ടിസിഎസിന് പിന്നാലെ ജീവനക്കാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ വിപ്രോയും

ടിസിഎസിന് പിന്നാലെ ജീവനക്കാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ വിപ്രോയും

Spread the News
ടിസിഎസിന് പിന്നാലെ ജീവനക്കാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ വിപ്രോയും

ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത നിരീക്ഷിക്കുന്നതിനായി പുതിയ സോഫ്റ്റ്വെയര്‍ സംവിധാനം വ്യാപകമാക്കി ഐടി കമ്പനിയായ വിപ്രോ. കമ്പനി നല്‍കിയ ഉപകരണങ്ങളിലെ ലോഗിന്‍ ദൈര്‍ഘ്യവും നിഷ്‌ക്രിയ സമയവും രേഖപ്പെടുത്തുന്ന ‘ടൈംസ്‌കോപ്പ്’ (TimeScope) എന്ന സംവിധാനമാണ് കൂടുതല്‍ ജീവനക്കാരിലേക്ക് വിപുലീകരിക്കുന്നത്.

മേയ് മാസത്തോടെ ഏകദേശം 5,000 ജീവനക്കാര്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ സംവിധാനം ഇപ്പോള്‍ കമ്പനിയുടെ വിവിധ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്തു.

എന്താണ് ടൈംസ്‌കോപ്പ്?
കമ്പനി നല്‍കിയ ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളില്‍ ജീവനക്കാര്‍ എത്രസമയം ലോഗിന്‍ ചെയ്‌തെന്നും എത്രനേരം നിഷ്‌ക്രിയരായിരുന്നെന്നും ടൈംസ്‌കോപ്പ് രേഖപ്പെടുത്തും.

മൈക്രോസോഫ്റ്റ് വേര്‍ഡ്, എക്സല്‍, പവര്‍പോയിന്റ്, ഔട്ട്ലുക്ക്, ഗൂഗിള്‍ ക്രോം തുടങ്ങിയ ജോലി സംബന്ധമായ ആപ്ലിക്കേഷനുകളുടെ ഉപയോഗമാണ് ആക്ടീവ് ടൈം ആയി കണക്കാക്കുന്നത്.
ജീവനക്കാര്‍ക്കും അവരുടെ മാനേജര്‍മാര്‍ക്കും ഡാഷ്ബോര്‍ഡിലൂടെ ഈ വിവരങ്ങള്‍ പരിശോധിക്കാന്‍ സാധിക്കും. എന്നാല്‍ വ്യക്തിഗത മെസേജുകളോ മറ്റ് കാര്യങ്ങളും ഈ സംവിധാനത്തിലൂടെ ട്രാക്ക് ചെയ്യില്ല.

ഒരു പ്രവൃത്തിദിവസത്തില്‍ ലോഗിന്‍ രേഖകളോ മുന്‍കൂട്ടി അംഗീകരിച്ച അവധിയോ ഓഫീസ് പഞ്ചിംഗ് വിവരങ്ങളോ ഇടപാടുകാരെ സന്ദര്‍ശിക്കുന്നതിന്റെ രേഖകളോ ഇല്ലെങ്കില്‍ അവധിയായി രേഖപ്പെടുത്തും. തെറ്റായി അവധി രേഖപ്പെടുത്തിയാല്‍ ജീവനക്കാര്‍ക്ക് അത് ചോദ്യം ചെയ്യാനും തിരുത്തല്‍ ആവശ്യപ്പെടാനും അവസരമുണ്ടാകുമെന്ന് കമ്പനി അയച്ച മെയിലില്‍ പറയുന്നു.

പിന്നില്‍ ചെലവുചുരുക്കല്‍ സമ്മര്‍ദ്ദവും
കോഗ്‌നിസന്റ്, ടിസിഎസ് തുടങ്ങിയ കമ്പനികളില്‍ സമാന നിരീക്ഷണ സംവിധാനങ്ങള്‍ നടപ്പാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വിപ്രോയുടെ നീക്കം. ജീവനക്കാര്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളും അവയില്‍ ചെലവഴിക്കുന്ന സമയവും കണ്ടെത്താന്‍ കഴിയുന്ന സംവിധാനം ടിസിഎസ് വിന്യസിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇടപാടുകാരുടെ മാറുന്ന ആവശ്യങ്ങള്‍, നിര്‍മിതബുദ്ധി ഉപയോഗിച്ചുള്ള കാര്യക്ഷമത വര്‍ധിപ്പിക്കല്‍ തുടങ്ങിയവയാണ് വിപ്രോയുടെ പുതിയ നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ വിപ്രോയുടെ ലാഭത്തില്‍ കുറവുണ്ടായിരുന്നു.

കമ്പനിയുടെ വരുമാനം തുടര്‍ച്ചയായ ഇടിഞ്ഞതോടെയാണ് പുതിയ പരിഷ്‌കാരവുമായി വിപ്രോ രംഗത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *