ഇന്ത്യൻ വിപണിയിൽ കിയയുടെ ജനപ്രിയ എംപിവി ശ്രേണിയായ കാരൻസ് കുടുംബം (ഐസിഇ, ഇവി ഉൾപ്പെടെ) 3 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന പിന്നിട്ട് പുതിയ നാഴികക്കല്ല് സ്വന്തമാക്കി. പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നീ മൂന്ന് പവർട്രെയിൻ ഓപ്ഷനുകളിലായി വിപണിയിലെത്തുന്ന കാരൻസിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
ഏറ്റവും ശ്രദ്ധേയമായ കാര്യം, മൊത്തം വിൽപ്പനയുടെ 60 ശതമാനവും പെട്രോൾ വകഭേദങ്ങളുടേതാണ് എന്നതാണ്.
കിയ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഡീസൽ മോഡലുകൾ മൊത്തം വിൽപ്പനയുടെ 30 ശതമാനം പങ്ക് നേടിയപ്പോൾ, ഇലക്ട്രിക് പതിപ്പുകൾക്ക് 10 ശതമാനം വിഹിതമാണ് ലഭിച്ചത്. ഉയർന്ന വേരിയന്റുകളോടുള്ള ഉപഭോക്താക്കളുടെ താൽപര്യവും ശ്രദ്ധേയമാണ്. ആകെ വിൽപ്പനയുടെ 18 ശതമാനവും ടോപ്പ് വേരിയന്റുകളാണ്.
നേട്ടത്തെക്കുറിച്ച് പ്രതികരിച്ച കിയ ഇന്ത്യയുടെ ചീഫ് സെയിൽസ് ഓഫീസർ സൺഹാക്ക് പാർക്ക്, കാരൻസിന്റെ 3 ലക്ഷം യൂണിറ്റ് വിൽപ്പന എംപിവി വിഭാഗത്തിൽ വാഹനത്തിന്റെ ശക്തമായ സാന്നിധ്യവും ഉപഭോക്താക്കളുടെ വിശ്വാസവും വ്യക്തമാക്കുന്നതാണെന്ന് പറഞ്ഞു. ഉപഭോക്തൃ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കി ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത ഉൽപ്പന്ന തന്ത്രമാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

