ശ്രീലങ്കയിലെ 3 വിമാനത്താവളങ്ങൾ സ്വന്തമാക്കാൻ അദാനി
February 12, 2024 0 By BizNewsമുംബൈ: ശതകോടീശ്വരന് ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് ശ്രീലങ്കയിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളുടെ ഓപ്പറേഷൻ കരാർ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നു.
കൊളംബോ ബന്ധാരനായികെ ഇൻ്റർനാഷണൽ എയർപോർട്ട്, തലസ്ഥാനത്ത് തന്നെയുള്ള രത്മലാന വിമാനത്താവളം, ഹബൻതോട്ടയിലെ മട്ടാല രജപക്സെ വിമാനത്താവളം എന്നിവ സ്വന്തമാക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്.
ശ്രീലങ്കയുടെ കവാടം എന്നാണ് ബന്ധാരനായികെ വിമാനത്താവളം അറിയപ്പെടുന്നത്. തുറമുഖ നഗരമാണ് ഹസൻതോട്ട. മൂന്ന് വിമാനത്താവളങ്ങളും ഭൂമിശാസ്ത്രപരമായി നിർണായകമാണ്. അദാനി ഗ്രൂപ്പുമായുള്ള ചർച്ചകൾ ശ്രീലങ്കൻ സർക്കാർ സ്ഥിരീകരിച്ചു.
കൊടിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ശ്രീലങ്ക. കോവിഡിനന്തരം രൂക്ഷമായ ആ പ്രതിസന്ധി ഇന്ത്യയുടെ പ്രത്യക്ഷ സഹായത്തോടെയാണ് ശ്രീലങ്ക മറികടക്കുന്നത്. ചൈനയുടെ സ്വാധീനത്തിലായിരുന്നു അതുവരെ ശ്രീലങ്ക മുന്നോട്ട് പോയത്.
വലിയ സാമ്പത്തിക ആശ്രയത്വം അവരെ കുഴപ്പത്തിലാക്കി. സാമ്പത്തിക അരാജകത്വം വരെ രാജ്യത്തുണ്ടായി. ശ്രീലങ്കയുടെ ശക്തി സ്രോതസുകളിലൊന്നായ ടുറിസത്തിൽ അവർ തിരിച്ചു വരികയാണ്. വലിയ പ്രചാരണം നടത്തി ടൂറിസ്റ്റുകള കൂടുതലായി ആകർഷിച്ചു.
2023 ൽ 15 ലക്ഷത്തിനടുത്ത് വിദേശ സഞ്ചാരികളെത്തി. നിക്ഷേപകരും ശ്രീലങ്കൻ ടൂറിസത്തിൽ തല്പരരായി കാണുന്നു.
വ്യോമയാന രംഗത്തേക്ക് അദാനി നോട്ടമിട്ടിരിക്കുന്നത് പ്രധാനമായും ടൂറിസം സാധ്യതകൾ മുൻനിറുത്തിയാണ്.
ടൂറിസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൻ്റെ ഭാഗമായി വിമാനത്താവളങ്ങൾ ആധുനീകരിക്കണമെന്ന താല്പര്യം സർക്കാരിനുമുണ്ട്.
ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് ടെര്മിനല് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് അദാനി ഗ്രൂപ്പ്. അമേരിക്കയിലെ ഒരു ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് അവർ ഇതിനായി വായ്പയും എടുത്തിരുന്നു.
ശ്രീലങ്കയിലെ വിമാനത്താവളങ്ങളിലും, തുറമുഖത്തും സ്വാധീനം ഉറപ്പിക്കുന്നതിലൂടെ അദാനി ഗ്രൂപ്പ് മേഖലയിലെ ശക്തിദുർഗമായി മാറും.