ജപ്പാനിലും ബ്രിട്ടനിലും സാമ്പത്തിക മാന്ദ്യം

ജപ്പാനിലും ബ്രിട്ടനിലും സാമ്പത്തിക മാന്ദ്യം

February 15, 2024 0 By BizNews

ടോക്യോ: സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലേക്കുവീണ് ജപ്പാനും ബ്രിട്ടനും. ഒക്ടോബർ -ഡിസംബർ പാദത്തിൽ ജപ്പാന്റെ ജി.ഡി.പിയിൽ 0.4 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതിനുമുമ്പ് 3.3 ശതമാനത്തിന്റെ ഇടിവാണ് ജി.ഡി.പിയിൽ ഉണ്ടായത്.

ബ്രിട്ടനിൽ 2023 അവസാനപാദത്തിൽ ജി.ഡി.പിയിൽ 0.3 ശതമാനത്തിന്റെ കുറവുണ്ടായി. തൊട്ടുമുമ്പത്തെ പാദത്തിൽ 0.1 ശതമാനമാണ് കുറഞ്ഞത്. തുടർച്ചയായ രണ്ട് പാദങ്ങളിൽ ജി.ഡി.പിയിൽ ഇടിവുണ്ടായാലാണ് സാങ്കേതികമായി സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലാണെന്ന് പറയുക. ജനുവരി-മാർച്ച് മാസങ്ങളിൽ വീണ്ടും ഇടിവുണ്ടാകുമെന്നാണ് പ്രവചനം. ആഗോള സമ്പദ്‍വ്യവസ്ഥയിലെ വളർച്ചക്കുറവിനൊപ്പം ആഭ്യന്തര വിപണിയിലെ ആവശ്യകതയിലുണ്ടാവുന്ന ഇടിവുമാണ് തിരിച്ചടിയായത്. കഴിഞ്ഞ വർഷം ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയെന്ന പദവി ജപ്പാന് നഷ്ടമായിരുന്നു.

ജർമനിയാണ് ജപ്പാനെ പിന്തള്ളിയത്. രണ്ടുവർഷമായി ക്ഷീണത്തിലുള്ള ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ 2024ൽ മെച്ചപ്പെടുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിലയിരുത്തൽ. ബ്രിട്ടൻ പൊതു ചെലവ് വെട്ടിക്കുറക്കാൻ ആലോചിക്കുന്നതായി ധനമന്ത്രി ജെറമി ഹണ്ട് സൂചന നൽകി. ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന ബ്രിട്ടനിൽ സാമ്പത്തിക മാന്ദ്യം ഋഷി സുനക് ഭരണകൂടത്തിന് കനത്ത വെല്ലുവിളിയാകും.