തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം ഞെട്ടിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഒരു കുഞ്ഞിനോട് ഇത്രയും ക്രൂരത കാണിച്ചവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഒരു ദയയും അക്കാര്യത്തിൽ ഉണ്ടാവില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
അതേസമയം, ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛന്റെ കുടുംബത്തിനെതിരെ ആരോപണവുമായി അർഷിദിന്റെ മുത്തശ്ശി ഷീന. അഷ്ക്കറിന്റെ മാതാവിനെയും സഹോദരിയും ചോദ്യം ചെയ്യണമെന്ന് മുത്തശ്ശി ഷീന ആവശ്യപ്പെട്ടു. കുട്ടിയെ കൊന്ന് വീട്ടിലെ തെളിവുകൾ നശിപ്പിച്ചത് അഷ്ക്കറിന്റെ മാതാവും സഹോദരിയുമാണെന്നും ഇരുവരും ചേർന്ന് കുട്ടിയുടെ കൈയിലെ പ്ലാസ്റ്റർ കത്തിച്ചാണ് തെളിവുകൾ നശിപ്പിച്ചതെന്നും ഷീന ആരോപിച്ചു. ഇരുവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ചോദ്യം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
അർഷിദിന്റെ കൊലപാതകത്തിൽ അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് നെടുമങ്ങാട് പൊലീസ്. റിമാൻഡിലുള്ള അമ്മ അഖിലയെയും അഷ്കറിനെയും കസ്റ്റഡിയിൽ ലഭിക്കുന്നതിനായി നാളെ കോടതിൽ കസ്റ്റഡി അപേക്ഷ നൽകും. അമ്മ അഖിലയും കുഞ്ഞിനെ മർദിച്ചിരുന്നോയെന്ന സംശയവും പൊലീസിനുണ്ട്. ഇരുവരെയും കസ്റ്റഡിയിൽ ലഭിച്ചാൽ മാത്രമേ മൊഴികളിലെ വൈരുധ്യങ്ങൾ, കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ സാധിക്കുക.
അർഷിദിന്റെ കൊലപാതകത്തിൽ രണ്ടാനച്ഛൻ അഷ്കർ പൊലീസിനോട് കുറ്റം സമ്മതിച്ചിരുന്നു. സംഭവദിവസം ചോറു കൊടുക്കുന്നതിനിടെ നിർത്താതെ കരഞ്ഞതിനെ തുടർന്ന് തലയിൽ ശക്തമായി അടിച്ചുവെന്നാണ് അഷ്കറിന്റെ മൊഴി. അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും പ്രതി പൊലീസിനോട് പറഞ്ഞു. വെള്ളിയാഴ്ചയാണ് ഒന്നരവയസുകാരൻ അർഷിത് മരിച്ചത്. അർഷിതിന്റെ അമ്മ അഖിലയെയും കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്റെയും അഖിലയുടെയും സ്വൈര്യ ജീവിതത്തിന് തടസ്സമാകുമെന്ന് കണ്ട് കുട്ടിയെ ഒഴിവാക്കാൻ മൂന്നുമാസം മുമ്പ് തീരുമാനിച്ചിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.




