന്‍ ഫ്രാന്‍സിസ്ക്കോയില്‍ നടന്ന 2018 ഔഡി ഗ്ലോബല്‍ സമ്മിറ്റിലാണ് ഇ-ട്രോണ്‍ പുറത്തിറക്കിയത്. 2019 അവസാനത്തോടെ ഇ-ട്രോണ്‍ ഇന്ത്യയിലുമെത്തും.
79,000 യൂറോയാണ് (66.92 ലക്ഷം രൂപ) ഇ-ട്രോണിന്റെ വില. ഔഡിയുടെ പരമ്പരാഗത കരുത്തന് രൂപം ഇ-ട്രോണും അതേപടി കാത്തുസൂക്ഷിച്ചിട്ടുണ്ട്. ആക്ടീവ് ഫ്ളാപ്പ്സോടുകൂടിയ ഒക്ടഗണല്‍ ഗ്രില്‍ ഇ-ട്രോണിനെ വ്യത്യസ്തമാക്കും. 95kWh ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഇ-ട്രോണിന്റെ ശക്തി സ്രോതസ്. മുന്നിലുള്ള 125 kW മോട്ടോറും പിന്നിലുള്ള 140 kW മോട്ടോറുകൂടി ചേര്‍ന്ന് 355 ബിഎച്ച്പി പവറും 561 എന്‍എം ടോര്‍ക്കുമേകും. അതേസമയം ബൂസ്റ്റ് മോഡില്‍ ഒരുപടി കൂടി കടന്ന് 408 ബിഎച്ച്പി പവറും ലഭിക്കും.
5 സീറ്റര്‍ ഇ-ട്രോണിന് ഒറ്റചാര്‍ജില്‍ 400 കിലോമീറ്റര്‍ ദൂരം പിന്നിടാനും സാധിക്കും. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗത. 6.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാം. ബുസ്റ്റ് മോഡില്‍ ഈ വേഗത്തിലെത്താന്‍ 5.7 സെക്കന്‍ഡ് മതി. ഫോക്സ്വാഗണ് വിഷന്‍ ഇ-കണ്‍സെപ്റ്റിന് സമാനമായി ഇ-ട്രോണിനും കണ്ണാടികളില്ല. ചുറ്റുമുളളതെല്ലാം ക്യാമറകള്‍ അകത്തളത്തെ സ്ക്രീനില്‍ ദൃശ്യമാക്കും. എന്നാല്‍ യൂറോപ്യന്‍ വിപണിയില്‍ മാത്രമേ ഈ ഫീച്ചര്‍ ലഭ്യക്കു. ഇന്ത്യയിലെത്തുമ്പോള്‍ പരമ്പരാഗത കണ്ണാടി തന്നെ തുടരും. ഇ-ട്രോണില്‍ 660 ലിറ്ററാണ് ബൂട്ട് സ്പേസ് കപ്പാസിറ്റി. ഇതിന് പുറമെ, 60 ലിറ്റര്‍ സ്ഥലം മുന്നിലും നല്‍കിയിട്ടുണ്ട്. ടൂളുകളും ചാര്‍ജിങ് കിറ്റും ഫസ്റ്റ് എയ്ഡ് കിറ്റുമെല്ലാം ഇവിടെയാണ് സൂക്ഷിക്കുന്നത്.