ഹിൻഡൻബർഗല്ല, യു.എസിലെ കേസ്​; ഇക്കുറി അദാനി വിയർക്കും

ഹിൻഡൻബർഗല്ല, യു.എസിലെ കേസ്​; ഇക്കുറി അദാനി വിയർക്കും

November 22, 2024 0 By BizNews

ഹിൻഡൻബർഗ് തുറന്നുവിട്ട ഭൂതം അദാനിയെ വിഴുങ്ങുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ ഇന്ത്യയിലും ലോകത്തെ വിവിധ രാജ്യങ്ങളിലും ആഴത്തിൽ വേരുന്നിയ അദാനിയുടെ വ്യവസായ സാമ്രാജ്യത്തെ വീഴ്ത്താൻ ഷോർട്ട് സെല്ലറായ ഹിൻഡൻബർഗിന് സാധിച്ചില്ലെന്ന് മാത്രമല്ല, പ്രതിസന്ധിയിൽ നിന്നും അവർ കരകയറുകയും ചെയ്തു. ഒരിക്കൽ കൂടി അദാനി സംശയനിഴലിലാണ്. ഇക്കുറി മോദിയുടെ വിശ്വസ്തനെ വീഴ്ത്താൻ യു.എസിലെ കേസിന് കഴിയുമോ. ഇന്ത്യൻ വ്യവസായ ലോകത്ത് അദ്ഭുത വളർച്ച നേടി​യെ വ്യവസായിയുടെ തിരിച്ചിറക്കമാകുമോ കേസ്.

ഇന്ത്യക്ക് പുറത്താണ് കേസെടുത്തത് എന്നതാണ് ഇക്കുറി അദാനിയുടെ തിരിച്ചടിയുടെ ആഴം കൂട്ടുന്നത്. ഇത് അദാനിയുടെ വിശ്വാസനഷ്ടത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നുണ്ട്. കെനിയയെ പോലുള്ള രാജ്യങ്ങൾ കരാറുകളിൽ നിന്നും പിന്മാറിയത് ഇതിന്റെ തെളിവാണ്. അദാനി ഗ്രൂപ്പിലെ പ്രധാന നിക്ഷേപകരിലൊന്ന് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കമ്പനിയെ വിശ്വാസത്തിലെടുക്കാത്തതും വലിയ തിരിച്ചടിയാണ് ഗൗതം അദാനിക്ക് നൽകുന്നത്.

എന്നാൽ, വിശ്വാസനഷ്ടത്തിനപ്പുറം നിയമവഴിയിൽ അദാനി എന്തൊക്കെ വെല്ലുവിളികൾ നേരിടുന്നുമെന്നതാണ് ഉയരുന്ന ചോദ്യം. നിയമവഴിയിൽ അദാനിക്ക് മുന്നിൽ മൂന്ന് വഴികളാണ് ഉള്ളതെന്ന് വിദഗ്ധർ പറയുന്നു. കരാറുകളിലൂടെ കേസ് തീർപ്പാക്കുക, പിഴയടക്കുക, അപ്പീൽ സമർപ്പിക്കുക എന്നീ മൂന്ന് വഴികളാണ് വ്യവസായിക്കുള്ളത്. ഫോറിൻ കറപ്ട് പ്രാക്ടീസ് ആക്ട് പ്രകാരം കരാറുകളിലൂടെ കേസ് തീർപ്പാക്കാൻ സാധിക്കും. ഇതിനൊപ്പം തെറ്റ് അംഗീകരിച്ച് പിഴയടക്കാം. ഇങ്ങനെ പിഴയടക്കുമ്പോൾ യു.എസ് അധികൃതർ നിർദേശിക്കുന്ന മാറ്റങ്ങൾ കേസുമായി ബന്ധപ്പെട്ട കരാറുകളിൽ അദാനി വരുത്തേണ്ടി വരും. ഇതിനെല്ലാം മുന്നോടിയായി കേസിൽ അപ്പീൽ ഹരജിയും അദാനിക്ക് സമർപ്പിക്കാം.

പിഴയടച്ച് തലയൂരുക എന്ന തന്ത്രം തന്നെയാവും അദാനി പ്രയോഗിക്കുക എന്ന് വിശ്വസിക്കുന്നവരെറേ​യാണ്. അങ്ങനെയെങ്കിൽ ഫെഡറൽ ജഡ്ജിമാർ ചുമത്തുന്ന കനത്ത പിഴ അദാനിക്ക് നൽകണ്ടേി വരും. ജനുവരിയിൽ ഡോണാൾഡ് ട്രംപ് പ്രസിഡന്റായി എത്തുമ്പോൾ കേസിന്റെ ഗതി തന്നെ മാറുമെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. പക്ഷേ മുൻ തവണത്തെ തിരിച്ചടികളിൽ പരസ്യപിന്തുണ ലഭിച്ച ബി.ജെ.പി കേന്ദ്രങ്ങളിൽ നിന്നും ഇത്തവണ അദാനിക്ക് ശബ്ദമുയർന്നിട്ടില്ല. കേസിൽ ഇന്ത്യൻ സർക്കാറിന്റെ ഔദ്യോഗിക പ്രതികരണവും പുറത്ത് വന്നിട്ടില്ല. ഇക്കുറി അദാനി ഒറ്റക്കാണെന്ന് കൂടി തെളിയിക്കുന്നതാണ് യു.എസിലെ കേസ്.

സൗരോർജ പദ്ധതിക്ക് കരാർ ലഭിക്കാൻ ഇന്ത്യൻ സർക്കാറിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്തുവെന്ന് ആരോപിച്ചാണ് യു.എസിൽ‌ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും ഗ്രൂപ്പിലെ മറ്റ് ഉന്നതർക്കുമെതിരെ കേസെടുക്കുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തത്. അദാനിയെ കൂടാതെ മറ്റ് ഏഴ് പേരും കേസിൽ പ്രതികളാണ്. അദാനിയുടെ അടുത്ത ബന്ധു സാഗർ അദാനിയാണ് കേസിലെ മറ്റൊരു പ്രതി. വിവിധ കരാറുകൾ സ്വന്തമാക്കാനായി 265 മില്യൺ ഡോളർ അദാനി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിലൂടെ രണ്ട് ബില്യൺ ഡോളർ ലാഭമുണ്ടാക്കുകയായിരുന്നു അദാനിയുടെ ലക്ഷ്യം.

ഈ അഴിമതി മറച്ചുവെച്ച് ഗൗതം അദാനിയും അദാനി ഗ്രീൻ എനർജിയുടെ മുൻ സി.ഇ.ഒ വനീത് ജയിനും മൂന്ന് ബില്യൺ ഡോളർ വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും സ്വരൂപിച്ചുവെന്നും കേസുണ്ട്. അഴിമതിക്ക് തെളിവായി ചില കോഡ് നാമങ്ങൾ ഫോണിലൂടെ കൈമാറിയതിന്റെ തെളിവുകളുണ്ടെന്നാണ് റിപ്പോർട്ട്.