മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി; ഏഷ്യയിലെ സമ്പന്നരിൽ ഒന്നാമത്

മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി; ഏഷ്യയിലെ സമ്പന്നരിൽ ഒന്നാമത്

January 5, 2024 0 By BizNews

മുംബൈ: അതിസമ്പന്നരുടെ പട്ടികയിൽ ഒരിക്കൽ കൂടി മുകേഷ് അംബാനിയെ മറികടന്ന ഗൗതം അദാനി. ഇതോടെ ഏഷ്യയിലെ സമ്പന്നരുടെ പട്ടികയിൽ അദാനി ഒന്നാമതെത്തി. ബ്ലുംബർഗിന്റെ ബില്ല്യണയേഴ്സ് ഇൻഡക്സ് പ്രകാരം അദാനിയുടെ നിലവിലെ ആസ്തി 97.6 ബില്യൺ ഡോളറാണ്. അംബാനിക്ക് 97 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഉള്ളത്. ഇരുവരുടേയും സമ്പത്ത് തമ്മിലെ അന്തരം 600 മില്യൺ ഡോളറാണ്.

അദാനി കമ്പനികളുടെ ഓഹരി വില വൻതോതിൽ ഉയർന്നതാണ് ഗൗതം അദാനിക്ക് ഗുണകരമായത്. ഹിൻഡൻബർഗ് ഉയർത്തിയ ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ ബുധനാഴ്ച സുപ്രീംകോടതി തള്ളിയത് ഗൗതം അദാനിക്ക് ഗുണകരമായിരുന്നു. ഇതിന് പിന്നാലെ വലിയ നേട്ടം അദാനി ഓഹരികൾ ഉണ്ടാക്കിയിരുന്നു. സുപ്രീംകോടതി വിധിക്ക് അദാനി കമ്പനികളുടെ ഓഹരി വില 18 ശതമാനം വരെ ഉയർന്നിരുന്നു.

ഗൗതം അദാനിയും മുകേഷ് അംബാനിയും കഴിഞ്ഞാൽ ഷാപൂർ മിസ്ട്രിയാണ് ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ മൂന്നാമതുള്ളത്. 34.6 ബില്യൺ ഡോളറാണ് മിസ്ട്രിയുടെ ആസ്തി. 33 ബില്യൺ ഡോളർ ആസ്തിയുമായി ശിവ്നാടാർ നാലാമതുണ്ട്. 25.7 ബില്യൺ ഡോളർ ആസ്തിയുമായി അസിം പ്രേംജിയാണ് അഞ്ചാമത്.

അതേസമയം, ആഗോള സമ്പന്നരുടെ പട്ടികയിൽ ഇലോൺ മസ്കാണ് ഒന്നാമത്. 220 ബില്യൺ ഡോളറാണ് മസ്കിന്റെ ആസ്തി. 169 ബില്യൺ ഡോളർ ആസ്തിയോടെ ജെഫ് ​ബെസോസ് രണ്ടാമതുണ്ട്. ബെർണാർ അർണോൾട്ട് ബിൽഗേറ്റ്സ് എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.