വരുമാന സ്രോതസുകൾ കൂട്ടാൻ എൻബിഎഫ്‌സികളോട് ആവശ്യപ്പെട്ട് ആർബിഐ ഡെപ്യൂട്ടി ഗവർണർ

വരുമാന സ്രോതസുകൾ കൂട്ടാൻ എൻബിഎഫ്‌സികളോട് ആവശ്യപ്പെട്ട് ആർബിഐ ഡെപ്യൂട്ടി ഗവർണർ

Spread the News
വരുമാന സ്രോതസുകൾ കൂട്ടാൻ എൻബിഎഫ്‌സികളോട് ആവശ്യപ്പെട്ട് ആർബിഐ ഡെപ്യൂട്ടി ഗവർണർ

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും (NBFCs) ഹൗസിംഗ് ഫിനാൻസ് കമ്പനികളും (HFCs) തങ്ങളുടെ ഫണ്ടിംഗ് സ്രോതസുകൾ കൂടുതൽ വൈവിധ്യവത്കരിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഡെപ്യൂട്ടി ഗവർണർ ശിരീഷ് ചന്ദ്ര മുർമു.

മുംബൈയിൽ നടന്ന സി.ഐ.ഐ (CII) ദേശീയ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപണിയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ മൂലമുണ്ടാകുന്ന അപകടസാധ്യതകളും ഒരൊറ്റ ഫണ്ടിംഗ് സ്രോതസിനെ മാത്രം ആശ്രയിക്കുന്ന പ്രവണതയും കുറയ്ക്കാൻ ഇത് അത്യാവശ്യമാണ്.

ശക്തമായ ഒരു ഫണ്ടിംഗ് ഘടന കെട്ടിപ്പടുക്കുന്നതിന് ആഴമുള്ളതും കൂടുതൽ ലിക്വിഡിറ്റിയുള്ളതുമായ കോർപ്പറേറ്റ് ബോണ്ട് വിപണികൾ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ‘സെക്യൂരിറ്റൈസേഷൻ’ (Securitization) വെറുമൊരു ലിക്വിഡിറ്റി ഉപകരണം എന്നതിനപ്പുറം, ശരിയായ സുതാര്യതയോടെ റിസ്ക് കൈമാറ്റം ചെയ്യാനും പുതിയ മൂലധനം കണ്ടെത്താനുമുള്ള മാർഗമായി മാറണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

നിലവിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ എൻബിഎഫ്സികളുടെ പങ്ക് വളരെ വലുതാണ്. ഇവയുടെ വായ്പകൾ രാജ്യത്തിന്റെ നോമിനൽ ജിഡിപിയുടെ 16.7 ശതമാനത്തോളമാണ്. ഇത് കൊമേഴ്സ്യൽ ബാങ്കുകൾ നൽകുന്ന ആകെ വായ്പകളുടെ ഏകദേശം 27 ശതമാനത്തിന് തുല്യമാണ്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും ഡിജിറ്റലൈസേഷനും വരും വർഷങ്ങളിൽ വായ്പാ ആവശ്യങ്ങൾ ഇനിയും വർദ്ധിപ്പിക്കും.

ഗുണനിലവാരം കുറക്കരുത്
ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം സുസ്ഥിരമായ വളർച്ചയ്ക്കായി അഞ്ച് പ്രധാന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

ഗവേണൻസും കോംപ്ലയൻസ് സംസ്കാരവും, ലിക്വിഡിറ്റി മാനേജ്മെന്‍റ്, അസറ്റ് ക്വാളിറ്റിയും ക്രെഡിറ്റ് റിസ്ക് മാനേജ്മെന്‍റും, ഉപഭോക്തൃ സംരക്ഷണവും ഉത്തരവാദിത്തമുള്ള വായ്പകളും, ഡിജിറ്റൽ പരിവർത്തനവും സൈബർ സുരക്ഷയും തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ ഊന്നണം. വളർച്ച ഒരിക്കലും ഗുണനിലവാരം കുറച്ചുകൊണ്ടാകരുത്.

ദ്രുതഗതിയിലുള്ള വായ്പാ വളർച്ച ഉണ്ടാക്കുന്ന റിസ്കുകൾ മുൻകൂട്ടി കാണാൻ കർശനമായ സ്ട്രെസ് ടെസ്റ്റിംഗും എ.ഐ (AI) അധിഷ്ഠിത സംവിധാനങ്ങളും ഉപയോഗിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *