9000 ജീവനക്കാരെ കുറയ്ക്കാനൊരുങ്ങി പോർഷെ

9000 ജീവനക്കാരെ കുറയ്ക്കാനൊരുങ്ങി പോർഷെ

Spread the News

2035-ഓടെ നാലിലൊന്ന് ജോലിക്കാരെ വെട്ടിച്ചുരുക്കാൻ ഒരുങ്ങി ജർമൻ ആഡംബര വാഹന നിർമാതാക്കളായ പോർഷെ. 9000 ജീവനക്കാരെ കുറയ്ക്കാനാണ് പോർഷെ തീരുമാനിച്ചിരിക്കുന്നത്.

വാഹനങ്ങളുടെ കുറഞ്ഞ ഡിമാന്റും വിപണിയിലെ ഉയർന്ന മത്സരവും മൂലം പോർഷെയുടെ മാതൃകമ്പനിയായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് പുനസംഘടിപ്പിക്കാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായാണ് പോർഷെയിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ഒരുങ്ങുന്നത്.

പോർഷെയുടെ അധികൃതരും തൊഴിലാളി നേതാക്കളുമായി നടന്ന ചർച്ചയിൽ നിർബന്ധിത പിരിച്ചുവിടൽ ഒഴിവാക്കി കൊണ്ട് 5000 തൊഴിലാളികളെ കുറയ്ക്കുന്നതിൽ ധാരണയായി.

സ്വാഭാവികമായി വിരമിക്കൽ, സ്വമേധയാ പിരിയുന്നതിനുള്ള നടപടികൾ എന്നിവയിലൂടെയായിരിക്കും തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയെന്നാണ് റിപ്പോർട്ട്. മാസങ്ങൾ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് തൊഴിലാളികളും കമ്പനി പ്രതിനിധികളും ഈ തീരുമാനത്തിലെത്തിയത്.

2025 ഫെബ്രുവരിയിലെ തീരുമാനം അനുസരിച്ച് പിരിച്ചുവിടുന്ന 3900 ജീവനക്കാർക്കും, പോർഷെയുടെ അനുബന്ധ കമ്പനികൾ അടച്ചുപൂട്ടുന്നതിന്റെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെടുന്ന 500 പേർക്കും പുറമെയാണ് ഇപ്പോൾ 5000 ജീവനക്കാരെ കൂടി കുറയ്ക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്. 2024-ന്റെ അവസാനത്തിൽ ഏകദേശം 42,600 ജീവനക്കാരാണ് പോർഷെയിൽ തൊഴിലെടുത്തിരുന്നത്.

പോർഷെയുടെ സുപ്രധാന വിപണികളിൽ ഒന്നായിരുന്ന ചൈനയിൽ ഉണ്ടായിട്ടുള്ള വിൽപ്പന വൻ ഇടിവും കമ്പനിയുടെ ഇലക്ട്രിക് വാഹന പദ്ധതിയിലുണ്ടായ തടസ്സവും കാരണം പോർഷെയുടെ പ്രവർത്തന രീതിയിൽ സമൂലമായ അഴിച്ചുപണി വരുത്തുകയെന്ന ചുമതലയുമായാണ് മൈക്കൽ ലെയ്‌റ്റേഴ്‌സ് ഈ വർഷം ആദ്യം പോർഷെയുടെ സിഇഒ ആയി സ്ഥാനമേൽക്കുന്നത്.

പോർഷെയുടെ വാഹനങ്ങളുടെ വിൽപ്പനയിലുണ്ടായ ഉണ്ടായ കുറവിന് ആനുപാതികമായാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത്. ചൈനീസ് വിപണിയിൽ പോർഷെയ്ക്ക് ഇനി ശക്തമായ ഒരു തിരിച്ചുവരവിനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് തന്നെ ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഈ പിരിച്ചുവിടൽ നടപടി കമ്പനിക്ക് വളരെ അനിവാര്യമാണെന്നാണ് ഓട്ടോമോട്ടീവ് അനലിസ്റ്റായ ഡാനിയൽ ഷ്വാർസ് അഭിപ്രായപ്പെടുന്നത്.

പോർഷെയ്ക്ക് പുറമെ, ആഡംബര വാഹന നിർമാതാക്കളായ മെഴ്‌സിഡീസ് ബെൻസ്, ബിഎംഡബ്ല്യു പോലെയുള്ള കമ്പനികളും ഇത്തരത്തിലുള്ള പല ചിലവ് ചുരുക്കൽ നടപടികളും സ്വീകരിക്കാനൊരുങ്ങുകയാണെന്നാണ് വിവരം.

ഇലക്ട്രിക്കിലേക്കുള്ള മാറ്റത്തിൽ ചൈനീസ് എതിരാളികളുമായി മത്സരിക്കുന്നതും ഉയർന്ന ഇറക്കിമതി തീരുവയുണ്ടാക്കുന്ന ആഘാതത്തെ അതിജീവിക്കുന്നതിനുമായാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *