പന്തീരാങ്കാവ് ടോൾ പ്ലാസയിൽ 'ഫാസ്റ്റ്ടാഗ്' തട്ടിപ്പ്; യാത്ര ചെയ്യാത്ത വാഹനങ്ങളിൽ നിന്ന് പണം ഈടാക്കുന്നതായി പരാതി

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ‘ഫാസ്റ്റ്ടാഗ്’ തട്ടിപ്പ് !; യാത്ര ചെയ്യാത്ത വാഹനങ്ങളിൽ നിന്ന് പണം ഈടാക്കുന്നതായി പരാതി

Spread the News

കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസ വഴി കടന്നുപോകാത്ത വാഹനങ്ങളുടെ ഫാസ്റ്റ്ടാഗിൽ നിന്ന് പണം ഈടാക്കുന്നതായി വ്യാപക പരാതി. ടോൾ പ്ലാസയുടെ പരിസരത്തുപോലും എത്താത്ത വാഹനങ്ങൾ ടോൾ നൽകിയതായി കാണിച്ച് ഉടമകളുടെ ഫോണിലേക്ക് സന്ദേശങ്ങൾ വരുന്നത് ആശങ്കയാകുന്നു.

മലപ്പുറം മേലാറ്റൂർ സ്വദേശിയായ ഡോക്ടർ മുഹമ്മദ് ഷമീമിനാണ് ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടായത്. ഇദ്ദേഹത്തിന്റെ KL 53 S 14 92 എന്ന ഹോണ്ട കാർ ജൂൺ 16-ന് ഉച്ചയ്ക്ക് 12:45-ന് പന്തീരാങ്കാവ് ടോൾ പ്ലാസയിലൂടെ കടന്നുപോയെന്നും 130 രൂപ ഫാസ്റ്റ്ടാഗിൽ നിന്ന് ഈടാക്കിയെന്നും കാണിച്ചുള്ള സന്ദേശമാണ് ഫോണിലെത്തിയത്. എന്നാൽ, ഈ സമയത്ത് തന്റെ വാഹനം മേലാറ്റൂരിലെ ക്ലിനിക്കിന് സമീപം സുരക്ഷിതമായി പാർക്ക് ചെയ്തിരിക്കുകയായിരുന്നുവെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. താൻ ആ ദിവസം യാതൊരുവിധ യാത്രകളും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ യാത്ര ചെയ്യാത്തപ്പോൾ ടോൾ പിരിച്ചതിനെതിരെ നാഷണൽ ഹൈവേ അതോറിറ്റിക്കും , ഫാസ്റ്റ്ടാഗ് സേവനം നൽകുന്ന ബാങ്കിനും, മേലാറ്റൂർ എസ്.എച്ച്.ഒയ്ക്കും ഡോക്ടർ പരാതി നൽകിയിട്ടുണ്ട്. സമാനമായ അനുഭവം പലർക്കും ഉണ്ടായിട്ടുണ്ടെന്നും, സാങ്കേതിക തകരാറാണോ അതോ ടോൾ പ്ലാസയിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചയാണോ ഇതിന് പിന്നിലെന്ന് വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടോൾ പ്ലാസകളിലെ ഇലക്ട്രോണിക് സംവിധാനങ്ങളിലുണ്ടാകുന്ന ഇത്തരം പിഴവുകൾ സാധാരണക്കാരെ വലിയ സാമ്പത്തിക നഷ്ടത്തിലേക്കും നിയമക്കുരുക്കിലേക്കും തള്ളിയിടുകയാണ്. അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് അന്വേഷണം നടത്തണമെന്നും, തുക തിരികെ ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് വാഹന ഉടമകളുടെ ആവശ്യം. പന്തീരാങ്കാവ് ടോൾ പ്ലാസയിലെ സാങ്കേതിക സംവിധാനങ്ങൾ പരിശോധിക്കണമെന്നും പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *