ചൈനക്ക് ആശ്വാസം; ജി.ഡി.പി വളർച്ചയിൽ പ്രതീക്ഷിച്ചതിലും നേട്ടം

ചൈനക്ക് ആശ്വാസം; ജി.ഡി.പി വളർച്ചയിൽ പ്രതീക്ഷിച്ചതിലും നേട്ടം

April 16, 2024 0 By BizNews

ബീജിങ്: ചൈനീസ് സർക്കാറിന് ആശ്വാസമായി ജി.ഡി.പി സംബന്ധിച്ച കണക്കുകൾ. 2024 വർഷത്തിന്റെ ആദ്യപാദത്തിൽ ​ജി.ഡി.പി വളർച്ചയിൽ പ്രതീക്ഷിച്ചതിലും നേട്ടം ചൈനയുണ്ടാക്കി. പ്രൊപ്പർട്ടി സെക്ടറിലെ പ്രതിസന്ധിയും പ്രാദേശിക ഭരണകൂടങ്ങളുടെ കടം വർധിക്കുന്നതും ചൈനക്ക് വെല്ലുവിളിയായിരുന്നു. ഇതിനിടെയാണ് ജി.ഡി.പി സംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത് വരുന്നത്.

2024ൽ അഞ്ച് ശതമാനം ജി.ഡി.പി വളർച്ച കൈവരിക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം. കഴിഞ്ഞ വർഷം 5.2 ശതമാനം വളർച്ചയാണ് ചൈനക്കുണ്ടായത്. എന്നാൽ, സമ്പദ്‍വ്യവസ്ഥയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ മൂലം ഇക്കുറി ജി.ഡി.പി വളർച്ച കുറയുമെന്നായിരുന്നു ചൈനയുടെ അനുമാനം.

ജനുവരി മുതൽ മാർച്ച് വരെയുള്ള ആദ്യപാദത്തിൽ 5.3 ശതമാനം വളർച്ചയാണ് ചൈനക്കുണ്ടായത്. വിപണി വിദഗ്ധരുടെ പ്രതീക്ഷകൾക്കും അപ്പുറത്തെ വളർച്ചാനിരക്ക് ചൈന കൈവരിച്ചു. ​ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനക്ക് കോവിഡിന് ശേഷം പഴയ വളർച്ചാനിരക്കിലേക്ക് എത്താൻ സാധിച്ചിരുന്നില്ല. പ്രൊപ്പർട്ടി മേഖലയിലെ തിരിച്ചടിയും പ്രാദേശിക സർക്കാറിന്റെ കടം കൂടിയതും ചൈനക്ക് വെല്ലുവിളിയാവുകയായിരുന്നു.

നേരത്തെ റേറ്റിങ് ഏജൻസിയായ ഫിച്ച് ചൈനയുടെ ക്രെഡിറ്റ് റേറ്റിങ് നെഗറ്റീവായി കുറച്ചിരുന്നു. അടിസ്ഥാന സൗകര്യ വികസനമേഖലയിലും വൻകിട നിർമാണത്തിനുമായി ചൈനീസ് സർക്കാർ കൂടുതൽ പണം മുടക്കുന്നതാണ് റേറ്റിങ് കുറക്കുന്നതിന് ഇടയാക്കിയത്. ചൈനയുടെ ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉൾപ്പടെ കുറഞ്ഞിട്ടുണ്ട്.